2021 മുതല്‍ വോട്ട് ചെയ്യാതെ വി.എസ്
Tuesday, July 22, 2025 5:06 PM IST
അമ്പലപ്പുഴ: വോട്ടവകാശം ലഭിച്ചതിനുശേഷം സമ്മതിദാനം നല്കാനാകാതിരുന്നത് 2021 ലെ തെരഞ്ഞെടുപ്പ് മുതല്‍. അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് വോട്ട് ചെയ്യാനാകാതിരുന്നത്. ശാരീരിക അസ്വസ്ഥതകൾ വി.എസിനെ കീഴ്പ്പെടുത്തിയപ്പോഴും വോട്ട് മുടക്കിയിരുന്നില്ല.
വിഎസിന്റെ അടുത്തെത്തി വോട്ടുചെയ്യിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സുഹൃത്തുക്കളും പ്രവർത്തകരും ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ജില്ലയിൽ പോയി വോട്ട് ചെയ്യിക്കാനുള്ള അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർന്ന് ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതിയും നൽകിയിരുന്നു.
വി.എസിന് വോട്ടുചെയ്യാൻ സാധിച്ചില്ലെങ്കിലും കുടുംബം വോട്ടുചെയ്യാൻ എത്തിയിരുന്നു. പുന്നപ്രയിൽനിന്നു വി.എസ് കുടുംബസമേതം തിരുവനന്തപുരത്ത് താമസമാക്കിയെങ്കിലും ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളിലും തെരഞ്ഞുടുപ്പുകളിൽ വോട്ടുചെയ്യാനും പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ കുടുംബസമേതം എത്തുമായിരുന്നു.
സമരസേനാനിയെ കാണാൻ നിരവധി പ്രവർത്തകരും സുഹൃത്തുക്കളും വേലിക്കകത്ത് വീട്ടിൽ എത്തിയിരുന്നു. സൗഹൃദം പങ്കിട്ടും സഹോദരി ആഴിക്കുട്ടിയെ കണ്ടതിനും ശേഷമാണ് വി.എസ് മടങ്ങിയിരുന്നത്.