ഇന്നാണ് തൃശൂരിൽ പുലിയിറക്കം
Monday, September 8, 2025 1:18 PM IST
ആന പൂരം പോലെ പുലിപ്പൂരം
തൃശൂർ പൂരത്തിന് നെറ്റിപ്പട്ടം കെട്ടിയ ആനകൾ അഴകു വിടർത്തുന്ന പൂരക്കാഴ്ചയാകും പോലെ പുലിക്കളി നാളിൽ ആ അഴകേറുന്നത് പുലിമുഖം അണിഞ്ഞ ലക്ഷണമൊത്ത പുലികൾക്കാണ്. തലയെടുപ്പുള്ള കൊമ്പനാണ് പൂരത്തിന് തിടമ്പേറ്റി താരമാകുന്നതെങ്കിൽ കുടവയറൻ തടിയൻ പുലികളാണ് പുലിക്കളിയിലെ താരം.
പുലിക്കളിക്ക് ഇറങ്ങുന്ന ടീമുകൾ നേരത്തെ തന്നെ കുടവയറുള്ള പുലികളെ ബുക്ക് ചെയ്യും. കുടവയറിൽ വരച്ച പുലിയുടെയും സിംഹത്തിന്റേയും ഭാവങ്ങൾ കുടവയർ ചലിപ്പിക്കുമ്പോൾ ഇളകുന്നത് കാണേണ്ട കാഴ്ചയാണ് - ഒരുപക്ഷേ തൃശൂരിൽ മാത്രം കാണാവുന്ന കാഴ്ച..
ഇപ്പോൾ തൃശൂർ എന്ന മഹാ നഗരത്തിലെ ഒമ്പത് മടകളിൽ നിന്ന് ള്ളിപ്പുലികളും കരിമ്പുലികളും വരയൻ പുലികളും മട വിട്ടിറങ്ങാൻ കാത്തുനിൽക്കുകയാണ്. 51 പുലികൾ വീതമാണ് ഒമ്പത് തട്ടകങ്ങളിൽ നിന്നും എത്തുക. ആകെ 400 ൽ പരം പുലികൾ അലറിയാർത്തു തുടങ്ങി.
ഒന്‍പത് ടീമുകളുടെ 18 നിശ്ചലദൃശ്യങ്ങളും ഇന്ന് കാഴ്ചക്കാരെ പതിവുപോലെ വിസ്മയത്തിലാഴ്ത്തും. പുരാണ ഐതിഹ്യങ്ങളിൽ നിന്നുള്ള ഒരു ദൃശ്യവും ഒരു സമകാലിക നിശ്ചലദൃശ്യവുമാണ് ഓരോ ടീമും അത്ഭുതപ്പെടുത്താൻ കൊണ്ടുവരിക.
പുലിക്കളി ദൂരെ നിന്നു പോലും കാണാൻ പാകത്തിൽ സൗകര്യമൊരുക്കുന്ന പുലി വണ്ടിയും ഒപ്പമുണ്ടാകും. ഇന്ന് രാവിലെ മുതൽ എല്ലാ വഴികളും തൃശൂർ നഗരത്തിലേക്കാണ്.
ദേശങ്ങളിലെ പുലിയൊരുക്കങ്ങൾ കാണാൻ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം തടിച്ചു കൂടിയിട്ടുണ്ട്. ആർപ്പുവിളിച്ച് കൈയടികളോടെയാണ് ദേശക്കാർ തങ്ങളുടെ പുലിക്കൂട്ടത്തെ തൃശൂർ നഗരത്തിലേക്ക് പറഞ്ഞു വിടുക.
വിയ്യൂർ യുവജനസംഘം, അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷസമിതി, നായ്ക്കനാൽ പുലിക്കളി സമാജം, പാട്ടുരായ്ക്കൽ ദേശം കായികസാംസ്കാരിക സമിതി, വെളിയന്നൂർ ദേശം, പുലിക്കളി സമാജം, കുട്ടൻകുളങ്ങര എന്നീ ടീമുകളാണ് ഇത്തവണ ശക്തന്റെ തട്ടകത്തേക്ക് മടവിട്ടിറങ്ങുക.
തൃശൂർ നഗരം ഇന്നലെ മുതൽ പുലിക്കളിയുടെ അടങ്ങാത്ത ആവേശത്തിമർപ്പിലാണ്. പുലിക്കൊട്ടിന്റെ അവസാന പരിശീലനം മടകളിൽ മുഴങ്ങുന്നു... ശരീരത്തിൽ അടിച്ച പെയിന്റുകൾ ഉണങ്ങാൻ പുലികൾ കാത്തുനിൽക്കുന്നു...
വയറൻ പുലികളിൽ സിംഹത്തിന്റേയും പുലിയുടെയും ഫിഗറുകൾ പതിയെ പതിയെ വർണ്ണങ്ങളിൽ വിടരുന്നു.. പുലികൾക്കൊപ്പം സെൽഫി എടുക്കാൻ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ തിക്കും തിരക്കും കൂട്ടുന്നു.. നഗരത്തിൽ കണ്ടുമുട്ടുന്നവർ പരസ്പരം പറയുന്നു.. ഹാപ്പി പുലിക്കളി
പെൺ പുലിയെ നയിച്ച വിയ്യൂർ
പുലിക്കളിക്ക് പെണ്പുലികളോ എന്ന് സംശയിച്ച് അത്ഭുതപ്പെട്ടവർക്ക് മുന്നിൽ വിയ്യൂർ ദേശമാണ് ചരിത്രത്തിൽ ആദ്യമായി പെൺപുലികളെ ഇറക്കിയത്.ശക്തന്റെ രാജവീഥികളിലേക്ക് പെണ്‍പുലികള്‍ ചുവടുവെച്ചെത്തിയപ്പോള് ആ കൗതുകം അടുത്തുകാണാന്‍ തിക്കിത്തിരക്കുമേറെയായിരുന്നു.
വിമെന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഗ്രോത്ത് ത്രൂ സ്പോര്‍ട്സ് എന്ന സംഘടനയുടെ ബാനറിലാണ് പെണ്‍പുലികള്‍ എത്തിയത്. മൂന്നു പെണ്‍പുലികളാണ് വിയ്യൂര്‍ ടീമിന്റെ ആണ് പുലികള്ക്കൊപ്പമിറങ്ങിയത്. രാമവര്‍മപുരം കേരള പൊലീസ് അക്കാഡമിയിലെ എഎസ്ഐ വിനയ, മലപ്പുറം പുല്ലംകോട് സ്കൂളിലെ അദ്ധ്യാപിക ദിവ്യ, ഫാഷന്‍ ഡിസൈനറായ കോഴിക്കോട് സ്വദേശിനി സക്കീന എന്നിവരാണ് പുലികളായത്.
പുരുഷന്മാര് മാത്രം പുലിവേഷം കെട്ടുന്ന തൃശൂരിലെ പുലിക്കളിക്ക് മൂന്നു പെണ്ണുങ്ങള് പുലിവേഷം കെട്ടാനെത്തിയപ്പോള് ഇതൊക്കെ നടക്കുമോ എന്നായിരുന്നു മിക്കവരുടേയും സംശയം.ഒരു മടിയും കൂടാതെ ഭംഗിയായി പുലിച്ചുവടുവെച്ച് മൂന്നു പെണ്ണുങ്ങള് നിറഞ്ഞാടിയപ്പോള്‍ പുലിപ്രേമികള്‍ കൊടുത്തു ആ പെണ്പുലിപ്പടക്കൊരു കിണ്ണന്കാച്ചി സെല്യൂട്ട്..
വിയ്യൂര്‍ ടീമിനെ സമീപിച്ച് പുലിക്കളിയില്‍ പങ്കാളികളാക്കാന്‍ പറ്റുമോ എന്ന് ഇവര്‍ ചോദിക്കുകയും അങ്ങിനെ പുലിക്കളി ടീമില്‍ ഇവരെ ഉള്‍പ്പെടുത്തുകയുമായിരുന്നു. പുലിക്കളി സ്ത്രീകളുടേതുകൂടിയാക്കി മാറ്റുകയെന്നതാണ് പുലിക്കളിയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പുലിവേഷം കെട്ടിയ ദിവ്യ പറഞ്ഞിരുന്നു.
ഒന്നും രണ്ടുമല്ല, നാനൂറിലേറെ പുലികൾ, അതും ഒരു ഇട്ടാ വട്ടത്തിൽ... ആ പുലിപ്പടയ്ക്കൊപ്പം പേടിയില്ലാതെ ആഹ്ലാദത്തോടെ ആടിത്തിമർക്കുന്ന പതിനായിരങ്ങൾ.. അതിൽ സ്ത്രീകളും കുട്ടികളുമുണ്ട് - ഇത് തൃശൂരിന്റെ ഓണക്കാഴ്ചകളുടെ ക്ലൈമാക്സ്.
കേരളത്തിൽ ബാക്കി എല്ലായിടത്തും ഓണം കഴിഞ്ഞാലും തൃശൂർകാരന്റെ ഓണം കഴിയുന്നത് നാലോണ നാളിലെ പുൽക്കളിയോടെയാണ്. ആ പുലികളിക്കാണ് 400 ൽ പരം പുലികളും പതിനായിരക്കണക്കിനാളുകളും ഒത്തുകൂടുന്നത്.
എത്ര കണ്ടാലും മതിവരാത്ത കടലും ആനയും പോലെ തൃശൂർകാർക്കും ഒരിക്കലെങ്കിലും പുളിക്കളി കണ്ടിട്ടുള്ളവർക്കും ഓണക്കാലത്ത് പുലിക്കളി കാണാതിരിക്കാനാവില്ല. ചെണ്ടയുടെ രൗദ്ര താളത്തിൽ മുഴങ്ങുന്ന പുലിക്കോട്ടിനൊപ്പം കൈകൾ ഉയർത്തി ചുവടുവയ്ക്കാതിരിക്കാൻ ആവില്ല. അതാണ് പുലിക്കളിയുടെ മാജിക്.
ഇന്ന് തൃശൂരിൽ പുലിവാഴും രാവാണ്. ഉച്ച കഴിയുന്നതോടെ ദേശങ്ങളിൽ നിന്ന് പുലികൾ മടവിട്ട് നഗരത്തിലേക്ക് ഇറങ്ങും. ഒന്‍പത് പുലി സംഘങ്ങളാണ് ഇക്കുറി 51 പുലികളെ വീതം അണിനിരത്തി തൃശൂർ സ്വരാജ് റൗണ്ടിലും പരിസരത്തും തെങ്ങിനിറയുന്ന പതിനായിരങ്ങളെ ത്രസിപ്പിക്കാൻ ഗർജിച്ചെത്തുക.
പുലിവരയുടെ കളർഫുൾ മായാജാലം
ഇന്നലെ മുതൽ ഉറക്കമില്ലായിരുന്നു ഒമ്പത് പുലി മടകൾക്കും. ഇന്ന് പുലർച്ചയോടെ പുലിവര തുടങ്ങി. മനുഷ്യനെ മൃഗമാക്കുന്ന വരയുടെ കളർഫുൾ മായാജാലം.
ശരീരം ഷേവ് ചെയ്ത് ടെമ്പറ പൗഡറും വാർണിഷും ചേർത്ത് തയാറാക്കിയ നിറങ്ങൾ പുള്ളികളായും വരകളായും ശരീരത്തിൽ പതിഞ്ഞപ്പോൾ ആദ്യം സാവധാനത്തിലും പിന്നെ വേഗത്തിലും നരൻ നരിയായ് മാറി.. ശരിക്കും നരിനാരായനം!!
കോവിഡിനെ ഭയക്കാത്ത ഒറ്റ പുലി
കോവിഡ് കാലത്ത് എല്ലാവരും കുഞ്ഞൻ വൈറസിനെ ഭയന്ന് വീട്ടിൽ ഇരുന്നപ്പോൾ ഒറ്റപ്പുലിയായെത്തി നഗരത്തിൽ ചുവടുവെച്ച് മടകയേറിയ വിയ്യൂരിന്റെ പുലി മറക്കാനാവാത്ത ചരിത്രം.
കോവിഡ് പരത്തുന്ന കുഞ്ഞന്‍ വൈറസിനെ ഭയന്ന് ആള്‍ക്കൂട്ടങ്ങള്‍ക്കും പുലിക്കൂട്ടങ്ങള്ക്കും ഒഴിഞ്ഞു നില്‍ക്കേണ്ടി വന്നപ്പോള്‍ തൃശൂരിന്റെ തനതു കലയായ പുലിക്കളിയുടെ ആചാരം കാത്തുസൂക്ഷിക്കാന്‍ 2020ലും 2021ലും ഒറ്റ പുലി എത്തി.
വിയ്യൂര്‍ സെന്റര്‍ പുലിക്കളി സമിതിക്കുവേണ്ടി സുശീല്‍ മണലാറുകാവാണ് പുലിവേഷം കെട്ടിയത്.
ഓർമ്മയിലും വിസ്മയം ചാത്തുണ്ണിയാശാൻ
മരണത്തിന്റെ മടകയറി ചാത്തുണ്ണിപ്പുലി എന്നന്നേക്കുമായി കടന്നു പോയെങ്കിലും ഓർമ്മകളിൽ പോലും ചാത്തുണ്ണിയാശാൻ മഹാവിസ്മയമാണ് ഓരോ പുലിക്കളി പ്രേമിക്കും. അമ്പത്തിരണ്ടു വര്‍ഷം പുലിയായി തൃശൂരിലിറങ്ങിയിട്ടുണ്ട് ചാത്തുണ്ണിയാശാന്. ശരിക്കും തൃശൂരിന്റെ പുലികാരണവര്‍.
പുലിയാശാന്‍!! പുലിക്കളിക്കാർക്ക് കുടവയർ വേണമെന്ന എഴുതപ്പെടാത്ത നിയമം ചാത്തുണ്ണിയാശാനെ ബാധിച്ചില്ല. മെലിഞ്ഞ ആ ശരീരവും കൊണ്ട് 52 വർഷം ചാത്തുണ്ണി പുലികളിൽ പുലിയായി മാറി. പുലിക്കളി തോന്നിയ പോലെ കളിക്കാനുള്ളതല്ലെന്നും അതിന് അതിന്റേതായ ചിട്ടവട്ടങ്ങളുണ്ടെന്നും ചാത്തുണ്ണിയാശാന് പറയാറുണ്ട്.
കുടവയറന്‍ പുലികള്‍ക്കിടയില്‍ നിന്ന് ചാത്തുണ്ണി പുലി തുള്ളുമ്പോള്‍ ആരാധകര്‍ ഉറക്കെ വിളിച്ചുപറയും ദേ ചാത്തുണ്ണിപ്പുലി... ചാത്തുണ്ണിപ്പുലി... പതിനാറാം വയസിലാണ് ചാത്തുണ്ണി ആദ്യമായി പുലിയാകുന്നത്. പല ദേശക്കാര്‍ക്കു വേണ്ടിയും പുലിയായിട്ടുണ്ട് ചാത്തുണ്ണിയാശാന്.
79-ാം വയസിലാണ് ഈ പുലി കാലത്തിന്റെ മടപറ്റുന്നത്. കല്ലൂര്‍ നായരങ്ങാടി പാലത്തുപറമ്പ് തെക്കൂട്ട് ചാത്തുണ്ണി എന്നൊക്കെ പറഞ്ഞാല്‍ തൃശൂരില്‍ പെട്ടന്നാര്‍ക്കും പിടികിട്ടില്ല. പക്ഷേ ചാത്തുണ്ണിയാശാന് എന്ന് പറയുമ്പോഴേക്കും മ്മടെ ചാത്തുണ്ണിയാശാന് എന്ന് തൃശൂര്ക്കാര് പൂരിപ്പിക്കും.
വ്രതാനുഷ്ഠാനങ്ങളെടുത്തായിരുന്നു ചാത്തുണ്ണി പുലിവേഷം കെട്ടിയിരുന്നത്. വരയന്‍ പുലിയായിരുന്നു ചാത്തുണ്ണിക്കിഷ്ടം. മറ്റു പുലികളെ പോലെ ശരീരത്തില്‍ പുലിമുഖമോ സിംഹമുഖമോ വരയ്ക്കാന്‍ ചാത്തുണ്ണിക്കിഷ്ടമായിരുന്നില്ല.
അതിനാല്‍ വരയന്‍ പുലിയായാണ് കുടവയറന്മാരുടെ പുലിക്കളിക്കുത്തക തകര്‍ത്ത പുലിയാണ് ഈ മെലിഞ്ഞ പുലി. മെയ് വഴക്കവും താളബോധവുമുണ്ടെങ്കില് മെലിഞ്ഞവര്‍ക്കും നാലോണനാളിലെ പുലിയാകാമെന്ന് ചാത്തുണ്ണിയാശാന് തെളിയിച്ചു.
പതിനാറു വയസു മുതല്‍ അറുപത്തിയെട്ടു വയസുവരെ നീളുന്ന പുലിജന്മം - അതായിരുന്നു ചാത്തുണ്ണിയുടെ പുലി ജീവിതം. ഇതിനിടെ പല ദേശങ്ങള്‍ക്കും വേണ്ടി പുലിയായി അലറിത്തിമര്ത്താടി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോള്‍ ദേശങ്ങള്‍ക്കായി ചാത്തുണ്ണിയാശാന് പുലിയായി.
ചാത്തുണ്ണിയാശാന് ശരിക്കും അയ്യന്തോള്‍ ദേശക്കാരനായിരുന്നു. പക്ഷേ അയ്യന്തോളിന് സ്വന്തമായി പുലിക്കളി സംഘമില്ലാത്തതിനാല്‍ ചാത്തുണ്ണി മറ്റു സംഘങ്ങളില്‍ പുലിയായി. നമുക്കൊരു പുലിക്കളി സംഘം വേണ്ടേ എന്ന് 2015ല്‍ ചാത്തുണ്ണി അയ്യന്തോള്ക്കാരോട് ചോദിച്ചു.
ആ ചോദ്യം അയ്യന്തോളിലെ ചുണക്കുട്ടികള്‍ ഏറ്റുപിടിച്ചു. അടുത്ത വര്‍ഷം തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് അയ്യന്തോളിന്റെ പുലികള്‍ ചുവടുവെച്ചു. സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയാശാന്റെ നെടുനായകത്വത്തില്‍...2016ലും 2017ലും ചാത്തുണ്ണിയാശാന് സ്വന്തം ദേശത്തിന്റെ പുലിയായി.
2018ല്‍ പ്രളയം കാരണം പുലിക്കളി നടന്നില്ല. അപ്പോഴേക്കും ആശാന്റെ ആരോഗ്യവും പതിയെപ്പതിയെ ക്ഷയിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ചാത്തുണ്ണിയാശാന് തന്റെ പുലിജന്മത്തിലെ അരമണി മകന് രമേഷിന് കൈമാറിയത്. 2019ല്‍ മരണത്തിന്റെ മടകയറി ചാത്തുണ്ണിപ്പുലി മറയുമ്പോള്‍ തൃശൂരിന് അതൊരു കറുത്ത ദിനമായിരുന്നു.
ബിബിസി റിപ്പോര്‍ട്ടര്‍ പുലികളായി
സ്കോട്ട്ലാൻഡിലെ ബിബിസി ചാനലിലെ റിപ്പോര്‍ട്ടര്‍മാരായ ഇഡ്, അയണല് എന്നീ സ്കോട്ട്ലൻഡുകാരാണ് പുലിക്കളി റിപ്പോര്‍ട്ടു ചെയ്യാനെത്തി പുലിയായി മാറിയത്. പുലിവരയും പുലിക്കൊട്ടും പുലിത്താളവുമൊക്കെ കണ്ടതോടെ ഇഡിനും അയണലിനും പുലിയാകാന്‍ കൊതിമൂത്തു. അങ്ങിനെ ഇരുവരും അയ്യന്തോള്‍ ദേശത്തിന്റെ പുലികള്‍ക്കൊപ്പം ചേര്‍ന്നു.
ബിബിസിയുടെ ഓള് ഓവര്‍ ദി പ്ലേസ് എന്ന എന്റര്‍ടെയ്മെന്റ് പരിപാടിക്കായി പുലിക്കളി റിപ്പോര്‍ട്ടു ചെയ്യാനെത്തിയവരാണ് ഒടുവില്‍ പുലികളായി മാറിയത്. അത്യാവശ്യം പുലികള്‍ക്ക് വേണ്ട ലുക്ക് രണ്ടുപേര്‍ക്കുമുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഫോറിന്പുലികളെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ മറ്റു പുലികള്‍ക്ക് മടിയുണ്ടായില്ല. അയ്യന്തോള്‍ ദേശത്തിന്റെ പുലിക്കളി ആശാനായിരുന്ന ചാത്തുണ്ണിയാശാന് ദക്ഷിണ വെച്ചാണ് ഫോറിന്പുലികള് പുലിച്ചുവടില് ഹരിശ്രീ കുറിച്ചത്.
ബിബിസിയിലെ റിപ്പോര്‍ട്ടിംഗ് സമയത്ത് പുലിവേഷത്തില്‍ തന്നെയാണ് ഇവര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്.