അനുശോചനപ്രവാഹം...
Tuesday, April 22, 2025 9:03 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനപ്രവാഹം. വിനയം മുഖമുദ്രയാക്കി, പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുംവേണ്ടി നിലകൊണ്ട പരിശുദ്ധ പിതാവിനെ അനുസ്മരിച്ച ലോകനേതാക്കൾ പതിവ് അനുശോചന വാചകങ്ങൾ ഒഴിവാക്കിയാണു തങ്ങളുടെ ദുഃഖം പ്രകടിപ്പിച്ചത്.
കീയർ സ്റ്റാർമർ, ബ്രിട്ടീഷ് പ്രധാനമന്ത്രി
പരിശുദ്ധ പിതാവിന്റെ വിയോഗത്തിൽ ലോകമെന്പാടുമുള്ള കോടിക്കണക്കിനു പേർക്കുണ്ടായ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. വെല്ലുവിളികൾ നിറഞ്ഞ സമയത്ത് സഭയെയും ലോകത്തെയും അദ്ദേഹം ധീരതയോടെ നയിച്ചു.
ആന്റണി ആൽബനീസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി
നമ്മുടെയെല്ലാം ഭവനമായ ഭൂമിയുടെ വിലാപം കേൾക്കാൻ അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു.
ഒലാഫ് ഷോൾസ്, ജർമൻ ചാൻസലർ
ദുർബലരുടെ വക്താവിനെയാണു ലോകത്തിലും സഭയ്ക്കും നഷ്ടമായത്.
ജോർജിയോ മലോണി, ഇറ്റാലിയൻ പ്രധാനമന്ത്രി
വലിയ ഇടയനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ സൗഹൃദവും ഉപദേശവും പ്രബോധനവും ആസ്വദിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരുന്നു.
ഇമ്മാനുവൽ മക്രോൺ, ഫ്രഞ്ച് പ്രസിഡന്റ്
യുദ്ധത്തിന്റെയും ക്രൂരതയുടെയും ഈ കാലത്ത് ദുർബലർക്കുവേണ്ടി വിനയത്തോടെ നിലക്കൊണ്ട വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
ഐസക് ഹെർട്സോഗ്, ഇസ്രയേൽ പ്രസിഡന്റ്
ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുകയും പാവപ്പെട്ടവരുടെ ഉന്നതിക്കായി നിലകൊള്ളുകയും ചെയ്ത വ്യക്തി. പശ്ചിമേഷ്യാ സമാധാനത്തിനും ബന്ദിമോചനത്തിനുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർഥന വൈകാതെ ഫലം കാണുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
സെർജിയോ മാറ്റെറെല്ല, ഇറ്റാലിയൻ പ്രസിഡന്റ്
മനുഷ്യത്വം, സമാധാനം, സഹകരണം, ദുർബലരെ ചേർത്തുനിൽക്കൽ തുടങ്ങിയ ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങൾ സുവിശേഷത്തെ ഓർമപ്പെടുത്തുന്നതായിരുന്നു.
ഫെർഡിനന്റ് മാർക്കോസ് ജൂണിയർ, ഫിലിപ്പീൻസ് പ്രസിഡന്റ്
എനിക്കീ മാർപാപ്പയെ വളരെ ഇഷ്ടമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല മാർപാപ്പ.
വോളോഡിമിർ സെലൻസ്കി, യുക്രെയ്ൻ പ്രസിഡന്റ്
പ്രതീക്ഷ നല്കേണ്ടതെങ്ങനെയെന്നും വേദന അകറ്റേണ്ടതെങ്ങനെയെന്നും ഐക്യം വളർത്തേണ്ടത് എങ്ങനെയെന്നും ഫ്രാൻസിസ് മാർപാപ്പയ്ക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കത്തോലിക്കർക്കും സകലമാന ക്രൈസ്തവർക്കും ഒപ്പം ഞങ്ങളും ദുഃഖത്തിൽ പങ്കുചേരുന്നു. ഒരിക്കലും മായാത്ത ഓർമ!
കിര്യാക്കോസ് മിസ്തോതാക്കീസ്, ഗ്രീക്ക് പ്രധാനമന്ത്രി
ഫ്രാൻസിസ് മാർപാപ്പയുടെ സ്നേഹം തുടരട്ടെ.
വില്യം റൂട്ടോ, കെനിയൻ പ്രധാനമന്ത്രി
പാവപ്പെട്ടവരോടും ദുർബലരോടുമുള്ള അഗാധമായ സഹാനുഭൂതി, സമഗ്രതയ്ക്കും നിയമത്തിനുമുള്ള പ്രതിജ്ഞാബദ്ധത, വിനയം എന്നീ ഗുണങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ നേതൃപാടവം ഉത്തമ ഉദാഹരണമായിരുന്നു. മതവിശ്വാസത്തിനുമപ്പുറം കോടിക്കണക്കിനു പേർക്കു പ്രചോദനം നല്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ.
ജോസഫ് ഔൺ, ലബനീസ് പ്രധാനമന്ത്രി
പ്രിയസുഹൃത്ത് നഷ്ടപ്പെട്ട വേദനയാണ് ലബനീസ് ജനതയ്ക്കുള്ളത്. അദ്ദേഹത്തിന്റെ ഹൃദയത്തിലും പ്രാർഥനകളിലും ലബനനുണ്ടായിരുന്നു. ലബനനെ സംരക്ഷിക്കാൻ വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ലൂയി മാണ്ടിനെഗ്രോ, പോർച്ചുഗീസ് പ്രധാനമന്ത്രി
ജനങ്ങളോടുള്ള അടുപ്പവും സഹാനുഭൂതിയും മനുഷ്യത്വവും പ്രകടിപ്പിച്ച അസാധാരണ മാർപാപ്പയായിരുന്നു ഫ്രാൻസിസ്. ഫ്രാൻസിസ് മാർപാപ്പയോട് ആദരം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം, അദ്ദേഹത്തിന്റെ പാഠങ്ങൾ പിന്തുടരലാണ്.
ചാൾസ് മൂന്നാമൻ, ബ്രിട്ടീഷ് രാജാവ്
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗവാർത്ത എനിക്കും പത്നിക്കും വലിയ ദുഃഖമുണ്ടാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദയയും സഭാ ഐക്യ നിലപാടുകളും എന്നും സ്മരിക്കപ്പെടും.
വ്ലാദിമിർ പുടിൻ, റഷ്യൻ പ്രസിഡന്റ്
റഷ്യൻ ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ചർച്ചകളെ ഫ്രാൻസിസ് മാർപാപ്പ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു.
ഹാവിയർ മിലേ, അർജന്റൈന് പ്രസിഡന്റ്
ചെറിയതോതിൽ അഭിപ്രായവ്യത്യാസങ്ങൾ പുലർത്തിയിരുന്നെങ്കിലും ഫ്രാൻസിസ് മാർപാപ്പയെയും അദ്ദേഹത്തിന്റെ സന്മനസിനെയും അറിയാൻ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാൻ കരുതുന്നു.