അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
Saturday, April 26, 2025 5:23 PM IST
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കുന്പോൾ മറ്റൊരു കൂട്ടർ മൊബൈലുകളുടെയും റീൽസിന്റെയും ലോകത്താണ്. എന്നാൽ, അവധിക്കാലത്ത് വളയും കമ്മലും ഹെയർ ബാൻഡും ഹെയർ ക്ലിപ്പും നിർമിക്കുന്ന തിരക്കിലാണ് എടൂർ മുണ്ടയാംപറന്പിലെ സഹോദരങ്ങൾ.
എളമ്പ സ്വദേശികളായ ഐക്കോടൻ കണ്ണൻ-നിഷ ദമ്പതികളുടെ മക്കളായ അനന്തു എന്ന അന്പാടിയും അനാമികയുമാണ് അവധിക്കാലം വ്യത്യസ്തമായ അനുഭവമാക്കുന്നത്. കൂലിപ്പണിക്കാരാണ് ഇവരുടെ അച്ഛനും അമ്മയും.
പതിമൂന്നുകാരനായ അനന്തു എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഒന്പതുകാരി അനാമിക മുണ്ടയാംപറമ്പ് ദേവസ്വം സ്കൂളിൽ നിന്ന് നാലാം ക്ലാസ് പൂർത്തിയാക്കി ഈവർഷം വെള്ളരിവയൽ സുഹ്റ യുപി സ്കൂളിൽ അഞ്ചാം ക്ലാസിലേക്ക് പോകാൻ തയാറെടുക്കുകയാണ്.
അമ്പാടിയുടെ സ്വപ്നം
വേനലവധി ബന്ധുവീടുകളിലും കൂട്ടുകാർക്കൊപ്പവും അടിച്ചുപൊളിച്ച് കളയുന്നതിന് പകരം വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അമ്പാടി അമ്മയോട് പങ്കുവച്ചത്.
കുട്ടികളുടെ മനസിലെ ആഗ്രഹം പറഞ്ഞപ്പോൾ ആവശ്യപ്പെട്ടത് മുഴുവൻ ഇല്ലെങ്കിലും ഹെയർ ബാൻഡും ഹെയർ ക്ലിപ്പുകളും നിർമിക്കാനുള്ള അത്യാവശ്യം വസ്തുക്കൾ അമ്മ വാങ്ങി നൽകി.
അത് തികയാതെ വന്നതോടെ ആവശ്യവുമായി അച്ഛന്റെ അടുത്തെത്തി. ഇതിനിടെ നിർമിച്ച വസ്തുക്കൾ വിറ്റുതുടങ്ങിയതോടെ ആത്മവിശ്വാസം ലഭിച്ച അച്ഛനും സാധനങ്ങൾ വാങ്ങിക്കൊടുത്തതോടെ സംരംഭം വിപുലീകരിച്ചു.
നിർമിച്ച വസ്തുക്കൾ ഭംഗിയായി പായ്ക്ക് ചെയ്ത് വിലയൊട്ടിച്ച് നിരത്തിയപ്പോൾ പുറത്തുനിന്ന് നിർമിച്ചതുപോലെ തോന്നിച്ചു.

നിരത്തിവച്ചിരിക്കുന്ന വളയും കമ്മലും ഹെയർ ബാൻഡും ഹെയർ ക്ലിപ്പും കണ്ടാൽ ഇവർ വെളിയിൽനിന്ന് വാങ്ങി വിലയെല്ലാം ഒട്ടിച്ച് വച്ചിരിക്കുന്നതാണെന്ന് ആരും സംശയിക്കുമെന്ന് തീർച്ച. അത്രയ്ക്കും പൂർണതയോടെയാണ് വസ്തുക്കളുടെ നിർമാണം.
അന്പാടിയും അനുജത്തിയും നിർമാണം വിപുലമാക്കിയപ്പോൾ ബന്ധുക്കളായ ആര്യനന്ദ, അനിവിന്ദ്, അഭിനാദ് എന്നീ കുട്ടികളും സഹായികളായെത്തി. യൂട്യൂബാണ് ഇവരുടെ ഗുരുനാഥൻ. നിർമാണം മാത്രം പോരാ ഇവയെല്ലാം വിറ്റുതീർക്കണം.
അതിനായി മുണ്ടയാംപറമ്പ് ദേവീ ക്ഷേത്രത്തിലെ മേടത്തിറ മഹോത്സവത്തിന് ഒരു കടയിട്ട് തങ്ങളുണ്ടാക്കിയ വസ്തുക്കൾ വിൽക്കണമെന്നാണ് അനിയത്തിക്കുട്ടിയുടെ ആഗ്രഹം. അതിനായി സംഘാടകരോട് അനുവാദവും വാങ്ങി.
"അമ്പാടിയുടെ അനിയത്തിക്കട ' എന്ന പേരിൽ കടയിൽ ഒട്ടിക്കാനുള്ള ഫ്ലക്സും തയാറാക്കിയിട്ടുണ്ട്.