കോട്ടയം സമരവേദികളിലും വിഎസ് മുന്‍നിരയില്‍
Tuesday, July 22, 2025 4:05 PM IST
കോട്ടയം: പാര്‍ട്ടി സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന് നേതാവ്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ കോട്ടയം ജില്ലയുമായി നിരന്തരം ബന്ധപ്പെട്ട നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്.
കര്‍ഷക തൊഴിലാളി നേതാവായിരിക്കെ ആര് ബ്ലോക്കിലെയും അപ്പര്‍ കുട്ടനാട്ടിലെയും കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാനും സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും പലതവണ എത്തിയിട്ടുണ്ട്.
പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും കോട്ടയത്ത് എത്തിയിരുന്നു. കെ.കെ. ജോസഫ്, എം.ജെ. ജേക്കബ്, വി.കെ. ഗോപിനാഥന്, തമ്പി പൊടിപാറ, എം.പി. സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു അടുപ്പമുള്ള സിപിഎം നേതാക്കള്‍.
വി.എസ് ഗ്രൂപ്പ് പാര്‍ട്ടിയില്‍ ശക്തിപ്പെട്ടപ്പോള്‍ വി.കെ. ഗോപിനാഥന്റെ നേതൃത്വത്തില്‍ കുറെയാളുകള്‍ വി.എസിനൊപ്പം നിലകൊണ്ടു. പ്രതിപക്ഷ നേതാവായിരിക്കെ കിളിരൂരിലെ ശാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യംമുതല്‍ വിഎസ് പോരാട്ടത്തിനുണ്ടായിരുന്നു.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ സമരം നയിച്ചതിനു ശേഷം വേമ്പനാട്ടു കായലിലെ കൈയേറ്റത്തിനെതിരേ സമരത്തിനു നേതൃത്വം കൊടുത്തു. കുമരകം മുതല്‍ തണ്ണീര്‍മുക്കം വരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്കും വി.എസ് എത്തിയിരുന്നു.
മുഖ്യമന്ത്രിയായപ്പോള്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ പരിപാടികളിലും സമ്മേളനങ്ങളിലും എത്തിയിരുന്നു. ഒടുവില്‍ പ്രതിപക്ഷ നേതാവായിരിക്കെ മൂന്നിലവിലെ അനധികൃത ക്വാറി സന്ദര്‍ശിക്കാനും എത്തി.
ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്നപ്പോള്‍ കോട്ടയത്ത് എത്തിയാല്‍ നാട്ടകം ഗസ്റ്റ് ഹൗസിലും കോട്ടയം റസ്റ്റ് ഹൗസിലുമായിരുന്നു താമസം. പതിവു ദിനചര്യകളായ യോഗ, നടത്തം, എണ്ണ തേച്ചുള്ള കുളി, പ്രത്യേക ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നിര്‍ബന്ധമായിരുന്നു.