ജീവനെടുക്കും വീട്ടുപ്രസവം
Wednesday, May 14, 2025 12:17 PM IST
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്രീയമായി ഗാർഹിക പ്രസവം നടത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘം കേരളത്തിൽ സജീവമായുണ്ട്. അടുത്തയിടെ ഈ സംഘം മലപ്പുറത്തു നടത്തിയ സംഗമത്തിൽ വീട്ടിൽ പ്രസവിച്ച അൻപതോളം സ്ത്രീകളെ അവാർഡും ഉപഹാരവും നൽകിയ ആദരിച്ച സംഭവമുണ്ടായി.
ഗാർഹിക പ്രസവങ്ങൾ ഇനിയും വർധിപ്പിക്കണമെന്നും അലോപ്പതി മരുന്നുകളും പോളിയോ പ്രതിരോധ മരുന്നുമൊക്കെ അനാവശ്യമാണെന്നും ഇവർ പറയുന്നു. വീട്ടിൽ പ്രസവിച്ചവർ എന്ന വാട്സാപ് കൂട്ടായ്മയിലൂടെയും ഇവരുടെ ആശയവിനിമയം സജീവമാണ്. ഒരു വീട്ടുപ്രസവം കുഴപ്പമില്ലാതെ നടന്നാൽ ബന്ധുക്കൾ ഉൾപ്പെടെ കൂടുതൽ പേരിലേക്ക് അത് പ്രചരിപ്പിക്കുന്നു.
മതത്തെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇതിനോടു ചേർത്ത് അവതരിപ്പിക്കുന്നതും ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറയുന്നതും ഇവരുടെ രീതിയാണ്. വാക്സിസിനേഷൻ, മരുന്ന്, സ്കാനിംഗ് എന്നിവയ്ക്കെതിരേ കടുത്ത പ്രചാരണമാണ് ഇക്കൂട്ടർ നടത്തിവരുന്നത്.
അക്യുപങ്ചർ സെന്ററിൽ പ്രസവ ചികിത്സയ്ക്ക് എത്തിയവരും അവരെ എത്തിച്ചവരും പിൽക്കാലത്ത് അക്യുപങ്ചറിസ്റ്റ് ആയി മാറിയ സംഭവങ്ങളുമുണ്ട്. കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ 191 ഗാർഹിക പ്രസവങ്ങൾ നടന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഇതേ ജില്ലയിൽ അഞ്ച് വർഷത്തിനിടെ വീട്ടു പ്രസവത്തിൽ 18 നവജാതരും രണ്ട് അമ്മമാരും മരിച്ചു.
അസ്മയുടെ അഞ്ചാമത്തെ പ്രസവം
മലപ്പുറം കോഡൂർ ചട്ടിപ്പറന്പിലെ വാടകവീട്ടിൽ ഏപ്രിൽ അഞ്ചിന് വൈകുന്നേരം പ്രസവത്തിനിടെ മരിച്ച അസ്മ (35)യുടേത് അഞ്ചാമത്തെ പ്രസവമായിരുന്നു. മരണകാരണം അമിത രക്തസ്രാവത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അസ്മയെ പ്രസവത്തിന് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നാണു മെഡിക്കൽ വിദഗ്ധർ പറയുന്നത്.
ഫാത്തിമ എന്ന സ്ത്രീയാണ് അസ്മയുടെ പ്രസവമെടുത്തതെന്നും ഇവർ വർഷങ്ങളായി വിവിധ സ്ഥലങ്ങളിൽ പ്രസവമെടുക്കുന്നയാളാണെന്നും പോലീസ് കണ്ടെത്തി. ആരോഗ്യവകുപ്പും ജനപ്രതിനിധികളും ആശാവർക്കർമാരും താക്കീതു ചെയ്തിട്ടും ഇവർ വയറ്റാട്ടിയുടെ ജോലി തൊഴിലായി തുടരുകയായിരുന്നു. നാലു കിലോ തൂക്കമുള്ള കുഞ്ഞിനെയാണ് അസ്മയിൽനിന്നു പുറത്തെടുത്തത്.
അർധബോധാവസ്ഥയിലായ അസ്മയ്ക്ക് മൂന്നു മണിക്കൂർ നീണ്ട രക്തസ്രാവവും ശ്വാസംമുട്ടലുമുണ്ടായിട്ടും ഭർത്താവ് സിറാജുദീൻ കാഴ്ചക്കാരനായി നിന്നതേയുള്ളു. യുട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സിറാജുദീൻ ഭാര്യയെയും അതിന് ഇരയാക്കുകയായിരുന്നു. അക്യുപങ്ചർ പഠിച്ചതിനാൽ വേദനയില്ലാതെ പ്രസവിക്കാമെന്നു പറഞ്ഞാണ് ഭാര്യയുടെ പ്രസവം ഇയാൾ വീട്ടിലാക്കിയത്.
മലപ്പുറത്തുനിന്ന് അസ്മയുടെ മൃതദേഹവും നവജാതശിശുവിനെയും കയറ്റി പെരുന്പാവൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ സംശയം തോന്നിയ ആംബുലൻസ് ഡ്രൈവറാണ് മരണവിവരം രഹസ്യമായി പോലീസിനെ അറിയിച്ചത്. അസ്മയുടെ മൃതദേഹം പായയിൽ പൊതിഞ്ഞുകെട്ടിയാണ് ആംബുലൻസിൽ കയറ്റിയിരുന്നത്. നവജാത ശിശുവിന്റെ ചോരക്കറപോലും തുടച്ചിരുന്നില്ല.
പ്രസവിക്കാൻ ലക്ഷദ്വീപിൽനിന്ന്
മലപ്പുറത്തെ കേന്ദ്രങ്ങളിൽ മറ്റു ജില്ലക്കാരും വീട്ടുപ്രസവത്തിനെത്തുന്നു. ലക്ഷദ്വീപിൽനിന്നുവരെ ഗർഭിണികൾ ഇവിടെയെത്തി പ്രസവിക്കുന്നുണ്ടെന്നു പറയുന്നു. ബന്ധുവീടുകളിലോ പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലോ താമസിച്ച് പ്രസവിച്ചശേഷം തിരിച്ചു പോകുന്നവരും കുറവല്ല. രഹസ്യമായി വന്നുപോകുന്നതിനാൽ ശിശു മരിച്ചാൽ വിവരം പുറത്തറിയണമെന്നില്ല.
ഗർഭം എന്നത് അസുഖമല്ലെന്നും പ്രസവത്തിന് ആശുപത്രിയോ ഡോക്ടറോ ആവശ്യമില്ലെന്നും പ്രസവം സ്വാഭാവിക പ്രക്രിയയാണെന്നുമാണ് ഇവരുടെ വാദം. ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘത്തിനൊപ്പം സംസ്ഥാനത്ത് എവിടെയും എത്തി പ്രസവം എടുക്കുന്ന വയറ്റാട്ടിമാരും യു ട്യൂബ് നോക്കി പ്രസവമെടുക്കൽ പരിശീലിച്ചവരുമുണ്ട്.
വീട്ടുപ്രസവത്തിന് മഞ്ചേരിയിലെ ഒരു ഗൈനക്കോളജിസ്റ്റ് വീഡിയോ കോളിലൂടെ നിർദേശങ്ങൾ നൽകിയത് മറ്റൊരു സംഭവം. മലപ്പുറം ജില്ലയിലെ താനാളൂരിൽ വീട് വാടകയ്ക്കെടുത്ത് ഒരു സംഘം പ്രസവകേന്ദ്രമാക്കിയതോടെ പഞ്ചായത്ത് അധികൃതർ ഇത് ബലമായി പൂട്ടിച്ചിരുന്നു. എന്നാൽ, മഞ്ചേരിയിൽ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ഇപ്പോഴും പ്രസവം നിർബാധം നടക്കുന്നു.
കേൾക്കാതെ പോയ നിലവിളി
മലപ്പുറം എടയൂരിൽ വീട്ടിൽ ഇരട്ടപ്രസവം നടന്നതും തിരൂരിൽ 38 വയസുകാരി പതിനാലാമത്തെ പ്രസവം വീട്ടിൽ നടത്തിയതുമായ സംഭവങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. 2022 ഒക്ടോബറിൽ ചടയമംഗലത്ത് ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ഭർത്താവും മകനും ചേർന്ന് പ്രസവം എടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവമുണ്ടായി.
ചടയമംഗലം പോരേടം ഏറത്തുവീട്ടിൽ അനിലിന്റെ ഭാര്യ അശ്വതിയെയും നവജാതശിശുവിനെയും മരണത്തിലേക്ക് നയിച്ച സംഭവം കേരളമാകെ ചർച്ച ചെയ്യപ്പെട്ടു. തീർത്തും ദാരിദ്രാവസ്ഥയിലുള്ള കുടുംബത്തിലായിരുന്നു സംഭവം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽനിന്ന് സൗജന്യമായി ലഭിച്ച ആളൊഴിഞ്ഞ സ്ഥലത്തെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു ഇവരുടെ താമസം.
അർധരാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ട അശ്വതിയുടെ പ്രസവം എടുത്തത് ഭർത്താവും 14 കാരനായ മകനും ചേർന്നായിരുന്നു. അമിതരക്തസ്രാവത്തെ തുടർന്ന് അശ്വതിയും കുഞ്ഞും മരിച്ചു. കൊല്ലം ജില്ലയിലെ അക്യുപങ്ചർ പ്രാക്റ്റീഷണറുടെ ഭാര്യ കഴിഞ്ഞ രണ്ടു വർഷത്തിനിടെ രണ്ടു കുഞ്ഞുങ്ങൾക്ക് വീട്ടിൽ ജന്മം നൽകി. താനാണ് ഭാര്യയുടെ പ്രസവമെടുത്തതെന്ന് ഇദ്ദേഹം യൂട്യൂബിൽ അവകാശവാദവും നടത്തി.
2022 ഓഗസ്റ്റിൽ തിരൂർ വെങ്ങല്ലൂരിൽ നാലാമത്തെ പ്രസവം വീട്ടിൽ നടത്തി കുഞ്ഞു മരിച്ച സംഭവമുണ്ടായി. ആദ്യ മൂന്നു പ്രസവവും സിസേറിയനായിരുന്നതിനാൽ ആരോഗ്യപ്രവർത്തകർ നാലാമത്തതും സിസേറിയന് നിർദേശിച്ചിരുന്നു. എന്നാൽ, ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ഗാർഹിക പ്രസവത്തിനെതിരെ പലവട്ടം ബാധവത്കരണം നടത്തിയെങ്കിലും ഭർത്താവ് അവരെ ആട്ടിയോടിച്ചു.
2023 മാർച്ചിൽ പത്തനാപുരം സ്വദേശിയായ യുവതി ഭർത്താവിന്റെ മാത്രം പരിചരണത്തിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി. വീട്ടിലുണ്ടായിരുന്നവർ പോലും അറിയാതെയായിരുന്നു പ്രസവം. ആശുപത്രിയിൽ പോകുന്നില്ല എന്ന തീരുമാനം ആരെയും ഇവർ അറിയിച്ചിരുന്നില്ല.
വീട്ടിലെ മുകൾനില മുറിയിൽ ഭാര്യയും ഭർത്താവും കയറി കതകടക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടപ്പോഴാണ് വിവരം വീട്ടുകാർ അറിഞ്ഞത്. ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി ആശുപത്രിയിൽ പോകാൻ പറഞ്ഞെങ്കിലും ഇവർ തയാറായില്ല. തുടർന്ന് വീട്ടിൽതന്നെ അമ്മയ്ക്കും നവജാതശിശുവിനും പ്രാഥമിക ശുശ്രൂഷകൾ നൽകി അവർക്കു മടങ്ങേണ്ടിവന്നു.