ഒഞ്ചിയത്തിന്റെ ഓര്‍മകളില്‍ വിഎസ്
Tuesday, July 22, 2025 4:14 PM IST
കോഴിക്കോട്: രക്തസാക്ഷികളുടെ മണ്ണായ ഒഞ്ചിയത്ത് വിഎസിന്റെ ഓര്മ നിറയുന്നു. 51 വെട്ടേറ്റ് മരിച്ച ടി.പി. ചന്ദ്രശേഖരന്റെ വസതിയില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസം വിഎസ് എത്തിയത് ഇപ്പോഴും ഈ പ്രദേശത്തെ ആവേശം കൊള്ളിക്കുന്നു.
ചന്ദ്രശേഖരന് കൊല്ലപ്പെട്ട് 30 ദിവസം കഴിഞ്ഞ് 2012 ജൂണ്‍ രണ്ടിനാണ് വിഎസ് ഒഞ്ചിയത്തെ തൈവച്ച പറമ്പില്‍ വീട്ടില്‍ എത്തിയത്. വിഎസിന്റെ വരവറിഞ്ഞ് അന്ന് ഒഞ്ചിയത്തേക്ക് ജനം ഒഴുകുകയായിരുന്നു. അവടേക്കുള്ള വഴികളെല്ലാം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.
പുന്നപ്ര-വയലാര്‍ സമര നായകന് എത്തുമ്പോഴേക്കും അവിടം ജനസമുദ്രമായിരുന്നു. വികാരങ്ങളുടെ വേലിയേറ്റത്തില്‍ ടി പിയുടെ ജീവിതസഖാവ് കെ.കെ. രമയും മാതാവ് പത്മിനി ടീച്ചറും വിഎസിന്റെ മുന്നില്‍ നിയന്ത്രണംവിട്ടു. മകന് അഭിനന്ദും ആര്‍എംപി നേതാവ് എന്‍. വേണുവും അപൂര്‍വമായ കൂടിക്കാഴ്ചയുടെ സാക്ഷികളായി.
അതുകഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയശേഷം അടച്ചിട്ട മുറിയില്‍ കെ.കെ. രമ, മകന് അഭിനന്ദ്, രമയുടെ പിതാവ് കെ.കെ. മാധവന്, എന്‍. വേണു എന്നിവരുമായി ഒരു മണിക്കൂറോളം സംസാരിച്ചു. തൊട്ടടുത്ത് ടിപിയുടെ പണിപൂര്‍ത്തിയാകാത്ത വീട്ടിലും കയറിയ വിഎസ്, അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാര്‍ച്ചനയും നടത്തിയാണ് മടങ്ങിയത്.
ആര്‍എംപി രുപീകരിച്ച കാലംമുതല്‍ അക്രമത്തിനിരിയായ പ്രവര്‍ത്തകരെയെല്ലാം വിഎസ് അന്ന് നേരില്‍കണ്ടിരുന്നു. തടിച്ചുകൂടിയ ജനാവലി മുദ്രാവാക്യം വിളിച്ചാണ് വിഎസിനെ യാത്രയാക്കിയത്.
വിഎസിനെ സംബന്ധിച്ച് പ്രിയ സഖാവ് തന്നെയായിരുന്നു ടി.പി. ചന്ദ്രശേഖരന്. ടിപിയും കൂട്ടരും സിപിഎം വിട്ട് ആര്‍എംപി രൂപവത്കരിച്ചപ്പോഴും മറ്റ് നേതാക്കള്‍ പുലര്‍ത്തിയ ശത്രുതാമനോഭാവം കാണിച്ചില്ലെന്ന് മാത്രമല്ല, അവര്‍ പ്രിയപ്പെട്ട സഖാക്കള്‍ തന്നെയാണെന്ന് പരസ്യമായി പ്രഖ്യാപി ക്കുകയും ചെയ്തു.
കുലംകുത്തികളെന്നും ഭൂമികുലുക്കിപ്പക്ഷികളെന്നും മറ്റും ഔദ്യേഗിക പക്ഷം വിമര്ശിച്ചപ്പോളും വിഎസ് ആ നിലപാട് സീകരിച്ചില്ല. മൃദുസമീപനമാണ് അദ്ദേഹം എപ്പോഴും പുലര്‍ത്തിയത്.