മാരാരിക്കുളം തോല്‍വിയുടെ അടിയൊഴുക്കും അന്തര്‍ധാരയും
Wednesday, July 23, 2025 9:57 AM IST
1996. മാരാരിക്കുളത്തെ ചെങ്കോട്ട കുലുങ്ങില്ലെന്ന ഉറപ്പില്‍ കേരളമൊട്ടാകെ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുമ്പോള്‍ സ്വന്തം കാല്‍കീഴിലെ മണ്ണിളകുന്നത് വി.എസ്. അച്യുതാനന്ദന് അറിഞ്ഞിരുന്നില്ല. എന്നാല്‍ പാര്‍ട്ടി പാളയത്തിനുള്ളില്‍ വിഎസിനെതിരേ പടയൊരുക്കം നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ അറിഞ്ഞിരുന്നു.
1991ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ലഭിച്ച 9980 വോട്ടുകളുടെ ഭൂരിപക്ഷം ഉയര്‍ത്തി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേരളം കരുതിയെങ്കിലും മാരാരിക്കുളത്തെ ജനവിധി തിരിച്ചടിയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏക പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അച്യുതാനന്ദന്.
തോല്ക്കാന് മാത്രമായി പലതവണ മത്സരിച്ച കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടുകള്‍ക്ക് വിഎസ് തോറ്റു. വിഎസ് ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഫ്രാന്‍സിസിന്റെ മിന്നും ജയം യുഡിഎഫ് ഏഴയലത്തുപോലും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം അച്യുതാനന്ദന് നാലായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ബൂത്ത് തല തലയെണ്ണലിലൂടെ ഒരു നിര നേതാക്കള്‍ ഗണിച്ചിരുന്നു. അങ്ങനെ മത്സരരംഗത്തുപോലും ഇല്ലാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ മൂന്നാമൂഴവും കേരള മുഖ്യമന്ത്രിയായി.
കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയ ജനവിധിയില്‍ മാരാരിക്കുളത്തെ തോല്‍വി കേരളത്തിലെ സിപിഎമ്മിനെ മാത്രമല്ല പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു നാല് വോട്ടുകള്‍ക്ക് ഇ.കെ. നായനാരോടു വിഎസ് തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തുണ്ടായ ആഘാതം.
തോല്‍വിയെക്കുറിച്ച് താത്വികമായ അവലോകനങ്ങള്‍ പലതുണ്ടായെങ്കിലും ആലപ്പുഴ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിഎസിനെ പിന്നില്‍നിന്നു കുത്തിയെന്നും പന്തീരായിരം പാര്‍ട്ടി വോട്ടുകള്‍ രഹസ്യമായി പി.ജെ. ഫ്രാന്‍സിസിന്റെ കൈപ്പത്തിയില്‍ കുത്തിയെന്നുമുള്ള റിപ്പോര്‍ട്ട് സിപിഎം ഫയലില്‍ ചുവപ്പുനാട കെട്ടിമുറുക്കി.
പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രാദേശിക അന്തര്‍ധാര രൂപംകൊണ്ടിരുന്നുവെന്നതും പാര്‍ട്ടിക്കു പുറത്ത് വോട്ട് ധ്രുവീകരണമുണ്ടായെന്നതുമൊക്കെ വേറെയും കാരണങ്ങള്‍. അത്തവണ ചേര്‍ത്തലയില്‍ എ.കെ. ആന്റണി മത്സരിച്ചതിനാല്‍ ചേര്‍ത്തലയിലുണ്ടായ യുഡിഎഫ് തരംഗത്തിന്റെ പ്രകമ്പനം മാരിക്കുളത്തുമുണ്ടായി എന്നതായിരുന്നു മറ്റൊരു നിഗമനം.
ആന്റണി ഉയര്‍ത്തിയ ആവേശത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസ് രൂപീകരണവും വിഎസിന്റെ തോല്‍വിക്കു കാരണമായതായി നിഗമിച്ചു.
ഗൗരിയമ്മയെ സിപിഎം പുറത്താക്കിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മാരാരിക്കുളം ചുവപ്പുകോട്ടയില്‍ അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ മാരാരിക്കുളത്ത് ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണത്തില്‍ സാമട്ടിലായിരുന്നുവെന്നും സംഘടിതമായ കാലുവാരലുണ്ടായെന്നും പോളിംഗ് കണക്കെടുപ്പിലൂടെ സിപിഎം സൂക്ഷ്മദര്‍ശനി കണ്ടെത്തി. സിപിഎമ്മുകാര്‍ തന്നെയാണു മാരാരിക്കുളത്ത് വോട്ട് മറിച്ചതെന്ന് പിന്നീട് ഇ.കെ. നായനാര്‍ ആലപ്പുഴയില്‍ പരസ്യമായി കുറ്റപ്പെടുത്തി.
പ്രചാരണഘട്ടത്തില്‍ പല നേതാക്കളെയും പ്രവര്‍ത്തകരെയും ചില ജില്ലാനേതാക്കള്‍ അറിഞ്ഞുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളം ചെളിക്കുളമാക്കാന് കരുക്കള്‍ നീക്കിയെന്നും പ്രവര്‍ത്തകരുടെ നാടുകടത്തല്‍ പാര്‍ട്ടിക്കു തിരിച്ചറിവുണ്ടാക്കിയെന്നും കഥകള്‍ പരന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു.
പരാജയത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി. ഭാസ്കരനെതിരേയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പളനിയെയും ഭാസ്കരനെയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിനു കാരണം ഒരിക്കലും വിഭാഗീയതയല്ലെന്ന് മരിക്കുംവരെ പളനി വാദിച്ചിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ട സാഹചര്യവും ഗൗരിയമ്മയ്ക്ക് മാരാരിക്കുളത്തുണ്ടായിരുന്ന സ്വാധീനവും മനസിലാക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നായിരുന്നു പളനിയുടെ നിലപാട്. മാരാരിക്കുളത്ത് വിഎസ് തോറ്റ 1965 എന്ന അക്കത്തിന് മറ്റൊരു പ്രത്യേകതയുണ്ട്.
1965ലാണ് വിഎസ് ആദ്യമായി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിഎസ് എന്ന അതികായന്റെ മാരാരിക്കുളത്തെ തോല്‍വിയുടെ മാനം ചെറുതായിരുന്നില്ല.
മാരാരിക്കുളത്തെ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും വി.എസ്. അച്യുതാനന്ദന് തെല്ലും കുലുക്കവും പതര്‍ച്ചയുമുണ്ടായില്ല. വിഎസ് തോറ്റു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു.
വോട്ടണ്ണലിനുശേഷം തോല്‍വിയുടെ മ്ലാനതയില്ലാതെ കൂളായി വിഎസ് വീട്ടിലേക്ക് വന്നു. രണ്ട് ദിവസങ്ങളിലായി ഉറക്കം നടക്കാത്തതിന്റെ ക്ഷീണത്തില്‍ ഒരു മണിക്കൂര്‍ കിടന്നുറങ്ങി. പിന്നീട് പത്രക്കാര് വന്നപ്പോള്‍ അവരോട് സംസാരിച്ചു. പിന്നീട് കുളി കഴിഞ്ഞ് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി കമ്മിറ്റിക്കായി കാറില്‍ തിരുവനന്തപുരത്തേക്കു പോയി.