ഷെറിന് ഇനി സ്വതന്ത്ര
Monday, July 14, 2025 3:18 PM IST
പഴുതടച്ചുള്ള അന്വേഷണമാണ് ചെങ്ങന്നൂര്‍ പോലീസ് നടത്തിയത്. സ്വത്തിലെ അവകാശം നഷ്ടമായതോടെ കാരണവരെ വകവരുത്തി ബാസിത് അലിക്കൊപ്പം ജീവിക്കാനായിരുന്നു ഷെറിന്റെ പ്ലാന്‍.
കൊല നടന്ന ദിവസം വീടിന്റെ വാതില്‍തുറന്ന് കിടപ്പുമുറിയിലേക്ക് ബാസിത് അലിയെ കൂട്ടിക്കൊണ്ടുപോയതും താന്‍ തന്നെയായിരുന്നുവെന്ന് ഷെറിന് പോലീസിനു മൊഴി നല്കി. വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിംഗ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് എളുപ്പത്തില്‍ രണ്ടാംനിലയിലേക്കു പ്രവേശിക്കാമെന്നുമായിരുന്നു ഷെറിന്റെ മൊഴി.
എന്നാല്‍, ഒരു ഏണിയില്ലാതെ അതിന്റെ മുകളിലേക്ക് കയറാനാവില്ലായിരുന്നു. പോലീസ് നടത്തിയ തെരച്ചിലില്‍ പറമ്പില്‍ മതിലിനോടുചേര്‍ന്ന് ഒരു ഏണി കണ്ടെത്തി. പക്ഷേ, അതില്‍ മുഴുവന്‍ പൊടിപിടിച്ചിരിക്കുന്നതിനാല്‍ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നു പോലീസിന് വ്യക്തമായിരുന്നു.
ഭാസ്ക്കര കാരണവര്‍ക്ക് രണ്ട് വളര്‍ത്തു നായ്ക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഭവദിവസം ഈ നായ്ക്കള്‍ കുരച്ചില്ലെന്നത് പോലീസിന് സംശയം ഇരട്ടിയാക്കി. മോഷ്ടാക്കളാണ് കൃത്യം നടത്തിയതെങ്കില്‍ അവര്‍ക്ക് വീട്ടില്‍ നിന്നുതന്നെ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന നായ്ക്കള്‍ കുരയ്ക്കാതിരിക്കാന്‍ അവയ്ക്ക് മയക്കുമരുന്ന് നല്‍കുകയായിരുന്നു. ഷെറിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച പോലീസ് സംഘം അന്ന് രാത്രി അവരുടെ നമ്പറില്‍ നിന്ന് ബാസിത് അലിയുടെ നമ്പറിലേക്ക് 55 ഫോണ്‍കോളുകള്‍ എത്തിയതായും കണ്ടെത്തി.
പിന്നീട് നടത്തിയ പരിശോധനയില്‍ കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു കൈയുടെ തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്നും കണ്ടെത്തുകയായിരുന്നു.
കാരണവരെ വധിച്ചതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച് ഷെറിന് ബാസിത് നല്കിയ വെള്ളിമോതിരവും വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തി. ഇതോടെ പ്രതികളായ ഷെറിനും ബാസിത് അലിയും നിഥിനും ഷാനു റഷീദും അറസ്റ്റിലായി.
ഐജി വിൻസൺ എം. പോളിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ ജ്യോതികുമാറാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കുറ്റപത്രം സമര്‍പ്പിച്ചത് 89-ാം ദിവസം
കൊലപാതകം നടന്ന 89-ാം ദിവസം ചെങ്ങന്നൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 87 സാഹചര്യ തെളിവുകളായിരുന്നു അന്ന് കോടതിയില്‍ പ്രോസിക്യൂഷന് ഷെറിനെതിരേ നിരത്തിയത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ചയ്ക്കിടെ ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായും 277 പേജുള്ള വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു.
2010 ജൂണ്‍ 11ന് മാവേലിക്കര അതിവേഗ കോടതി ജഡ്ജി എന്‍. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചു. സംഭവം നടന്ന് ഏഴാം മാസം കേസില്‍ കോടതി വിധി പറഞ്ഞു.
ഒന്നാം പ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്.
രണ്ടുമുതല്‍ നാലുവരെ പ്രതികളായ ബാസിത് അലി, നിഥിന്, ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ് പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
സുഹൃത്തുക്കളായ ബാസിത് അലി, നിഥിന് , ഷാനു റാഷിദ് എന്നിവരാണ് കൊലപാതകത്തിന് ഷെറിന് സഹായം നല്‍കിയതെന്ന് പോലീസ് കണ്ടെത്തി. കാരണവര്‍ വധക്കേസില്‍ മൂവരും നിലവില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
കേസിലെ വിധിപ്രസ്താവത്തിന് ശേഷവും താന്‍ കുറ്റകൃത്യം ചെയ്ട്ടില്ലെന്നും എന്നാല്‍ കോടതിവിധിയെ മാനിക്കുകയാണെന്നുമാണ് ഷെറിന് പ്രതികരിച്ചത്. തങ്ങളാണ് കൃത്യം ചെയ്തതെന്നും ഷെറിന് നിരപരാധിയാണെന്നും കൂട്ടുപ്രതികളും പ്രതികരിച്ചു.
“ഡാഡിയെ കൊല്ലണമെങ്കില്‍ ഇവരുടെ സഹായം വേണോ, രണ്ട് ഗുളിക കൊടുത്താല്‍ പോരെ, അല്ലെങ്കിലും എന്നെ സംരക്ഷിക്കുന്ന ഡാഡിയെ ഞാന്‍ എന്തിന് കൊല്ലണം'' എന്നായിരുന്നു ഷെറിന്റെ കൂസലില്ലാത്ത ചോദ്യം.
ജയിലിലും വിഐപി
2010 ജൂണ്‍ 11 ന് ജീവപര്യന്തത്തിന് ശിക്ഷാവിധി വന്ന ശേഷം ഷെറിനെ ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും പിന്നീട് നെയ്യാറ്റിന്‍കര വനിത ജയിലിലേക്കുമാണ് മാറ്റിയത്. നെയ്യാറ്റിന്‍കര വനിതാ ജയിലില്‍ വച്ചാണ് ഷെറിന് വീണ്ടു വാര്‍ത്തകളില്‍ നിറയുന്നത്.
മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചത് അധികൃതര്‍ കണ്ടെത്തുകയും ഷെറിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവിടെനിന്നു ഷെറിനെ 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വിയ്യൂരില്‍ വച്ചാണ് ജയില്‍ ഡോക്ടര്‍ ഷെറിന് വെയില് കൊള്ളാതിരിക്കാന്‍ കുട അനുവദിച്ചത്. ജയില്‍ ഉദ്യോഗസ്ഥരെ ഷെറിന് ഭീഷണിപ്പെടുത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു, ഇതോടെ 2017 മാര്‍ച്ചില്‍ ഷെറിനെ തിരുവനന്തപുരം വനിതാ ജയിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഷെറിന് ഇപ്പോഴും പരോളിലാണ്.
സംസ്ഥാനത്ത് ശിക്ഷാകാലയളവില്‍ ഏറ്റവുമധികം തവണ പരോള്‍ ലഭിച്ച തടവുകാരിയാണ് ഷെറിന്. ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഇവര്‍ ജയിലിനു പുറത്തായിരുന്നു. ഉന്നത ഇടപെടലാണ് പരോളിനു പിന്നിലെന്ന ആരോപണവുമുണ്ടായി.
കോവിഡ് സമയത്തും ഷെറിന് മാസങ്ങളോളം പുറത്തുതന്നെയായിരുന്നു. ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഷെറിനെതിരേ പരാതിയുയര്‍ന്നിരുന്നു. ജയിലിലെ വിഐപി സന്ദര്‍ശനവും വലിയ ചര്‍ച്ചയായി.
വനിതാ ജയിലിലെ സൗകര്യങ്ങളെച്ചൊല്ലി ഇവര്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മൂന്നു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷാ കാലാവധി തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ പരോള്‍ നേടി.
2012 മാര്‍ച്ച് മൂന്നിന് ഷെറിന് ആദ്യ പരോള്‍ അനുവദിച്ചു. തിരുവനന്തപുരം ജയിലില്‍വച്ചുമാത്രം ഇവര്‍ എട്ടുതവണ പരോള്‍ നേടി. രണ്ടെണ്ണം അടിയന്തര പരോളായിരുന്നു.
2016ല്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്ന് കേരളത്തിലെ മറ്റു തടവുകാര്‍ക്കൊന്നും പരോള്‍ അനുവദിക്കാതിരുന്നപ്പോഴും ഷെറിന് പരോള്‍ കിട്ടി.
30 ദിവസത്തെ പരോള്‍ പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടുകയും ചെയ്തു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിനെ സ്കോര്‍പിയോ കാറില്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയതും വിവാദമായിരുന്നു.
ആലപ്പുഴ സബ് ജയിലില്‍നിന്ന് രണ്ടു വനിതാ പോലീസുകാരുടെ മാത്രം സാന്നിധ്യത്തില്‍ ടാക്സിയില്‍ കൊണ്ടുപോയത് പോലീസിന്റെ വീഴ്ചയായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും നല്കി. ഇത്തരം സംഭവ വികാസങ്ങള്‍ക്കിടെയാണ് ഇവര്‍ക്ക് ഇപ്പോള്‍ ശിക്ഷായിളവ് ലഭിച്ചത്.
ആളൊഴിഞ്ഞ് കാരണവേഴ്സ് വില്ല
കൊലപാതകത്തിനുശേഷം ചെറിയനാട്ടെ കാരണവേഴ്സ് വില്ല അനാഥമായി. ഷെറിന് ജയിലിലേക്ക് പോകുമ്പോള്‍ കുട്ടിക്ക് നാലു വയസ് മാത്രമായിരുന്നു പ്രായം.
കുട്ടിയെയും ബിനുവിനെയും സഹോദരങ്ങള്‍ പിന്നീട് അമേരിക്കയിലേക്ക് കൊണ്ടു പോയി.