വിഎസിന്റെ ഓര്‍മകളിൽ വെള്ളായണിയിലെ കര്‍ഷകര്‍
Wednesday, July 23, 2025 10:23 AM IST
നേമം: വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വെള്ളായണിയിലെ മണക്കുന്നില്‍ നടപ്പിലാക്കിയ എല്ലാവരും പാടത്തേയ്ക്ക് പദ്ധതി കര്‍ഷക മനസുകളില്‍ ഇന്നും ആവേശമായ ഓർയാണ്.
2008 കാലഘട്ടത്തിലാണു നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന തലത്തില്‍ നിയമസഭയിലെ നൂറ്റിനാല്‍പ്പത് സമാജികരേയും ഉള്‍പ്പെടുത്തി "എല്ലാവരും പാടത്തേയ്ക്ക് പദ്ധതി' വിഎസ്. അച്യുതാനന്ദന് നടപ്പിലാക്കിയത്.
അന്നു മുണ്ടുടുത്തു തോര്‍ത്തും തലയില്‍ക്കെട്ടി ഉദ്ഘാടനത്തെത്തിയ വിഎസിനെ ഇന്നും ഓര്‍ക്കുകയാണ് നാട്ടുകാരും കര്‍ഷകരും. വെള്ളായണിയിലെ പുഞ്ചപ്പാടങ്ങളില്‍ ഏക്കറുകണക്കിനു നെല്‍പ്പാടങ്ങളാണ് തരിശ് കിടന്നത്.
ഈ സമയത്താണ് സര്‍ക്കാരിന്റെ എല്ലാവരും പാടത്തേയ്ക്ക് പദ്ധതി നടപ്പിലാക്കുന്നത്. വി.എസ്. അച്യുതാനന്ദന്റെ വരവ് അന്ന് കര്‍ഷകര്‍ക്കു കൃഷി തുടരുന്നതിന് പ്രോത്സാഹനമായതായി കര്‍ഷകരായിരുന്ന എ.അസീസും ജി.ജയചന്ദ്രന് നായരും പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞു സംഘാടകര്‍ ഒരുക്കിയ കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും കഴിച്ചാണ് വി.എസ്. അച്യുതാനന്ദനും സ് പീക്കറായിരുന്ന കെ. രാധാകൃഷ്ണനും എംഎല്‍എമാരും വെള്ളായണിയില്‍ നിന്നും പോയത്.
എല്ലാവരും പാടത്തേയ്ക്ക് പദ്ധതി നടപ്പിലായ ശേഷം വെള്ളായണിയില്‍ കുറെ കാലം കൃഷി മുടങ്ങിയിരുന്നില്ലെന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് അശോക് കുമാര്‍ പറഞ്ഞു.