മാർപാപ്പയുടെ ആത്മശാന്തിക്കായി പ്രാർഥനയ്ക്ക് ആഹ്വാനം
Tuesday, April 22, 2025 8:49 AM IST
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അടുത്ത ഒൻപത് ദിവസത്തേക്ക് ഇന്ത്യയിലെ എല്ലാ രൂപതകളിലും ദുഃഖാചരണം നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ഈ ദിവസങ്ങളിൽ മാർപാപ്പയുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർഥനകൾ, വിശുദ്ധ കുർബാന, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ നടത്താനും സിബിസിഐ ആഹ്വാനം ചെയ്തു.
പരിശുദ്ധ പിതാവിന്റെ സ്മരണയ്ക്കും സാർവത്രിക സഭയുടെ കൂട്ടായ്മയ്ക്കുംവേണ്ടി എല്ലാ ഇടവകകളിലും സഭാ സ്ഥാപങ്ങളിലും ആശ്രമങ്ങളിലും ഇന്നും ഫ്രാൻസിസ് പാപ്പയുടെ സംസ്കാര ദിനത്തിലും വിശുദ്ധ കുർബാന അർപ്പിക്കണം. രാജ്യത്തുടനീളമുള്ള എല്ലാ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളും സാധ്യമെങ്കിൽ പാപ്പയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സംസ്കാര ദിനം അടച്ചിടണമെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വിലാപച്ചടങ്ങുകൾ
മാർപാപ്പയുടെ വിയോഗത്തിനുശേഷം വിലാപച്ചടങ്ങുകൾ ഒന്പതു ദിവസം നീളും. കബറടക്കത്തിന്റെ തീയതിയും മറ്റു കാര്യങ്ങളും കർദിനാൾമാർ കൂടിയാലോചിച്ചാണു നിശ്ചയിക്കുന്നത്. മരണത്തിന് നാല്-ആറ് ദിവസങ്ങൾക്കിടയിൽ ചടങ്ങു നടത്തണമെന്നാണ് ചട്ടം. അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കത്തിൽ പരന്പരാഗത രീതികളിൽനിന്നു വലിയ വ്യത്യാസം ഉണ്ടായിരിക്കും. ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞവർഷം, മാർപാപ്പമാരുടെ കബറടക്കച്ചടങ്ങുകൾ ലളിതമാക്കി പരിഷ്കരിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കുമെന്നാണു കരുതുന്നത്. എന്നാൽ സംസ്കാരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ആകാൻ സാധ്യതയില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യകമറിയത്തിന്റെ വലിയപള്ളിയിലുള്ള ‘റോമിന്റെ സംരക്ഷകയായ മറിയ’ത്തിന്റെ ചിത്രത്തിനു താഴെയായിരിക്കും അദ്ദേഹത്തിന്റെ ഭൗതികശരീരം കബറടക്കുക.
ഫ്രാൻസിസ് മാർപാപ്പ ഈ ചിത്രത്തോട് അഗാധഭക്തി പ്രകടിപ്പിച്ചിരുന്നു. അതുപോലതന്നെ, ഒന്നിനുള്ളിൽ മറ്റൊന്ന് അടക്കം ചെയ്ത സൈപ്രസ്, ഓക്ക്, ഈയ പെട്ടികളിലായിരിക്കില്ല ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം കിടത്തുക. മുൻഗാമികളുടെ ഈ പതിവും തനിക്കു വേണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു സാധാരണ തടിപ്പെട്ടിയിലായിരിക്കും അദ്ദേഹത്തിന്റെ ഭൗതികശരീരം കിടത്തുക.