മുല്ലപ്പെരിയാർ സമരത്തിന് ആവേശം പകർന്ന് വി.എസ്. അച്യുതാനന്ദൻ
Tuesday, July 22, 2025 4:26 PM IST
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ എപ്പോഴും അതീവ ഭീതിയിലും ആശങ്കയിലും കഴിയുന്ന പെരിയാർ തീരവാസികൾക്ക് ആശ്വാസവും ആവേശവുമായാണ് വി.എസ്. അച്യുതാനന്ദൻ എത്തിയത്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം, പുതിയ കരാർ എന്ന ആവശ്യമുയർത്തി മുല്ലപ്പെരിയാർ സമരസമിതിയുടെ നേതൃത്വത്തിൽ ചപ്പാത്തിൽ നടന്നുവന്ന അനിശ്ചിതകാല സമരത്തിനും വണ്ടിപ്പെരിയാറ്റിൽ നടന്ന ഉപവാസ സമരത്തിനും പിന്തുണയുമായാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് എത്തിയത്.
2012 ഡിസംബർ 12നായിരുന്നു അദ്ദേഹത്തിന്റെ സമരപ്പന്തൽ സന്ദർശനം. പെരിയാർ നിറഞ്ഞുകവിഞ്ഞൊഴുകയും മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് ഭൂചലനം അനുഭവപ്പെടുകയും ചെയ്തതോടെയാണ് സമരത്തിന്റെ തീവ്രത വർധിച്ചത്. ആയിരക്കണക്കിന് ആളുകളാണ് അന്ന് ദിനം പ്രതി സമരപ്പന്തൽ സന്ദർശിച്ചിരുന്നത്.
എന്നാൽ, വി.എസ്. അച്യുതാനന്ദൻ സമരപ്പരന്തലിൽ വന്നപ്പോഴുള്ള ജനങ്ങളുടെ ആവേശം ഇന്നും പെരിയാർ തീരവാസികൾ മറന്നിട്ടില്ല. എംഎൽഎമാരായിരുന്ന റോഷി അഗസ്റ്റിനും ഇ.എസ്. ബിജിമോളുമായിരുന്നു ആ സമയം ഉപവാസമനുഷ്ഠിച്ചത്.
ഇരുവരെയും ഷാളണിയിച്ച വി.എസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കടുത്തഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെയാണ് വി.എസിന്റെ സന്ദർശനത്തെ അന്നു ജനങ്ങൾ നോക്കിക്കണ്ടത്.
സർക്കാരും കോടതിയും അനുവദിച്ചാൽ മുല്ലപ്പെരിയാറിൽ ഡാം നിർമിക്കാനുള്ള പണം കണ്ടെത്താൻ ഇടതു മുന്നറിക്കാവുമെന്നും അദ്ദേഹം മുല്ലപ്പെരിയാർ സന്ദർശന വേളയിൽ പറഞ്ഞിരുന്നു.