മനോഹരം, ദേവമനോഹറിന്റെ രചനകള്‍
Thursday, April 17, 2025 5:09 PM IST
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യരുണ്ടിവിടെ''
അധികാരത്തോടും മനുഷ്യത്വമില്ലായ്മയോടും നിസഹായനായി തൊഴുതുനില്ക്കുന്ന മനുഷ്യന്റെ പേടിച്ചരണ്ട മുഖം "അരുത്' എന്ന കവിതയിലൂടെ വര്‍ണിക്കുകയാണ് തിരുവനന്തപുരം അഡീഷണല്‍ എക്സൈസ് കമ്മീഷണറായ (എന്‍ഫോഴ്സ്മെന്റ്) എസ്. ദേവമനോഹര്‍.
വിശപ്പു സഹിക്കാനാവാതെ ഭക്ഷണം എടുത്ത മധുവെന്ന പാലക്കാടന്‍ യുവാവ് ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെടുന്നതാണ് അദ്ദേഹം വരികളിലൂടെ വര്‍ണിച്ചിരിക്കുന്നത്. ജോലിത്തിരക്കുകള്‍ക്കിടയിലും ഒഴിവു സമയം എഴുത്തിനായി മാറ്റിവച്ചിരിക്കുകയാണ് ദേവമനോഹര്‍.
ഈ ഐപിഎസ് ഓഫീസറുടെ തൂലികത്തുമ്പില്‍നിന്ന് ഇതുവരെ പിറവിയെടുത്തത് ഏഴോളം പുസ്തകങ്ങളാണ്.
എഴുത്ത് കുട്ടിക്കാലം മുതല്‍
കുട്ടിക്കാലം മുതല്‍ എഴുത്തിനോട് ദേവമനോഹറിന് താല്പര്യം ഉണ്ടായിരുന്നു. നോട്ടുബുക്കിന്റെ പുറകിലെല്ലാം ചെറിയ കവിതകള്‍ കുറിച്ചു വയ്ക്കും. അത് മാതാപിതാക്കളെയും കൂട്ടുകാരെയുമൊക്കെ കാണിച്ചപ്പോള്‍ അഭിനന്ദനം ലഭിച്ചതോടെ എഴുതാന്‍ താല്പര്യമേറി.
സ്കൂള്‍, കോളജ് പഠന കാലത്ത് രചനാ മത്സരങ്ങളിലൊക്കെ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. കോളജില്‍ പഠിക്കുമ്പോള്‍ കവിതകളെഴുതി പത്ര, മാസികളിലെല്ലാം അയച്ചുകൊടുക്കുമായിരുന്നു.
ജന്മാന്തരങ്ങള് എന്ന കവിത ആദ്യമായി ഒരു പത്രത്തില്‍ അച്ചടിച്ചുവന്നു. 1993 ല്‍ റെയില്‍വേയില്‍ സെക്ഷന്‍ കണ്ട്രോള് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചതോടെ എഴുത്തിന് അവധിക്കൊടുത്തു.
റെയില്‍വേയില്‍ ഒന്നര വര്‍ഷക്കാലം ജോലി ചെയ്ത ശേഷമാണ് ദേവമനോഹര്‍ തിരുവനന്തപുരം റൂറലില്‍ സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്.
ഏഴോളം പുസ്തകങ്ങള്‍
ജോലിത്തിരക്കുകള്‍ക്കിടയില്‍ എഴുത്തും വായനയുമൊക്കെ വല്ലപ്പോഴുമായി. ഒഴിവു സമയങ്ങളില്‍ എഴുതിക്കൂട്ടിയ കവിതകള്‍ ചേര്‍ത്ത് 2014 ല്‍ "സഹ്യാ ഞാന്‍ മടങ്ങട്ടെ' എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.
38 കവിതകളായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ "നാവു ദഹനം', "ഇവിടെയൊരാളുണ്ട്' തുടങ്ങിയ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങി. "ജനിക്കാത്തവരുടെ ശ്മശാനം' എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചു.
ദുബായ് രാജാവ് റാഷിദ് അല്‍ മക്തൂംമിന്റെ മൈ സ്റ്റോറി ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്തു. ആറാമത്തെ പുസ്തകമായ "ഉറുമ്പുകള്‍ ഭൂപടം വരയ്ക്കുന്നു' എന്ന കവിതാ സമാഹാരം ഉടന്‍ പുറത്തിറങ്ങും.
78 കവിതകളാണ് ഇതിലുള്ളത്. നോവലിന്റെ പണിപ്പുരയിലാണ് ദേവമനോഹര്‍ ഇപ്പോള്‍. ഇതും ഉടന്‍ പ്രസിദ്ധീകരിക്കും.
പ്രണയവും രതിയും സംഘര്‍ഷവും നിറയുന്ന ഗദ്യ, പദ്യ കവിതകള്‍
പ്രണയവും രതിയും സംഘര്‍ഷവും സമകാലിക സംഭവങ്ങളും നിറയുന്നതാണ് ദേവ മനോഹറിന്റെ ഗദ്യ, പദ്യ കവിതകള്‍. മനുഷ്യ മനസിന്റെ വിവിധ വികാരങ്ങളുടെ ആവിഷ്ക്കാരമാണല്ലോ കവിത.
അതിന്റെ വിവിധ തലങ്ങളിലുള്ള സംഘര്‍ഷങ്ങളും ഒരുമപ്പെടലുകളും പ്രണയവുമൊക്കെ അതിലുണ്ടാകുമെന്ന് ദേവമനോഹര്‍ പറയുന്നു.
""ആറടി മണ്ണിന്റെ സ്വാസ്ഥ്യം വിഴുങ്ങുവാന്‍
അഗ്നിയെത്തുന്നത് കാക്കുന്നു നോവുകള്‍
ഒക്കത്തു വച്ചൊരുടഞ്ഞ കുടവുമായ്
ചുറ്റും വലം വയ്ക്കുന്നൊരു വേദന'' എന്ന് "ദഹനം' എന്ന കവിതയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തിന്മയുടെ ഇരുണ്ട രൂപത്തെ കവി നമുക്ക് കാണിച്ചു തരുന്നു.
""കൊഴിഞ്ഞ രാപകലുകള്‍
വിങ്ങലാല്‍ വരിഞ്ഞു കെട്ടി
വണ്ടിയില്‍ കയറ്റി
വീട് പൂട്ടിയിറങ്ങവെ
ഓര്‍മകള്‍ കരളിലുരഞ്ഞൊരു
ചോദ്യം കത്തിനിന്നു
എടുക്കുവാന്‍ മറന്നോ എന്തെങ്കിലും?''- എന്ന് വീടൊഴിയുമ്പോള്‍ എന്ന കവിതയില്‍ കവി കുറിക്കുന്നു.
"പ്രളയസ്മൃതികള്' എന്ന കവിതയിലെ വരികള്‍ ദുരിതാശ്വാസത്തിനായി ജീവന്രക്ഷായാനങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികളെക്കുറിച്ചാണിത്.
""പുതിയ ആകാശങ്ങളില്‍
യൗവനം നിറയ്ക്കാന്‍
സ്വപ്നലോകങ്ങളെ
നെയ്തുവയ്ക്കാന്
കടലിന്റെ കൈത്തഴമ്പുകാര്
ജലയാനങ്ങളിലേറി
രാജവീഥികളില്‍
കൊട്ടിക്കയറി
വല വീശിയെടുത്ത നിലവിളികള്‍ .......''
എന്നിങ്ങനെയാണ് കവിതയിലുള്ളത്.
""മധുരമേയോര്ക്ക നാം രണ്ടു കടലുകള്‍
തിരകളില്‍ തിങ്ങി തീരത്തെ പുല്കിയോര്
വ്രണിതമാനത്തിന് സങ്കടച്ചോര്ച്ചയാല്
സ്വയം നിറഞ്ഞു നാമാഴങ്ങളായവര്.''
"ഓര്മ' എന്ന കവിതയിലേതാണ് ഈ വരികള്‍.
""ഇല്ലുണര്ന്നീലൊരോണവുമെന്നുള്ളില്
അന്ധകാരമൊഴിഞ്ഞിട്ടിതേവരെ
കാത്തിരിപ്പിന്റെ വേദനയുണ്ടു ഞാന്‍
നേര്‍ത്തു നേര്‍ത്തു പോയെന്റെ ഹൃദയവും.'' - "ഓണമാണു നീ...' എന്ന കവിതയിലൂടെ ദേവമനോഹര്‍ വര്‍ണിക്കുന്നു.
"യാത്രാമൊഴി' എന്ന കവിതയിലെ വരികള്‍ ഇങ്ങനെയാണ്...
"പടികള്‍ കേറി വരുന്നൊരീ രാവിന്റെ
ഞൊറികളാല്‍ നമ്മള് മാഞ്ഞു പോകുന്നുവോ
ഇനിയൊരിക്കലും സ്നേഹിക്കയില്ലെന്ന
കവിതയായിട്ടടര്ന്നുപോകുന്നുനാം'
കുടുംബം
എസ്ബിഐ ലൈഫ് നെടുമങ്ങാട് ശാഖയിൽ സീനിയര്‍ മാനേജരായ സിമി മനോഹറാണ് ഭാര്യ. സിമി നല്ലൊരു ഗായിക കൂടിയാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഗൗതം കൃഷ്ണ, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ എംഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ സൂര്യ കൃഷ്ണ, അതേ കോളജില്‍ ബികോം വിദ്യാര്‍ഥിയായ ദേവനാരായണ്, ഒന്നാം ക്ലാസ് വിദ്യാര്‍ഥി മാധവ് മനോഹര്‍ എന്നിവർ മക്കളാണ്.