വലിയചുടുകാട്: സമാനതകളില്ലാത്ത ചരിത്രസ്മാരകം
Wednesday, July 23, 2025 10:54 AM IST
പുന്നപ്ര സമര രക്തസാക്ഷികളുടെയും പി. കൃഷ്ണപിള്ള ഉള്‍പ്പെടെ സമുന്നത കമ്യൂണിസ്റ്റ് നേതാക്കളുടെയും നിരയില്‍ പുന്നപ്ര വലിയ ചുടുകാട്ടില്‍ വി.എസ്. അച്യുതാനന്ദനും അന്ത്യനിദ്ര. ഇത്രയേറെ രക്തസാക്ഷികളെയും നേതാക്കളെയും സംസ്കരിച്ച മറ്റൊരു ചരിത്രസ്മാരകവും സംസ്ഥാനത്തില്ല.
കയര്‍, കായല്‍, കടല്‍, പാടം, ചെത്ത്, ബീഡി തൊഴിലാളികള്‍ ആലപ്പുഴ, ചേര്‍ത്തല തീരങ്ങളില്‍ തിങ്ങിപ്പാര്‍ത്തിരുന്ന കാലം. പ്രായപൂര്‍ത്തി വോട്ടവകാശം, ഐക്യകേരളം തുടങ്ങി 27 ആവശ്യങ്ങളുന്നയിച്ചു തൊഴിലാളികള്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു.
നടപടിയുണ്ടാകാതെ വന്നതോടെ തിരുവിതാംകൂര്‍ രാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ പുന്നപ്രയില്‍ തൊഴിലാളികള്‍ സംഘടിച്ചു പ്രകടനം നടത്തിയത് ദിവാന് സര് സി.പി. രാമസ്വാമി അയ്യരെ പ്രകോപിപ്പിച്ചു.
1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെയായിരുന്നു പുന്നപ്ര-വയലാറിലെ ചരിത്രപ്രസിദ്ധമായ തൊഴിലാളി പ്രക്ഷോഭങ്ങള്‍. സംഘടിത തൊഴിലാളിമുന്നേറ്റത്തിനും പോലീസ് സ്റ്റേഷന് ആക്രമണത്തിനുമൊടുവില് ദിവാന്റെ ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചവരെയും മാരക പരിക്കേറ്റവരെയും വലിയ ചുടുകാട്ടില്‍ കൂട്ടിയിട്ട് ചാമ്പലാക്കി. 190 പേര് വെടിവയ്പില്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഏറെപ്പേര്‍ മരിച്ചതായി കമ്യൂണിസ്റ്റ് പാര്‍ട്ടി അവകാശപ്പെടുന്നു.
കൊല്ലവര്‍ഷം 1122 തുലാം ഏഴിനായിരുന്നു (1946 ഒക്ടോബര്‍ 24) പുന്നപ്ര വെടിവയ്പ്. പിറ്റേന്ന് മേഖലയില്‍ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാന് സി.പി. രാമസ്വാമി അയ്യര്‍ നേരിട്ടേറ്റെടുക്കുകയും ചെയ്തു.
പട്ടാളത്തിന്റെ യന്ത്രത്തോക്കുകളോട് വാരിക്കുന്തവും കല്ലുമൊക്കെയായാണു തൊഴിലാളികള്‍ ഏറ്റുമുട്ടിയത്. ആലപ്പുഴയ്ക്ക് അഞ്ചു കിലോമീറ്റര്‍ തെക്കുമാറി നഗരസഭാ പരിധിയിലുള്ള പുന്നപ്രയില്‍ ദേശീയ പാതയോരത്ത് അന്‍പതു സെന്റിലാണു വലിയ ചുടുകാട്.
ആലപ്പുഴ നഗരസഭയുടെ വകയായിരുന്ന വലിയ ചുടുകാടിന് നിലവില്‍ സിപിഎമ്മിനും സിപിഐക്കും വിഹിതമുണ്ട്. കൊല്ലവര്‍ഷം 1133 (1957) തുലാം ഏഴിനാണ് രക്തസാക്ഷി മണ്ഡപത്തിന് ശിലയിട്ടത്.
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയതലത്തില്‍ പിളര്‍ന്നതിനെത്തുടര്‍ന്ന് സിപിഐയും സിപിഎമ്മും ഇവിടെ വെവ്വേറെ രക്തസാക്ഷി മണ്ഡപങ്ങള്‍ നിര്‍മിച്ചു. 1979 മുതല്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ച് വലിയ ചുടുകാട്ടില്‍ പുന്നപ്ര വയലാര്‍ വാരാചരണം നടത്താന്‍ തുടങ്ങിയോടെ ഒരുമിച്ച് ചെങ്കൊടി ഉയര്‍ത്തുന്നു.
കമ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, ആര്. സുഗതന്, പി.ടി. പുന്നൂസ്, ജോര്‍ജ് ചടയംമുറി, ടി.വി. തോമസ്, പി.കെ. പത്മനാഭന്, ടി.വി. രമേശ് ചന്ദ്രന്, സി.ജി. സദാശിവന്, എം.എന്‍. ഗോവിന്ദന്‍നായര്‍, എസ്. കുമാരന്, വി.കെ. വിശ്വനാഥന്, കെ.സി. ജോര്‍ജ്, കെ.ആര്. ശ്രീധരന്, എം.കെ. സുകുമാരന്‍, സി.കെ. വേലായുധന്, കെ.കെ. കുഞ്ഞന്‍, വി.എ. സൈമണ്‍ ആശാന്, എ.കെ. ശ്രീധരന്, പി.എ. ജോര്‍ജ്, സി.കെ. കേശവന്, പി.കെ. മാധവന്, വി.കെ. കരുണാകരന്, ഇ. വാസുദേവന്‍, എം.ടി. ചന്ദ്രസേനന്, സി.കെ. ചന്ദ്രപ്പന്, കെ.സി. മാത്യു, എന്‍.കെ. ഗോപാലന്, പി.കെ. ചന്ദ്രാനന്ദന്‍, കെ.ആര്. ഗൗരിയമ്മ തുടങ്ങിയ ഒട്ടേറെ നേതാക്കളെ ഇവിടെ സംസ്കരിച്ചു.