വത്തിക്കാനിലേത് അസാധാരണ വാർത്താസമ്മേളനം
ഫാ. പ്രിന്സ് തെക്കേപ്പുറം സിഎസ്എസ്ആർ
Tuesday, April 22, 2025 8:56 AM IST
തിങ്കളാഴ്ച രാവിലെ വത്തിക്കാൻ സമയം 9.45ന് അസാധാരണമായൊരു വാർത്താസമ്മേളനത്തിനാണ് വത്തിക്കാൻ പ്രസ് ഓഫീസ് സാക്ഷ്യം വഹിച്ചത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിനോടൊപ്പം കമർലെങ്കോ കർദിനാൾ കെവിൻ ജോസഫ് ഫാരെൽ ലോകത്തോടു പറഞ്ഞു, “പ്രിയപ്പെട്ടവരേ, നമ്മുടെ പരിശുദ്ധ പിതാവിന്റെ നിര്യാണത്തെക്കുറിച്ച് അഗാധമായ വ്യസനത്തോടെ നിങ്ങളെ ഞാൻ അറിയിക്കുന്നു.
ഇന്നു രാവിലെ ഇറ്റാലിയൻ സമയം 7.35ന് റോമിന്റെ മെത്രാൻ ഫ്രാൻസിസ് മാർപാപ്പ നിത്യപിതാവിന്റെ ഭവനത്തിലേക്കു മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവനും കർത്താവിന്റെയും അവന്റെ സഭയുടെയും സേവനത്തിനായി സമർപ്പിച്ചു. സുവിശേഷ മൂല്യങ്ങൾ വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടുംകൂടി, പ്രത്യേകിച്ചു ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പക്ഷം ചേർന്നുകൊണ്ട് ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു.
കർത്താവായ ക്രിസ്തുവിന്റെ യഥാർഥ ശിഷ്യനെന്ന നിലയിൽ അദ്ദേഹം നൽകിയ മാതൃകയ്ക്ക് അതിയായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്, പാപ്പയുടെ ആത്മാവിനെ ത്രിയേക ദൈവത്തിന്റെ കരുണാമസൃണമായ സ്നേഹത്തിനു നമുക്ക് സമർപ്പിക്കാം.”
ഈ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു നിമിഷങ്ങൾക്കുള്ളിൽ വത്തിക്കാനിലേക്കുള്ള എല്ലാ വഴികളും ജനനിബിഡമായി. ജൂബിലി തീർഥാടകരായി വന്നവരെ കൂടാതെ ആയിരക്കണക്കിനാളുകൾ പ്രാർഥനയോടെ വത്തിക്കാനിലേക്കൊഴുകി. റോമിലും തുടർന്ന് ലോകമെങ്ങും എല്ലാ ദേവാലയങ്ങളിലും ദുഃഖസാന്ദ്രമായ മണിനാദം മുഴങ്ങി.
മാർപാപ്പമാർ കാലം ചെയ്താൽ മരണം സ്ഥിരീകരിക്കുന്ന സ്വകാര്യ ചടങ്ങ് വത്തിക്കാനിലെ മാർപാപ്പയുടെ വസതിയായ സാന്താ മാർത്തയിൽ തിങ്കളാഴ്ച വൈകുന്നേരം നടന്നു. കർദിനാൾ കെവിൻ ഫാരെൽ നേതൃത്വം നൽകിയ കർമങ്ങൾക്കു സാക്ഷികളായി കർദിനാൾ കോളജിന്റെ അധ്യക്ഷൻ കർദിനാൾ ജോസെഫ് ബാറ്റിസ്റ്റയും ഫ്രാൻസിസ് മാർപാപ്പയുടെ കുടുംബാംഗങ്ങളും വത്തിക്കാൻ ആരോഗ്യവിഭാഗം മേധാവികളായ ഡോ. ആന്ദ്രേയ അർകാഞ്ചേലിയും ഡോ. ലൂയിജി കാർബോനെ പങ്കെടുത്തു.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം പൊതുദർശനത്തിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു കൊണ്ടുവരുന്നത് ബുധനാഴ്ച രാവിലെ ആണെന്നു വത്തിക്കാൻ മീഡിയ മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. പതിനായിരക്കണക്കിനു വരുന്ന വിശ്വാസീസമൂഹത്തിന് തങ്ങളുടെ സ്നേഹനിധിയായ പിതാവിന് അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉയിർപ്പുതിരുനാളിൽ മാർപാപ്പമാർ സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള ‘ഉർബി എത്ത് ഓർബി’ ആശീർവാദം നൽകി നിമിഷങ്ങൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ എന്നത് വിശ്വാസീസമൂഹത്തിനു നൊമ്പരമുണർത്തുന്നതാണ്.
പീഡാനുഭവവാരത്തിൽ അദ്ദേഹത്തെ സന്ദർശിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോടും കുടുംബത്തോടും കുശലാന്വേഷണങ്ങൾ നടത്തുന്ന മാർപാപ്പയുടെ ചിത്രങ്ങൾ, അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തുന്നു എന്ന പ്രതീതി ഉണർത്തിയിരുന്നു. അനൗദ്യോഗിക വേഷത്തിൽ ബസലിക്കയിലേക്ക് ഹ്രസ്വ സന്ദർശനങ്ങൾ നടത്തുന്നത് ഈ വിശ്രമവേളകളിൽ അദ്ദേഹത്തിന്റെ പതിവായിരുന്നു. അത്തരം യാത്രകളിൽ കണ്ടുമുട്ടുന്ന കുട്ടികളെ ഏറെ സ്നേഹത്തോടെ ചേർത്തുനിർത്തി സംസാരിക്കുമ്പോൾ ഏറെ സന്തോഷവാനായി അദ്ദേഹം കാണപ്പെട്ടു.
രണ്ടു കാര്യങ്ങളിലാണ് വത്തിക്കാന്റെ ഔദ്യോഗിക പ്രതികരണത്തിനു ലോകം കാതോർക്കുന്നത്. മാർപാപ്പമാരുടെ കബറടക്ക ശുശ്രുഷകളുടെ പതിവ് രീതികൾ വിട്ടു ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിച്ചതുപോലെ ലളിതമായി ആയിരിക്കുമോ ചടങ്ങുകൾ എന്നതും അങ്ങനെയെങ്കിൽ എത്രമാത്രം വ്യത്യാസങ്ങൾ ഉണ്ടാകും എന്നതുമാണ് ആദ്യത്തെ ആകാംക്ഷ. രണ്ടാമത് മാർപാപ്പ ആഗ്രഹിച്ചതു പോലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം മേരി മേജർ ബസലിക്കയിൽ ആയിരിക്കുമോ അദ്ദേഹത്തിന്റെ കബറടക്കം എന്നതാണ്.
ആത്മീയനേതാവ് എന്നതുപോലെതന്നെ വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവനായതിനാൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ നടത്താനുള്ള സാധ്യത ഏറെയാണ്. റോമിലെ ഏറ്റവും തിരക്കേറിയ റോമാ തെർമിനി എന്ന നഗരകേന്ദ്രത്തോടടുത്ത് സ്ഥിതി ചെയ്യുന്ന മേരി മേജർ ബസലിക്കയിൽ വത്തിക്കാൻ ചത്വരത്തിലേതുപോലെ ജനങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കബറടക്ക ശുശ്രൂഷകൾ ഏതു വിധത്തിൽ നടക്കും എന്ന കാര്യത്തിലും ഔദ്യോഗിക അറിയിപ്പുകൾക്ക് കാത്തിരിക്കുകയാണ് ലോകം.