മരണം വാ തുറക്കുന്ന പതങ്കയം
Saturday, May 10, 2025 1:34 PM IST
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്കെട്ട് മരണത്തെ മാടി വിളിക്കുന്നതുപോലെ തോന്നും. മനോഹരമായ ടൂറിസ്റ്റ് പ്രദേശം വളരെ മോശമായ ഓര്‍മകളാണ് സമീപകാലത്തായി നല്കി കൊണ്ടിരിക്കുന്നത്.
ആനക്കാംപൊയിലിൽ നാരങ്ങാത്തോട് ഇരുവഞ്ഞി പുഴയുടെ ഭാഗമായ പതങ്കയത്ത് അപകടം തുടർക്കഥയാകുകയാണ്. ഇതുവരെ ഇവിടെ 25 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരെല്ലാം യുവാക്കളാണ്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് സ്ഥലത്തത്തിയ മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി സ്വദേശി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് ഷെഹഷാദ് (20) ആണ് അവസാനത്തെയാൾ.
പത്തംഗ സംഘം അഞ്ച് ബൈക്കുകളിൽ എത്തിയതായിരുന്നു. മനോഹരമായ സ്ഥലം ആസ്വദിക്കാൻ എത്തിയവർ കൂട്ടത്തിൽ ഒരാളെ നഷ്ടമായതിന്റെ തീരാ ദുഃഖത്തോടെയാണ് മടങ്ങിയത്.
കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരുവഞ്ഞിപ്പുഴയുടെ ഇരു കരകളും കോടഞ്ചേരി പഞ്ചായത്തിലാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് എൻഐടി വിദ്യാർഥി രേവന്ത് (21) ഇവിടെ മുങ്ങി മരിച്ചിരുന്നു.
നാട്ടുകാരും പഞ്ചായത്തും പല മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് ഇവിടെ സഞ്ചാരികൾ എത്തുന്നത്. പതങ്കയം ജാഗ്രതാ സമിതി ഉണ്ടാക്കിയെങ്കിലും ഒരു പ്രവർത്തനവും നടക്കുന്നില്ല.
ആരെയും ആകർഷിക്കുന്ന പുഴയുടെ ആഴങ്ങളിൽ അപകടം പതിയിരിക്കുന്നത് ഇവിടെയെത്തുന്ന സഞ്ചാരികൾക്കും അറിയില്ല. പുഴയുടെ ആഴങ്ങളിൽ ശക്തമായ തണുപ്പാണ് നേരിടുന്നത്. ആഴങ്ങളിൽ എത്തുന്നവർക്ക് മുകളിലേക്ക് ഉയരാൻ സാധിക്കാത്ത അവസ്ഥയാണ്.
പരിസരവാസികൾ പുഴയിലെത്തുന്നവർക്ക് കർശന നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ആരും കാര്യമായി ഗൗനിക്കുന്നില്ല. കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകൾ ഇരുകരകളിലും ലൈഫ് ഗാർഡുകളെ ആവശ്യമായ ശമ്പളം നൽകി നിയോഗിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

പുഴയിലേക്ക് ഇറങ്ങാനുള്ള മാർഗം അടയ്ക്കുക, പുഴയുടെ ഇരുകരകളിലും പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രദേശവാസികൾ മുന്നോട്ട് വയ്ക്കുന്നു.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ ഇരുവഴിഞ്ഞിപ്പുഴയിലെ ചെറുവെള്ളച്ചാട്ടമാണ് പതങ്കയം. വർഷത്തിലെ എല്ലാ സീസണിലും സുലഭമായി ജലം ലഭ്യമാണെന്നതാണ് പതങ്കയത്തെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നത്...
കൂടെ ചാടിത്തിമിർക്കാനും നീന്തിത്തുടിക്കുവാനും പാകത്തിൽ പാറക്കെട്ടുകൾക്കിടയിൽ പ്രകൃതി തീർത്ത വെള്ളക്കെട്ടുകളും. പക്ഷേ ആവേശവും സാഹസികതയും ജീവനെടുക്കുന്ന തരത്തിലാകരുതെന്ന നിര്മദശമാണ് നാട്ടുകാര്‍ക്കും അധികൃതര്‍ക്കും പങ്കുവയ്ക്കാനുള്ളത്.