വാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നിന്ന ലാളിത്യം
Monday, April 21, 2025 4:08 PM IST
റോം: വാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നിന്ന ലാളിത്യമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 2013 മാർച്ച് 13-ന് മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്റെ ലാളിത്യം കൊണ്ട് ലോകം മുഴുവന്റേയും പ്രിയങ്കരനായി ഫ്രാൻസിസ് മാർപാപ്പ മാറി.
പരന്പരാഗതമായ അഭിവാദനത്തിൽ നിന്നു വ്യത്യസ്തമായി "സഹോദരീ സഹോദരന്മാരേ, ഗുഡ് ഈവനിംഗ് എന്നായിരുന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണയിൽ നിന്ന് അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകൾ.
ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയും ആദ്യത്തെ ഈശോ സഭാ അംഗവുമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സമാധാനം, ദരിദ്രരോടുള്ള കരുതൽ, പരിസ്ഥിതിയോടുള്ള ആദരവ് എന്നിവയിലൂന്നിയ ജീവിതം നയിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർഥമാണ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്.
പിന്നീടുള്ള പാപ്പായുടെ ഓരോ ഇടപെടലുകളിലും ലാളിത്യവും കരുണയും ദരിദ്രരോടുള്ള സ്നേഹവും നിറഞ്ഞു നിന്നു. മാർപാപ്പയായതിനുശേഷമുള്ള ആദ്യ ദർശനത്തിൽ മാർപാപ്പമാർ ധരിക്കുന്ന മൃദുവായ രോമങ്ങൾ കൊണ്ട് നെയ്ത മൊസെറ്റ അഥവാ കേപ് ഒഴിവാക്കി. സ്വർണ കുരിശ് ധരിച്ചില്ല, മറിച്ച് ബ്യുവേനോസ് ആരിസ് ആർച്ച് ബിഷപ്പായി അദ്ദേഹം ഉപയോഗിച്ചിരുന്ന അതേ മങ്ങിയ വെള്ളി പൂശിയ കുരിശ് കഴുത്തിൽ ധരിച്ചു.
മാർപാപ്പയുടെ മുൻഗാമികൾ ഉപയോഗിച്ചിരുന്ന മൃദുവായ ഷൂ ഉപേക്ഷിച്ചു. എപ്പോഴും ഉപയോഗിച്ചിരുന്ന അതേ ലളിതമായ കറുത്ത ഷൂസ് അദ്ദേഹം സൂക്ഷിച്ചു. വെറും 20 ഡോളറിന്റെ വാച്ചുകളാണ് പാപ്പാ ഉപയോഗിച്ചിരുന്നത്. ചിലത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലേലം ചെയ്തു. മാധ്യമപ്രവർത്തകരമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിൽ പാപ്പാ പറഞ്ഞു "ദരിദ്രവും ദരിദ്രർക്കും വേണ്ടിയുള്ളതുമായ ഒരു സഭ എനിക്ക് വേണം.'
താമസിക്കാനുള്ള ഇടത്തും അദ്ദേഹം തന്റെ ലാളിത്യത്തെ കൈവിട്ടില്ല. വിശാലമായ പേപ്പൽ അപ്പാർട്ടുമെന്റുകൾ ഉപേക്ഷിച്ച അദ്ദേഹം വത്തിക്കാൻ ഹോട്ടലിൽ നിന്ന് ഒരിക്കലും മാറിയില്ല, അവിടെ അദ്ദേഹവും 2013 ലെ കോൺക്ലേവിലെ അംഗങ്ങളായ മറ്റ് കർദ്ദിനാൾമാരും ലളിതമായ മുറികളിലാണ് താമസിച്ചിരുന്നത്.
പൊതുവായ ഒരു ഊട്ടു മുറിയുള്ള ( ഡൈനിംഗ് റൂം ) സാന്താ മാർട്ട വസതി റോമൻ കത്തോലിക്കാ സഭയുടെ നാഡീകേന്ദ്രമായി മാറി. പാപ്പായ്ക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് പേപ്പൽ ലിമോസിൻ വത്തിക്കാൻ മ്യൂസിയങ്ങളിലേക്ക് അയച്ചു, സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നീല ഫോർഡ് ഫോക്കസിലായി സഞ്ചാരം.
റോമിന് പുറത്തുള്ള അദ്ദേഹത്തിന്റെ ആദ്യയാത്ര പോലും ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. യൂറോപ്പിലെത്താനും മെച്ചപ്പെട്ട ജീവിതത്തിനും ശ്രമിക്കുന്നതിനിടെ മെഡിറ്ററേനിയനിൽ മുങ്ങിമരിച്ച ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇറ്റലിയിലെ ദ്വീപായ ലാംപെഡൂസയിലേക്കായിരുന്നു. ഇറ്റലിയിൽ നിന്നും അർജന്റീനയിലേക്കു മെച്ചപ്പെട്ട ജീവിതത്തിനായി കുടിയേറിയ പൂർവികരുള്ള ഒരാൾക്ക് അങ്ങനെയല്ലേ പെരുമാറാനാകൂ.