മണൽഖനനത്തിനെതിരേ നടത്തിയ പോരാട്ടം; വിഎസിനെ നെഞ്ചേറ്റി ബുധനൂർ
Tuesday, July 22, 2025 4:02 PM IST
മാന്നാർ: ഒരു ഗ്രാമത്തെ ഒന്നാകെ ഇല്ലാതാക്കാൻ കഴിയുമായിരുന്ന മണൽഖനനത്തിനെതിരേ വി എസ് നടത്തിയ ശക്തമായ ഇടപെടൽ എന്നും ഓർക്കുന്നവരാണു ബുധനൂർ നിവാസികൾ. 20 വർഷം മുൻപ് വിഎസ് അച്യുതാനന്ദൻ ഇവിടെ ഇടപെടൽ നടത്തിയില്ലായിരുന്നുവെങ്കിൽ ഇന്ന് ബുധനൂർ പഞ്ചായത്തിന്റെ പല പ്രദേശങ്ങളും കാണില്ലായിരുന്നുവത്രേ.
ബുധനൂർ, എണ്ണയ്ക്കാട് പ്രദേശങ്ങളിലെ പാടശേഖരങ്ങൾ കുഴിച്ച് വ്യാപകമായി അനധികൃത മണൽ ഖനനം നടത്തിയിരുന്ന കാലഘട്ടം. പകലും രാത്രിയും വ്യത്യാസമില്ലാതെ നൂറുകണക്കിനു ലോഡ് മണലാണ് ഇവിടെ നിന്നു കയറ്റിക്കൊണ്ടുപോയിരുന്നത്. 20 അടി താഴ്ചയിൽ വരെ യന്ത്രങ്ങൾ ഉപയോഗിച്ചു മണൽഖനനം നടത്തിയിരുന്നു.
ടിപ്പറുകൾ കയറിച്ചെല്ലാത്ത ഇടങ്ങളിൽ വള്ളങ്ങളിൽ മണൽ നിറച്ച് എത്തിക്കുകയായിരുന്നു. സി പി എം ഇത്തരം മണൽഖനനത്തിനെതിരേ സമരങ്ങൾ സംഘടിപ്പിച്ചുവെങ്കിലും ഖനനം തുടർന്നുകൊണ്ടേയിരുന്നു.വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഏറ്റെടുത്ത നിരവധി സമരങ്ങളിൽ കേരളം കണ്ട വലിയ പോരാട്ടമായിരുന്നു മണൽഖനനത്തിനെതിരേ ബുധനൂരിൽ നടത്തിയ സമരം.
2004 ആഗസ്റ്റ് 16ന് സമരം ഏറ്റെടുക്കാൻ വിഎസ് എണ്ണയ്ക്കാട്ടേക്ക് എത്തുകയായിരുന്നു. പ്രധാന മണൽഖനന പാടശേഖരങ്ങൾ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. ബുധനൂരിൽ നിന്ന് റാലിയായി മൂന്ന് കിലോമീറ്റർ അപ്പുറത്തെ എണ്ണക്കാട് ഖനന പ്രദേശത്തേക്കു വിഎസ് എത്തി.നൂറ് കണക്കിനാളുകൾ പങ്കെടുത്ത ബഹുജനസമരമായി ഈ റാലി മാറി.
റാലി കടന്നുപോയ ഇടങ്ങളിൽ സമരം അക്രമാസക്തമാകുകയും പത്തോളം വള്ളങ്ങൾ വെട്ടി പൊട്ടിക്കുകയും ചെയ്തു. റാലി മുന്നാട്ടുപോകരുതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വി എസിനോട് അഭ്യർഥിച്ചു.
പാടശേഖരങ്ങളിൽ നിന്ന് ഒരു തരിമണൽ പോലും ഇനി വാരില്ലെന്ന ഉറപ്പുതന്നാൽ റാലിയുമായി മുന്നോട്ടുപോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൂടിആലോചിച്ച് ഇനി ബുധനൂരിൽ നിന്ന് മണൽ വാരാൻ അനുവദിക്കില്ലെന്നു വിഎസിന് ഉറപ്പുനൽകി. റാലി അവിടെവച്ച് അവസാനിപ്പിച്ചു.
തുടർന്ന് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോൾ പോലീസ് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ഇനിയും താൻ വരുമെന്നും അന്ന് സമരരീതി ഇതായിരിക്കില്ലെന്നും പറഞ്ഞു. ഇതേ ത്തുടർന്ന് അടുത്ത ദിവസം മുതൽ പോലീസ് നടപടി ശക്തമാക്കുകയും ഖനനം പൂർണമായും ഇല്ലാതാകുകയും ചെയ്തു. ഈ പ്രദേശവാസികൾ വിഎസിനെ ഓർക്കുന്നത് ഒരു ഗ്രാമത്തെ രക്ഷിച്ച ധീരനായ നേതാവായാണ്.