ധീരമായ നിലപാടുകളുടെ മാർപാപ്പ
Monday, April 21, 2025 4:13 PM IST
റോം: സാമൂഹിക നീതിയെ ഉയർത്തിപ്പിടിക്കുന്ന ധീരമായ നിലപാടുകളിലൂടെയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം. മാർപാപ്പയുടെ നിലപാടുകളെ ലോകം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചിരുന്നത്.
2014 ജുണ് ഏഴിന് വിശുദ്ധനാട്ടിൽ നിരന്തരം യുദ്ധത്തിലായിരിക്കുന്ന പലസ്റ്റീനായുടെ പ്രസിഡന്റ് ആബ്ബാസ്, ഇസ്രയേൽ പ്രസിഡന്റ് പെരെസ എന്നിവരെ വത്തിക്കാനിൽ സ്വീകരിച്ച് വത്തിക്കാൻ തോട്ടത്തിൽ സമാധാനത്തിനുള്ള ഒലിവു മരം നടുവിച്ചു.
മാർപാപ്പായും എക്യുമേനിക്കൽ പാത്രിയാർക്കിസ് ബർത്തലോമിയോ ഒന്നാമനും ആ ചടങ്ങിൽ സംബന്ധിച്ചു. അന്ന് അവിടെ സമാധാനത്തിനായി യഹൂദ ക്രൈസ്തവ മുസ്ലിം പ്രാർഥനകൾ ഉയർന്നു.
വത്തിക്കാൻ കൂരിയായുടെ പ്രവർത്തനങ്ങൾ നവീകരിച്ചതും സുതാര്യമാക്കിതുമാണ് അദ്ദേഹം കൈക്കൊണ്ട ഏറ്റവും ധീരമായ നടപടികളിൽ ഒന്ന്. കർദിനാൾ പെല്ലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സമിതിയുടെ ശിപാർശകൾ അനുസരിച്ച സഭയുടെ സാന്പത്തിക ഇടപാടുകൾ സുതാര്യമാക്കി, ചിട്ടപ്പെടുത്തി.
2019 മേയ് 19ന് പരിശുദ്ധ സിംഹാസനത്തിലെ കോണ്ട്രക്ടുകൾ സംബന്ധിച്ച് സുതാര്യത ഉറപ്പുവരുത്തുന്ന മോത്തു പ്രോപ്രിയോ പ്രസിദ്ധീകരിച്ചു. 2023 ഏപ്രിൽ 12ന് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് പിനൽ ലോയും ജുഡീഷ്യൽ സംവിധാനവും ഭേദഗതി ചെയ്തു.
2015 ഡിസംബർ എട്ടു മുതൽ 2016 നവംബർ 20 വരെ സഭ കരുണയുടെ വത്സരം ആചരിക്കുവാൻ തീരുമാനിച്ചു. ഇതിന്റെ പ്രഖ്യാപനം 2013 മാർച്ച 13ന് മാർപാപ്പ നടത്തി. ഇതുസംബന്ധിച്ചു പുറപ്പെടുവിച്ച കരുണയുടെ മുഖം എന്ന തിരുവെഴുത്ത് ദൈവം കരുണയാകുന്നു എന്നു പ്രഘോഷിച്ചു.
കത്തോലിക്കാ സഭയ്ക്ക് ബാലികേറാമല ആയിരുന്ന ചൈനയിലെ മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ചൈനയുമായി 201 ൽ താത്കാലിക കരാർ ഉണ്ടാക്കി രണ്ടുവട്ടം പുതുക്കി. സംവാദം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി പിത്രോ പരോളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ചൈനയുമായുള്ള ബന്ധം സംബന്ധിച്ച പരിപാടികൾ നടക്കുന്നത്.
2016 ഫെബ്രുവരി 16ൽ റഷ്യൻ പാത്രിയാർക്കിസ് കിറിൽ ഒന്നാമനുമായി കൂടിക്കണ്ടതും അസാധാരണമായി. 1054 ലെ പിളർപ്പിനുശേഷം ആദ്യമാണ് റഷ്യൻ സഭയുടെ തലവനും കത്തോലിക്ക സഭയുടെ തലവനും കൂടിക്കണ്ടത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ആയിരുന്നു.
ക്യൂബയിലെ ഹവാനയിലുള്ള ജോസ് മാർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു കൂടിക്കാഴ്ച. മെക്സിക്കോയിലേക്കുള്ള യാത്രായുടെ ഭാഗമായാണ് പാപ്പ അവിടെ എത്തിയത്. കിറിൽ അവിടെ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു. മുപ്പതിന സംയുക്ത പ്രഖ്യാപനം നടത്തി.
2022 ൽ കാനഡയിലേക്ക് അനുതാപ യാത്ര നടതതി. അവിടെ കുടിയേറിയ യുറോപ്യർ ദേശീയരോട് കാണിച്ച ക്രൂരതയ്ക്ക് മാർപാപ്പ മാപ്പുപറഞ്ഞു. കൂട്ടായ ചർച്ചയ്ക്കും സംവാദത്തിനും തുറവിയുള്ള സിനഡൽ സഭ എന്ന ആശയം മുന്നോട്ട് വച്ചു. അതു സാധ്യമാക്കുന്നതിന് രണ്ട് സിനഡുകൾ നടത്തി.
2022 ഫെബ്രുവരി 25ന് വത്തിക്കാനിലെ റഷ്യൻ എംബസിയിൽ നേരിട്ടെത്തി ഉക്രൈൻ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. 2022 മാർച്ച് 16ന് റഷ്യൻ പാത്രിയർക്കിസിനെ വീഡിയോ കോളിൽ വിളിച്ച് ഉക്രൈൻ യുദ്ധം നിർത്താൻ പുടിനെ ഉപദേശിക്കുവാൻ നിർബന്ധിച്ചു.
അവർ തമ്മിൽ 40 മിനിറ്റ് സംസാരിച്ചു. യുദ്ധം സംബന്ധിച്ചുള്ള പാത്രിയാർക്കിസിന്റെ നിലപാട് കണ്ട പാപ്പ, പാത്രിയാർക്കിസ് പുടിന്റെ ആൾട്ടർ ബോയി (കപ്യാർ) ആകരുതെന്നു പ്രതികരിച്ചത് റഷ്യൻ ഓർത്തോഡക്സ് സഭയെ വല്ലാതെ അസ്വസ്ഥമാക്കി.
പാപ്പാ അജപാലന സന്ദർശനത്തിന് തെരഞ്ഞെടുത്തത് ലോകത്തിലെ ചെറിയ രാഷ്ട്രങ്ങളെ ആയിരുന്നു. ഇവയിൽ 1500 കത്തോലിക്കർ മാത്രമുള്ള മംഗോളിയയും ഉണ്ടായിരുന്നു. തന്റെ മുൻഗാമികളെ കബറടക്കിയ വിശുദ്ധ പത്രോസിന്റെ ബലസിക്കായ്ക്കു പകരം, പാപ്പായുടെ കത്തീഡ്രൽ പള്ളിയായ ജോണ് ലാട്രനിൽ തന്നെ കബറടക്കണം എന്നു നിർദേശിച്ചു.