അവസാനത്തെ 28 ദിനങ്ങൾ
ജോൺസൺ പൂവന്തുരുത്ത്
Tuesday, April 22, 2025 8:45 AM IST
ബാക്കിവച്ച ഏതാനും ദൗത്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നതുപോലെ മരണത്തിൽനിന്നു തിരിച്ചുപിടിച്ച ജീവിതം 28 ദിവസങ്ങൾക്കു ശേഷം മരണത്തിനുതന്നെ വിട്ടുകൊടുത്ത് ഫ്രാൻസിസ് മാർപാപ്പ മടങ്ങിയിരിക്കുന്നു. ഉയിർപ്പുദിനത്തിൽ നഗരത്തിനും ലോകത്തിനുമുള്ള - ഊർബി എത് ഒാർബി - ആശീർവാദം നൽകി തന്റെ അവസാന ദൗത്യവും പൂർത്തിയാക്കിയതുപോലെ പിറ്റേന്ന് അപ്രതീക്ഷിത മടക്കം.
ജെമെല്ലിയിൽനിന്ന്
ഇരട്ട ന്യുമോണിയയും ശ്വാസകോശ അണുബാധയും ബാധിച്ച് കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശ്വാസികളും മാധ്യമങ്ങളും ജെമെല്ലി ആശുപത്രിക്കു മുന്നിൽ തന്പടിച്ചു. ഈ രോഗാവസ്ഥയെ താൻ അതിജീവിച്ചേക്കില്ലെന്നു മാർപാപ്പതന്നെ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
മരണത്തിനും ജീവിതത്തിനുമിടയിലൂടെ ദിവസങ്ങൾ നീണ്ട യാത്ര. ഒരു വേള മരണം അദ്ദേഹത്തിന്റെ തൊട്ടടുത്ത് എത്തിയതായി തങ്ങൾക്ക് അനുഭവപ്പെട്ടെന്നു ഡോക്ടർമാർതന്നെ വെളിപ്പെടുത്തി. എന്നാൽ, എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് 88 വയസുള്ള ഫ്രാൻസിസ് പാപ്പ തിരിച്ചുവന്നു.
38 ദിവസം നീണ്ട ആശുപത്രിവാസത്തിനുശേഷം മാർച്ച് 23ന് അദ്ദേഹം ആശുപത്രി വിട്ടു. ആശുപത്രിക്കിടക്കയിൽ ആയിരുന്നപ്പോൾപോലും ജോലികൾ ചെയ്തുതീർക്കാൻ മടി കാണിക്കാതിരുന്ന ആത്മീയ ആചാര്യൻ ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലെ ജാലകത്തിനു സമീപമെത്തി തനിക്കുവേണ്ടി പ്രാർഥിച്ചവർക്കു പുഞ്ചിരിയോടെ നന്ദി പറഞ്ഞു.
തടിച്ചുകൂടിയ മൂവായിരത്തോളം വിശ്വാസികളെ ആശീർവദിച്ചു. ആശുപത്രി ജീവനക്കാരോടും നന്ദി പറഞ്ഞു മടങ്ങുന്പോൾ ഡോക്ടർമാർ നിർദേശിച്ചതു രണ്ടു മാസം നീളുന്ന പരിപൂർണ വിശ്രമം. എന്നാൽ, തിരിച്ചുപിടിച്ച ജീവിതം വിശ്രമത്തിനുള്ളതല്ലെന്നു ബോധ്യമുണ്ടായിരുന്നതുപോലെയായിരുന്നു തുടർന്നുള്ള അദ്ദേഹത്തിന്റെ ദിനങ്ങൾ.
വിശ്രമമില്ലാതെ
മാർച്ച് 23ന് ആശുപത്രി വിട്ട അദ്ദേഹം ഏപ്രിൽ ആറിന് ഞായറാഴ്ച പൊതുവേദിയിലെത്തി വിശ്വാസികളെ കണ്ടത് ആശ്ചര്യമായി. ഒാക്സിജൻ നൽകുന്ന നേസൽ ട്യൂബുകൾ ധരിച്ചായിരുന്നു അന്ന് അദ്ദേഹം പൊതുവേദിയിൽ എത്തിയത്. വിശ്വാസികളുടെ പ്രാർഥനകൾക്കു നന്ദി പറഞ്ഞ് അവരെ ആശീർവദിച്ച് അദ്ദേഹം മടങ്ങി. തുടർന്ന് ഒാശാന ഞായറാഴ്ച വീണ്ടും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി വിശ്വാസികളെ കണ്ടു.
ഇത്തവണ നേസൽ ട്യൂബുകൾ ഇല്ലാതെ കൂടുതൽ ഉന്മേഷവാനായിട്ടാണ് കാണപ്പെട്ടത്. പ്രധാന അൾത്താരയിലേക്കു വീൽ ചെയറിൽ എത്തിയ അദ്ദേഹം ഇരുപതിനായിരത്തോളം വിശ്വാസികളെ ആശീർവദിച്ചും ഒാശാന ആശംസ നേർന്നും വിശുദ്ധവാരത്തിനു തുടക്കംകുറിച്ചു. മടങ്ങും വഴിതന്നെ അഭിവാദ്യം ചെയ്ത കുട്ടിക്കു പുഞ്ചിരിയോടെ ജപമാലയും മിഠായിയും നൽകി. ഒാശാന കർമങ്ങൾ കർദിനാൾ ഡോ. ലിയണാർദോ സാന്ദ്രിയാണ് നിർവഹിച്ചത്.
ജെമെല്ലി സംഘം
ഇതിനിടെ, ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയെ ചികിത്സിച്ച ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സംഘം ബുധനാഴ്ച മാർപാപ്പയെ സന്ദർശിച്ചു. അവരുമായി ഇരുപതു മിനിറ്റോളം അദ്ദേഹം ചെലവിട്ടു. തന്നെ പരിചരിച്ചതിനു നന്ദിയും പ്രാർഥനയും അറിയിച്ചു.
പെസഹ ജയിലിൽ
ക്രിസ്തുവിന്റെ സഹനങ്ങളുടെ ഒാർമകൾ നിറഞ്ഞ വിശുദ്ധവാരത്തോടു തന്റെ സഹനങ്ങളെ ചേർത്തുവയ്ക്കുന്ന പാപ്പായെ ആണ് പിന്നെ ലോകം കണ്ടത്. ആരോഗ്യപ്രശ്നം മൂലം പെസഹാദിനത്തിൽ ശുശ്രൂഷകളിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ, പെസഹാദിനത്തിൽ റോമിലെ റെജിന ചേലി ജയിൽ സന്ദർശിച്ചു. അവിടെ എഴുപതു തടവുകാരുമായി സംസാരിച്ച് അവർക്കൊപ്പം സമയം ചെലവിട്ടു, പ്രാർഥിച്ചു.
ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം കുറിച്ച ധ്യാനചിന്തകളാണ് പ്രാർഥനകളിൽ ഉപയോഗിച്ചത്.
വാൻസിനെ സ്വീകരിച്ചു
ഇതിനിടെ, ഞായറാഴ്ച അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ സ്വീകരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വത്തിക്കാനിലെത്തിയ വാൻസും ഭാര്യയും മൂന്നു മക്കളും ദുഃഖവെള്ളിയാഴ്ച കർമങ്ങളിൽ മുൻനിരയിൽ നിന്നു പങ്കെടുത്തിരുന്നു. തുടർന്നാണ് ഞായറാഴ്ച മാർപാപ്പയെ കണ്ടത്. ഈസ്റ്റർ സമ്മാനങ്ങളും നൽകിയാണ് പാപ്പാ അദ്ദേഹത്തെ മടക്കിയയച്ചത്. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ, കുടിയേറ്റക്കാരെ ഞെരുക്കുന്ന നയങ്ങളെ കത്തോലിക്കാ സഭ വിമർശിച്ചിരുന്നു.
എന്നാൽ, ഈ നയങ്ങളെ മധ്യകാല ദൈവശാസ്ത്ര ആശയങ്ങൾ വച്ചു ന്യായീകരിക്കാൻ വൈസ് പ്രസിഡന്റായ വാൻസ് ശ്രമിച്ചിരുന്നു. ഫെബ്രുവരി ആദ്യം ആശുപത്രിയിലേക്കു പോകുന്നതിനു മുന്പ് ഇതിനെ രൂക്ഷമായി ഫ്രാൻസിസ് പാപ്പ വിമർശിച്ചു. ഈ പശ്ചാത്തലത്തിലാണ് ജെ.ഡി. വാൻസ് പാപ്പായെ സന്ദർശിക്കാൻ എത്തിയത്.
ഈസ്റ്റർ ദിനത്തിലും
ഒടുവിൽ ഈസ്റ്റർ ദിനത്തിലും അദ്ദേഹം വിശ്വാസികളെ കാണാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തി. നഗരത്തിനും ലോകത്തിനുമുള്ള സന്ദേശവും ആശീർവാദവും നൽകി. യുദ്ധത്താലും മറ്റു കെടുതികളാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും എടുത്തുപറഞ്ഞു പ്രാർഥിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം നൽകി. തന്റെ ദൗത്യം പൂർത്തിയാക്കിയതു പോലെ ആശുപത്രി വിട്ട 28-ാം ദിവസം ദൈവസന്നിധിയിലേക്കു മടക്കം.