മറക്കില്ല പത്തനംതിട്ട...
Wednesday, July 23, 2025 10:45 AM IST
പത്തനംതിട്ട: ജില്ലയുടെ രൂപീകരണ കാലഘട്ടം തൊട്ട് ഈ നാടിന്റെ അവിഭാജ്യ ഘടകമായി നിലനിന്ന നേതാവാണ് വി.എസ്. അച്യുതാനന്ദൻ. പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവുമെന്ന നിലയിൽ ജില്ലയുടെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും മുഖ്യമന്ത്രിയായിരുന്നപ്പോൾ വികസന പ്രവർത്തനങ്ങൾക്ക് കൈയൊപ്പു ചാർത്തുന്നതിലും വി.എസ്. അച്യുതാനന്ദൻ മുൻപന്തിയിലുണ്ടായിരുന്നു.
പത്തനംതിട്ട ജില്ല രൂപീകരിച്ചതിനു പിന്നാലെ പാർട്ടിയെ ശക്തമാക്കാൻ സംസ്ഥാന ഘടകത്തിൽ നിന്നും നിയോഗം ലഭിച്ചത് വി.എസ്. അച്യുതാനന്ദനാണ്. പഴയ ആലപ്പുഴ ജില്ലയുടെ ഭാഗം കൂടി ഉൾപ്പെട്ടിരുന്ന പത്തനംതിട്ടയിൽ പാർട്ടി അണികളെ ഏകോപിപ്പിച്ച് ഘടകങ്ങൾ രൂപീകരിക്കുന്നതിൽ വിഎസ് അനായാസം വിജയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ മാത്രമല്ല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
ശബരിമലയിലേക്ക് നടന്നുകയറിയ വിഎസ്
2007ലെ മണ്ഡല മകര വിളക്കുകാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഡിസംബർ 30നു നടത്തിയ ശബരിമല യാത്ര ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തീർഥാടനകാല ക്രമീകരണങ്ങൾ അവലോകനം ചെയ്തു പന്പയിലെത്തിയ വിഎസ് ഡോളിയിലായിരിക്കും സന്നിധാത്തു കയറുകയെന്ന് എല്ലാവരും കരുതി. എന്നാൽ ഏവരെയും അന്പരിപ്പിച്ച് അദ്ദേഹം സന്നിധാനത്തേക്കുള്ള അഞ്ച് കിലോമീറ്ററും നടന്നു കയറി.
മതികെട്ടാൻ കയറിയിട്ടുള്ള തനിക്ക് ശബരിമല കയറ്റം അത്ര ആയാസമായി തോന്നിയില്ലെന്നായിരുന്നു പ്രതികരണം. വഴി മധ്യേ കാര്യമായി വിശ്രമിച്ചതുമില്ല. മന്ത്രി പി.കെ. ശ്രീമതി, രാജു ഏബ്രഹാം എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ. അനന്തഗോപൻ എന്നിവരൊക്കെ മുഖ്യമന്ത്രിയെ അനുഗമിച്ചു.
വൈകുന്നേരം ആറോടെ പന്പയിൽ നിന്നാരംഭിച്ച മലകയറ്റം എട്ടോടെ സന്നിധാനത്തെത്തി. സന്നിധാനത്തു തങ്ങിയ അദ്ദേഹം പിറ്റേന്ന് അവലോകന യോഗം നടത്തിയ ശേഷമാണ് മലയിറങ്ങിയത്. ശബരിമലയിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് വി.എസ്. അച്യുതാനന്ദൻ.
ശബരിമല മാസ്റ്റർ പ്ലാനിന് തുടക്കമിട്ടതും അക്കാലത്താണ്. നിലയ്ക്കലിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഇടത്താവളം ദേവസ്വം ബോർഡിനു ലഭ്യമാക്കാൻ പകരം ഭൂമി വനംവകുപ്പിനു നൽകാനും അദ്ദേഹം നേതൃത്വം നൽകി.
മേക്കര യാത്ര
അച്ചൻകോവിൽ നദിയിൽനിന്ന് തമിഴ്നാട് അനധികൃതമായി വെള്ളം കടത്തിക്കൊണ്ടുപോകുന്നു എന്ന ആരോപണം ഉയർന്നപ്പോൾ കേരളത്തിന്റെ താത്പര്യം ഉയർത്തിപ്പിടിച്ച് പത്തനംതിട്ടയിൽ നിന്ന് തമിഴ്നാട്ടിലെ മേക്കര ഡാം പരിസരത്തേക്ക് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ആവേശ ഭരിതമായിരുന്നു.
കേരളത്തിന്റെ വെള്ളം കടത്തിക്കൊണ്ടുപോകാൻ ആരെയും അനുവദിക്കരുതെന്നത് അദ്ദേഹത്തിന്റെ ഉറച്ച തീരുമാനമായിരുന്നു. സർക്കാരിനെക്കൊണ്ട് ഇക്കാര്യത്തിൽ നിയമസഭയിൽ ഉറപ്പു വാങ്ങുന്നതിൽ അന്ന് പ്രതിപക്ഷത്തായിരുന്ന വിഎസിനു കഴിഞ്ഞു.
ജനകീയ സമരങ്ങൾക്കൊപ്പം
പത്തനംതിട്ട ജില്ലയിലെ നിരവധി ജനകീയ സമരങ്ങളിൽ നേതൃനിരയിൽ വി.എസ്.അച്യുതാനന്ദനുണ്ടായിരുന്നു. റാന്നി ചെന്പൻമുടിയിൽ പാറമടയ്ക്കെതിരേ ജനങ്ങൾ നടത്തിയ ദീർഘമായ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി വിഎസ് എത്തി.
2013ലായിരുന്നു അത്. 2014ലെ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിൽ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. ആറന്മുളയിലെ സമരപ്പന്തലിലും തിരുവനന്തപുരത്തു നടന്ന സമരത്തിലുമൊക്കെ അദ്ദേഹം പങ്കെടുത്തു.
ആറന്മുള വിമാനത്താവളം സംബന്ധിച്ചു പ്രാഥമിക അംഗീകാരം വി.എസ് മുഖ്യമന്ത്രിയായിരുന്ന അവസാന കാലഘട്ടത്തിലാണ് നൽകിയതെങ്കിലം പിന്നീട് ജനകീയാഭിപ്രായവും പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളും മനസിലാക്കി സിപിഎം സ്വീകരിച്ച നിലപാടിനു പിന്തുണയുമായി വിഎസും എത്തി.
സമരനേതാവായിരുന്ന സുഗതകുമാരി പ്രത്യേകം ക്ഷണിച്ചാണ് 2014 ഫെബ്രുവരി 27നു വിഎസിനെ സമരപ്പന്തലിലെത്തിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ചിക്കുൻഗുനിയ പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വംകൊടുത്ത് ആരോഗ്യമന്ത്രി പി.കെ. ശ്രീമതിക്കൊപ്പം അച്യുതാനന്ദൻ പത്തനംതിട്ടയിലെത്തി.
ചിറ്റാറാണ് ചിക്കുൻഗുനിയയുടെ പ്രഭവ കേന്ദ്രമെന്നു മനസിലാക്കിയപ്പോൾ കൊതുക് നിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങളും പത്തനംതിട്ട ജനറൽ ആശുപത്രിയിലേതടക്കമുള്ള സജ്ജീകരണങ്ങളും നേരിട്ടു മനസിലാക്കാനാണ് അദ്ദേഹം വന്നത്.
പാർട്ടിയിലും സ്വന്തം പക്ഷം
സിപിഎമ്മിൽ പിണറായി, വിഎസ് പക്ഷങ്ങൾ ശക്തമായിരുന്ന ഘട്ടത്തിൽ പത്തനംതിട്ട ജില്ല അച്യുതാനന്ദന് ഒപ്പമായിരുന്നു. രണ്ട് ജില്ലാ സമ്മേളനങ്ങളിൽ അദ്ദേഹം വ്യക്തമായ മേൽക്കോയ്മ നേടി. തനിക്കൊപ്പം നിൽക്കുന്നവരെ അദ്ദേഹം സംരക്ഷിച്ചു നിർത്തി.
പിന്നീട് പാർട്ടിയിൽ അദ്ദേഹത്തിന്റെ ശക്തി കുറഞ്ഞതോടെ ഒപ്പമുണ്ടായിരുന്നവരും ഔദ്യോഗിക പക്ഷത്തേക്കു മാറി.