യുവകേരളം എന്തുകൊണ്ട് സന്ധിവേദനയുടെ പിടിയിൽ? എങ്ങനെ പ്രതിരോധിക്കാം
Saturday, July 19, 2025 4:10 PM IST
വാർധക്യസഹജമായ പ്രശ്നമെന്ന് കരുതിയിരുന്ന സന്ധിവേദനയും കാൽമുട്ടുവേദനയുമെല്ലാം ഇന്ന് 25നും 40നും ഇടയിലുള്ള യുവതലമുറയിൽ വ്യാപകമാവുകയാണ്. ഇത് കേവലം ഒരു വാർധക്യ പ്രശ്നം എന്നതിൽ നിന്ന് മാറി, ഒരു ജീവിതശൈലി രോഗമായി മാറിക്കഴിഞ്ഞു.
ഉയർന്ന സാക്ഷരതയ്ക്കും ആരോഗ്യ പരിചരണത്തെക്കുറിച്ചുമുള്ള അവബോധത്തിനും പേരുകേട്ട കേരളത്തിൽ, യുവാക്കൾക്കിടയിൽ ക്രമാതീതമായി വർധിച്ചുവരുന്ന ഈ ആരോഗ്യപ്രശ്നം ആശങ്ക ഉയർത്തുന്നു. ഇന്ന് പ്രായം കൊണ്ടല്ല, ജീവിതശൈലി കൊണ്ടാണ് ഈ രോഗം വരുന്നത്.
വ്യായാമമില്ലാത്ത ജോലികൾ, മണിക്കൂറുകളോളം സ്ക്രീനിന് മുന്നിൽ കുനിഞ്ഞിരിക്കുന്നത്, തെറ്റായ ശരീരനില, ചിട്ടയില്ലാത്ത വ്യായാമം എന്നിവയെല്ലാം പേശീ-അസ്ഥി സംബന്ധമായ പ്രശ്നങ്ങൾക്ക് കളമൊരുക്കുന്നു.
എന്തുകൊണ്ടാണ് ചെറുപ്പക്കാർക്ക് സന്ധി വേദന വരുന്നത്? പ്രധാന കാരണങ്ങൾ പരിശോധിക്കാം
• തെറ്റായ ശരീരനില (Poor Posture): കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്നത്, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ കഴുത്ത് കുനിച്ചിരിക്കുന്നത്, തെറ്റായ രീതിയിൽ നടക്കുന്നത് എന്നിവയെല്ലാം നടുവേദന, കഴുത്തുവേദന, മുട്ടുവേദന എന്നിവയ്ക്ക് കാരണമാകും.
ഈ ശീലങ്ങൾ സന്ധികളിൽ അമിത സമ്മർദം ചെലുത്തി തേയ്മാനം വേഗത്തിലാക്കുന്നു.
• ജിമ്മിലെ അമിത വ്യായാമം: ആരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മിൽ പോകുന്നവർ പോലും ചിലപ്പോൾ അമിതമായി വ്യായാമം ചെയ്യുന്നത് സന്ധികൾക്ക് ദോഷകരമായി മാറിയേക്കാം.
ശരിയായ പരിശീലനമില്ലാതെ ഭാരം ഉയർത്തുന്നതും ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും കൂടുതൽ തീവ്രമായ വ്യായാമങ്ങൾ ചെയ്യുന്നതും സന്ധികളിൽ തേയ്മാനം വരുത്താനും പരിക്കുകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്
• അമിതവണ്ണം: ശരീരഭാരം കൂടുന്നത് കാൽമുട്ടുകൾ, ഇടുപ്പെല്ല്, നടു തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് തരുണാസ്ഥിയുടെ (cartilage) തേയ്മാനം വേഗത്തിലാക്കുകയും സന്ധിവാതത്തിന് കാരണമാകുകയും ചെയ്യും.
• പോഷകാഹാരക്കുറവ്: വൈറ്റമിൻ ഡി, കാൽസ്യം, ഓമേഗ-3 ഫാറ്റി ആസിഡ് എന്നിവയുടെ അഭാവം അസ്ഥികളെയും സന്ധികളെയും ദുർബലമാക്കുന്നു. പ്രോട്ടീൻ കുറവുള്ള ഭക്ഷണക്രമം മസിലുകളെയും സന്ധികളെയും ബലഹീനമാക്കും.
• അസ്ഥിസന്ധി രോഗങ്ങൾ: ഓസ്റ്റിയോആർത്രൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഗൗട്ട് തുടങ്ങിയ അസ്ഥിസന്ധി രോഗങ്ങൾ മൂലം വേദന ഉണ്ടാകും.
• സ്പോർട്സ് ഇഞ്ചുറികൾ: മെനിസ്കസ് ടിയർ, എസിഎൽ ഇഞ്ചുറി തുടങ്ങിയ പ്രശ്നങ്ങൾ യുവാക്കളിൽ കാൽമുട്ടുവേദന ഉണ്ടാക്കാം.
• അലസമായ ജീവിതശൈലി: ശാരീരിക പ്രവർത്തനങ്ങൾ കുറഞ്ഞതും കൂടുതൽ സമയം ഇരുന്നുള്ളതുമായ ജീവിതശൈലി സന്ധികളുടെ ബലത്തെയും വഴക്കത്തെയും പ്രതികൂലമായി ബാധിക്കുന്നു.
വ്യായാമമില്ലായ്മ സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ദുർബലപ്പെടുത്തുകയും സന്ധികളെ കൂടുതൽ ദുർബലമാക്കുകയും ചെയ്യും.
എങ്ങനെ ഇതിനെ പ്രതിരോധിക്കാം?
യുവാക്കളിൽ കണ്ടുവരുന്ന സന്ധിവാതത്തെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
• നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം ശരീരനില ശരിയാണോ എന്ന് ശ്രദ്ധിക്കുക. കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ ഇടവേളകളെടുക്കുകയും നടക്കുകയും ചെയ്യുക.
• ആരോഗ്യകരമായ വ്യായാമ ശീലങ്ങൾ വളർത്തുക. ജിമ്മിൽ പോകുന്നുണ്ടെങ്കിൽ ഒരു പരിശീലകന്റെ സഹായം തേടുക. കാൽമുട്ടുകൾക്ക് സമ്മർദ്ദം കുറയ്ക്കുന്ന സൈക്ലിംഗ്, നീന്തൽ, യോഗ തുടങ്ങിയ വ്യായാമങ്ങൾ തിരഞ്ഞെടുക്കുക.
• ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചിട്ടയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുക.
• ദീർഘനേരം ഒരേ ഇരുപ്പിൽ ഇരിക്കുന്നത് ഒഴിവാക്കുക. ചെറിയ നടത്തങ്ങൾ, പടികൾ കയറൽ തുടങ്ങിയവ ദിനചര്യയുടെ ഭാഗമാക്കുക.
• എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ (മത്സ്യം പോലുള്ളവ) എന്നിവ സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രോസസ് ചെയ്ത ഭക്ഷണങ്ങളും അമിതമായി പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങളും കുറയ്ക്കുക.
• സന്ധികൾക്ക് ആവശ്യമായ വിശ്രമം നൽകുക. അമിതമായി ജോലി ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും ഒഴിവാക്കുക.
മുട്ടുവേദന, സന്ധിവേദന തുടങ്ങിയ അസ്ഥി സംബന്ധമായ വേദനങ്ങൾ തുടങ്ങുമ്പോൾ തന്നെ ഒരു ഡോക്ടറെ സമീപിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
വൈദ്യോപദേശത്തിലൂടെ മാത്രമേ രോഗത്തിന്റെ യഥാർഥ ഉറവിടമെന്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കാൻ സാധിക്കും.
സന്ധിവേദന ഒരു വാർധക്യ പ്രശ്നമല്ല, മറിച്ച് ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെ ഫലമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ സന്ധികളുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തും.
ഡോ. അരവിന്ദ് പി. വിജയൻ
കൺസൾട്ടന്റ് - ഓർത്തോപീഡിക്സ്, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ, അങ്കമാലി.