ഇരുട്ടുമുറികളിൽ പ്രസവം
Thursday, May 15, 2025 2:39 PM IST
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശാസ്ത്രീയ പരിശീലനവും നേടിയവരല്ല ഇവർ. ശുചിത്വമോ സൗകര്യമോ സംവിധാനങ്ങളോ ഇല്ലാത്ത ഇരുട്ടുമുറികളിലാണ് പ്രസവം.
വയനാട്ടിലും അട്ടപ്പാടിയിലും പ്രസവത്തിനു മാത്രമായി ആദിവാസികൾ താൽകാലിക ഓലക്കുടിലുകൾ നിർമിക്കുന്നു. തോട്ടം മേഖലയിലെ അതിഥി തൊഴിലാളികളുടെ സ്ത്രീകൾക്ക് ആൾതാമസമില്ലാത്ത ലയങ്ങളാണ് പ്രവസമുറി.
കേരളത്തിൽ ജോലിതേടിയെത്തിയ 35 ലക്ഷം അതിഥി തൊഴിലാളികളിൽ അഞ്ചു ലക്ഷം പേർ കുടുംബസമേതം സംസ്ഥാനത്ത് താമസമാക്കിയിരിക്കുന്നു. എസ്റ്റേറ്റ് ലയങ്ങളിലും ലേബർ ക്യാന്പുകളിലും വാടകമുറികളിലുമാണ് ഇവരിൽ ഏറെപ്പേരും കഴിയുന്നത്.
അസം, ഒഡിഷ, ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽനിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. എഴുത്തും വായനയും അറിയാത്തവരും ഇവരിൽപ്പെടും.
ഇതിൽ സ്ത്രീകൾ പുറത്തേക്ക് ഇറങ്ങുന്നതുതന്നെ വിരളം. ഇവർക്ക് ഗർഭകാലപരിചരണം എത്തിക്കുന്നതും ആശുപത്രിയിലെത്തിച്ച് പ്രസവം നടത്തുന്നതും പ്രായോഗികമല്ല. ഇവരേറെയും കാലങ്ങളായി വീടുകളിൽതന്നെ പ്രസവിക്കുന്ന വിഭാഗമാണ്.
ഇടുക്കി ജില്ലയിൽ ലേബർ ക്യാന്പുകളിൽ പതിവായി പ്രസവമെടുക്കുന്ന ഇതരസംസ്ഥാന സ്്ത്രീകളുണ്ട്. വഴിയോരത്തും ആംബുലൻസിലുമൊക്കെ അതിഥിത്തൊഴിലാളി സ്ത്രീകൾ പ്രസവിച്ച സംഭവങ്ങൾ നിരവധിയാണ്.
ചാലക്കുടി മേലൂർ കരുവാപ്പടിയിൽ വാടക മുറിയിൽ ഒഡീഷക്കാരി യുവതി പ്രസവിച്ച് പരസഹായമില്ലാതെ പൊക്കിൾക്കൊടി മുറിച്ചതിനെത്തുടർന്ന് നവജാതശിശു മരിച്ചത് അടുത്തിടെയാണ്.
ഇടുക്കി നെല്ലിയാംപതിയിൽ ജീപ്പിൽ പ്രസവിച്ച അതിഥിത്തൊഴിലാളി സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാട്ടാനയും കാട്ടുപോത്തും വഴി തടഞ്ഞു.
ഒരു മണിക്കൂറിനുശേഷം വനപാലകരെത്തി ആനകളെ തുരത്തിയാണ് അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചത്.
തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപം എസ്കലേറ്ററിനടുത്ത് സെക്കന്തരാബാദ് സ്വദേശിയായ അതിഥിത്തൊഴിലാളി ജസ്ന ബീഗം പെണ്കുഞ്ഞിനു ജന്മം നൽകിയതും അടുത്തയിടെയാണ്.
പൂർണഗർഭിണിയെ അവശനിലയിൽ കണ്ടതിനെത്തുടർന്ന് റെയിൽവേ പോലീസ് ആശുപത്രിയിലേക്കു മാറ്റാൻ ഒരുങ്ങുന്പോഴായിരുന്നു പ്രസവം. വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും കടയിൽ നിന്ന് കത്രിക എത്തിച്ചു പൊക്കിൾക്കൊടി മുറിച്ചു. രണ്ടു വയസുള്ള ഒരു കുട്ടി മാത്രമാണു യുവതിയോടൊപ്പം ഉണ്ടായിരുന്നത്.
ഇടുക്കി പൂപ്പാറയിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിയായ ഉത്തർപ്രദേശ് സ്വദേശിനി പിങ്കി ആംബുലൻസിൽ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് പെണ്കുഞ്ഞിനെ പ്രസവിച്ചത്. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് ആംബുലൻസ് ജീവനക്കാർ.
അഞ്ചു വർഷത്തിനിടെ 3,000 വീട്ടുപ്രസവങ്ങൾ
സംസ്ഥാന സർക്കാർ പുറത്തുവിട്ട വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം വീട്ടു പ്രസവങ്ങളുടെ എണ്ണം 2020ൽ 199, 2021ൽ 257, 2022ൽ 258, 2023ൽ 266, 2024ൽ 253 എന്നിങ്ങനെയാണ്.
അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് ആകെ മൂവായിരത്തോളം പ്രസവങ്ങൾ വീട്ടിൽ നടന്നതിൽ 1,300 പ്രസവവും മലപ്പുറത്താണ്്. കഴിഞ്ഞ ഒൻപതു മാസത്തിനിടെ ഇതേ ജില്ലയിൽ നാല് നവജാത ശിശുക്കൾ മരിച്ചു.
1947ൽ ഇന്ത്യയിൽ മാതൃമരണനിരക്ക് ഒരു ലക്ഷം പ്രസവത്തിൽ രണ്ടായിരമായിരുന്നു. ഇന്നത് 97 ൽ എത്തി. ശിശുമരണം ആയിരത്തിന് 145 ആയിരുന്നത് 28 ആയി. കേരളത്തിൽ ശിശുമരണനിരക്ക് 1970 ൽ 56 ആയിരുന്നത് ഇപ്പോൾ ആറു മാത്രം.
എന്നാൽ, ഇതൊക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടമായി കാണാൻ വീട്ടുപ്രസവവാദികൾ തയാറല്ല.
ആദിവാസി ഊരുകളിൽ സംഭവിക്കുന്നത്
വീട്ടുപ്രസവം നിയമംകൊണ്ടു തടയുക പ്രായോഗികമല്ല. ആദിവാസി ഉൗരുകളിലും അതിഥിതൊഴിലാളി ക്യാന്പുകളിലും സമൂഹവുമായി ബന്ധമില്ലാതെ കഴിയുന്ന സ്ത്രീകൾ ഏറെപ്പേരാണ്.
വയനാട്, ഇടുക്കി ജില്ലകളിലെ ഗാർഹിക പ്രസവങ്ങൾ പലതും പലവിധ പരിമിതികൾ മൂലം സംഭവിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആദിവാസി-തോട്ടം മേഖലകളിലെ ആശുപത്രികളുടെ കുറവും ചികിത്സാപരിമിതിയുമൊക്കെ വീട്ടുപ്രസവത്തിന് പ്രധാന കാരണമാണ്.
അതിഥിത്തൊഴിലാളികളിലെ സ്ത്രീകൾ ഗർഭിണിയായാൽ ആശുപത്രിയിൽ ചികിത്സ തേടില്ല. ആശാപ്രവർത്തകരും ഇക്കാര്യം അറിയില്ല. ഇവരുടെ തനതുഗ്രാമീണ ഗോത്രഭാഷ, ആശയവിനിമയത്തിൽ വലിയ പരിമിതിയാണ്.
പ്രസവം വീടുകളിൽ നടത്തുന്നത് ആചാരമാണെന്ന ന്യായീകരണവും ഇവർക്കുണ്ടാകും. ഗർഭാവസ്ഥയിലും പ്രസവവേളയിലും തുടർന്നും സ്ത്രീയിൽ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി ശാസ്ത്രീയമായ വിവരമോ ബോധ്യമോ ഇവർക്കില്ല. പ്രസവം ഏത് നിമിഷവും സങ്കീർണമായി മാറാവുന്ന ഒരു പ്രക്രിയയാണെന്ന തിരിച്ചറിവും ഇല്ല.
കേരളത്തിൽ വീടുകളിൽ പ്രസവിച്ച സ്ത്രീകളോട് ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അടുത്തയിടെ വിവരശേഖരണം നടത്തിയിരുന്നു. പ്രസവവേളയിൽ വാഹനം ലഭിക്കാൻ പ്രയാസമുണ്ടായിരുന്നോ, ആശുപത്രി അകലെയാണോ, ആശുപത്രിയിലെത്താൻ മറ്റന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഇല്ല എന്നായിരുന്നു എല്ലാവരുടെയും ഉത്തരം.
വയറ്റാട്ടി പറയുന്നതാണു ശരി!
ആശുപത്രിയിലെ പ്രസവത്തിൽ തുടർപരിശോധനകളുണ്ടെങ്കിലും വീട്ടിലെ പ്രസവങ്ങളിൽ ഇതു നടക്കാറില്ല. വൈകല്യസാധ്യത, കേൾവി-കാഴ്ച നിരീക്ഷണം, ഹോർമോണ് പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രസവാനന്തരം ആശുപത്രികളിൽ പരിശോധിക്കപ്പെടും.
ഗൈനക്കോളജിസ്റ്റും പരിചിത നഴ്സിംഗ് ടീമും യന്ത്രസംവിധാനങ്ങളുമാണ് ആശുപത്രികളിലെ ലേബർ റൂമുകളിലുള്ളത്. സങ്കീർണ പ്രസവങ്ങൾ കൈകാര്യം ചെയ്യാൻ വയറ്റാട്ടിമാർക്ക് യാതൊരു വൈദഗ്ധ്യവുമില്ല.
കുട്ടിയോ അമ്മയോ മരിച്ചാൽ വയറ്റാട്ടിയെ ആരും ചോദ്യം ചെയ്യുകയുമില്ല. ചാപിള്ളയെയാണ് പ്രസവിച്ചതെന്ന് ഇവർ പറഞ്ഞാൽ അത് ശരിവയ്ക്കുകയേ നിവൃത്തിയുള്ളു. വീട്ടിൽ പ്രസവിച്ച എത്രപേർ പിൽക്കാലത്ത് വൈകല്യങ്ങൾ അനുഭവിക്കുന്നുണ്ടെന്നതും പഠനവിഷയമാക്കുന്നില്ല.
സങ്കീർണ ഗർഭധാരണം തിരിച്ചറിയാനും മുൻകരുതലുകളെടുക്കാനും ആശുപത്രികളിലെ ഗർഭകാല പരിശോധനകൾ സഹായിക്കുന്നു. അമിത രക്തസ്രാവം ഉണ്ടാകുന്പോഴാണ് ആശുപത്രിയിലെത്തിക്കാൻ ചിലരെങ്കിലും തയാറാകുന്നത്. ഇത് അമ്മയുടെയോ കുഞ്ഞിന്റെയോ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കും.
ജനനസർട്ടിഫിക്കറ്റ് എന്ന കുരുക്ക്
കോഴിക്കോട്ട് വീട്ടിൽ ജനിച്ച കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് അടുത്തയിടെ വലിയ വിവാദമുണ്ടായി. ആശുപത്രിയിൽനിന്ന് പ്രസവ വിവരം ലഭിച്ചാൽ മാത്രമേ ജനന സർട്ടിഫിക്കറ്റ് നൽകാനാകൂ എന്നായിരുന്നു തദ്ദേശസ്ഥാപനത്തിന്റെ നിലപാട്.
കുട്ടിയുടെ മാതാപിതാക്കൾ ആരാണെന്നതിനും രേഖയുണ്ടാകണം. കുട്ടിയെ തട്ടിയെടുത്തതാണോ വിലയ്ക്കു വാങ്ങിയതാണോ തുടങ്ങിയ ചോദ്യങ്ങളും സംശയങ്ങളും അധികൃതർ ഉന്നയിച്ചു. വിഷയം പോലീസ് സ്റ്റേഷൻ വരെ എത്തി. പ്രസവം എടുത്തയാളെ സാക്ഷിയായി ഹാജരാക്കാമെന്ന വീട്ടുകാരുടെ ന്യായം പോലീസ് അംഗീകരിച്ചില്ല.
(തുടരും)