കഴുകന്മാര് വട്ടമിടുന്ന ധര്‍മഭൂമി -02
Saturday, July 26, 2025 2:20 PM IST
ധര്‍മസ്ഥലയിലെ ഒരു മുന്‍ ശുചീകരണത്തൊഴിലാളി രണ്ട് അഭിഭാഷകര്‍ മുഖേന ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയതോടെയാണ് ഇപ്പോള്‍ നാടിനെയാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുടെ തുടക്കം.
സ്കൂള്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ ധര്‍മസ്ഥലയില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പലരുടെയും മൃതദേഹം താന്‍ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്.
ദളിത് വിഭാഗത്തില്‍പ്പെടുന്ന ഇയാള്‍ 1998നും 2014നും ഇടയിലുള്ള കാലത്ത് ധര്‍മസ്ഥല ക്ഷേത്രഭരണസമിതിക്ക് കീഴില്‍ ജോലി ചെയ്തിരുന്നതാണ്. തന്റെ സൂപ്പര്‍വൈസറാണ് മൃതദേഹങ്ങള്‍ രഹസ്യമായി സംസ്കരിക്കാന്‍ തന്നോട് നിര്‍ദേശിച്ചിരുന്നതെന്ന് ഇയാള്‍ പറയുന്നു.
കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരൊക്കെയാണെന്നും മൃതദേഹങ്ങള്‍ സംസ്കരിക്കാനായി എത്തിച്ചു നല്‍കിയത് ആരാണെന്നും തനിക്ക് വ്യക്തമായി അറിയാം. സാക്ഷിയെന്ന നിലയിലുള്ള സുരക്ഷിതത്വം ഉറപ്പുനല്‍കിയാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്താന്‍ തയാറാണ്.
പതിവായി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ടി വന്നപ്പോഴുണ്ടായ മനസാക്ഷിക്കുത്ത് മൂലമാണ് ധര്‍മസ്ഥലയിലെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഇതൊക്കെ തുറന്നുപറയാന്‍ നിന്നാല്‍ താനും കുടുംബവും കൊല്ലപ്പെടുമെന്ന നിലയായിരുന്നു.
2014ല്‍ ധര്‍മസ്ഥലയിലെ ജോലി ഉപേക്ഷിച്ചതിനു ശേഷം ഇയാള്‍ കുടുംബത്തോടൊപ്പം നാടുവിട്ട് മറ്റു സംസ്ഥാനങ്ങളില്‍ കഴിയുകയായിരുന്നു. ഇങ്ങനെ കാലം കടന്നുപോകുകയേ ഉള്ളൂവെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരുകാലത്തും നീതി കിട്ടില്ലെന്നുമുള്ള ചിന്ത മനസിനെ അലട്ടാന്‍ തുടങ്ങിയതോടെയാണ് ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്താന്‍ തയാറായി തിരിച്ചെത്തിയതെന്നും പരാതിയില്‍ പറയുന്നു.
സ്കൂള്‍ യൂണിഫോമിലുള്ള നിരവധി പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ലൈംഗികാതിക്രമത്തിനിരയായി പിച്ചിച്ചീന്തപ്പെട്ട നിലയില്‍ തന്റെ മുന്നിലെത്തിയിട്ടുണ്ട്.
പലരുടെയും മുഖത്തെ നിഷ്കളങ്കതയും ഭയവും ഇപ്പോഴും തന്റെ മനസിനെ പിടിച്ചുലയ്ക്കുന്നതാണ്. ഒരു കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ സ്കൂള്‍ ബാഗും ഒപ്പമുണ്ടായിരുന്നു. ബാഗും കൂടെ വച്ചാണ് ആ മൃതദേഹം കുഴിച്ചുമൂടിയത്.
ഒരു യുവതിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. ആ മൃതദേഹം സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടതു പ്രകാരം ദഹിപ്പിച്ചുകളയുകയായിരുന്നുവെന്നും ഇയാള്‍ എഴുതി സമര്‍പ്പിച്ച വെളിപ്പെടുത്തലില്‍ പറയുന്നു.
ഇയാള്‍ കുഴിച്ചിട്ടതാണെന്നു പറയുന്ന ഏതാനും മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഇവ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ ഒരുക്കമാണെന്നും പരാതിയില്‍ പറയുന്നു.
ഇയാളെ പിന്നീട് ബെല്‍ത്തങ്ങാടിയിലെ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അഭിഭാഷകര്‍ക്കുമൊപ്പം മുഖംമറച്ചുകൊണ്ടാണ് ഇയാളെ കോടതിയിലെത്തിച്ചതെങ്കിലും മൊഴി രേഖപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ അഭിഭാഷകരെ അകത്തുകടക്കാന്‍ കോടതി അനുവദിച്ചില്ല.
വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തി നിരക്ഷരനാണെന്നും കോടതിയുടെ നടപടിക്രമങ്ങള്‍ അറിയാത്ത ആളാണെന്നും ഇദ്ദേഹത്തോടൊപ്പം ഒരു അഭിഭാഷകനെയെങ്കിലും അനുവദിക്കണമെന്നും അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിന് ദേശ്പാണ്ഡെയും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എങ്കിലും പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇയാള്‍ മജിസ്ട്രേറ്റിനു മുന്നിലും വിശദീകരിച്ചതായാണ് ആദ്യ സൂചന. മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലത്തുനിന്ന് ഇയാള്‍ പിന്നീട് കുഴിച്ചെടുത്ത ഏതാനും അസ്ഥികളും തെളിവായി കൈമാറി.
മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ എവിടെയൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. സ്ഥലങ്ങളേതൊക്കെയാണെന്ന് മുന്‍കൂട്ടി വെളിപ്പെടുത്തിയാല്‍ ബന്ധപ്പെട്ടവര്‍ മൃതദേഹാവശിഷ്ടങ്ങള്‍ അവിടങ്ങളില്‍ നിന്ന് മാറ്റാനിടയുണ്ടെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി.
അവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങളുമായി പോലീസും അഭിഭാഷകരും മാധ്യമങ്ങളുമുള്‍പ്പെടെ വന്നാല്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ഓരോ സ്ഥലങ്ങളും കാണിച്ചുനല്കാമെന്നാണ് ഇയാള്‍ പറയുന്നത്.
പല മൃതദേഹങ്ങളും സംസ്കരിച്ചത് താന്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ തന്റെ സൂപ്പര്വൈസര്ക്കുപോലും കൃത്യമായ സ്ഥലങ്ങള്‍ അറിയില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.ധര്മസ്ഥലയോടു ചേര്‍ന്ന് നേത്രാവതി നദിക്കരയില്‍ നീണ്ടുപരന്നുകിടക്കുന്ന വനപ്രദേശമുണ്ട്.
ഈ വനപ്രദേശത്തെ വിവിധ സ്ഥലങ്ങളിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നാണ് ഏകദേശ സൂചന. ധര്‍മസ്ഥലയിലെ ഇതുവരെ പുറത്തറിഞ്ഞ കൊലപാതകങ്ങളില്‍ പദ്മലതയുടെയും സൗജന്യയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതും ഈ വനപ്രദേശത്തു നിന്നാണ്.
ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകള്‍ കര്‍ണാടക സംസ്ഥാനത്തെയും തൊട്ടടുത്തു കിടക്കുന്ന കേരളത്തെയും ഞെട്ടിച്ചിട്ടും ധര്‍മസ്ഥലയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്ക്ക് ആ ഞെട്ടല്‍ അത്രകണ്ട് ബാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അവിടെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന കാര്യം നേരത്തേ അറിയാവുന്നതാണെന്ന മട്ടിലാണ് നാട്ടുകാരിലേറെയും പ്രതികരിക്കുന്നത്. 2012ല്‍ നടന്ന സൗജന്യയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇതിനു കാരണമായത്.