പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
Friday, April 4, 2025 3:03 PM IST
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്പന തുടങ്ങി കഴിഞ്ഞു. തമിഴ്നാട്ടില്‍നിന്ന് നിരവധി ലോഡ് പടക്കമാണ് കേരളത്തിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ എത്തുന്നത്.
ഓണ്‍ലൈനില്‍ കുറഞ്ഞത് 3,000 രൂപയ്ക്കെങ്കിലും പടക്കം വാങ്ങണമെന്നാണ് ശിവകാശിയിലെ മിക്ക കച്ചവടക്കാരുടെയും നിബന്ധന. അതിനാല്‍ കുറച്ചുപേര്‍ ചേര്‍ന്ന് ഒന്നിച്ച് ഓര്‍ഡര്‍ നല്‍കുകയാണ് ചെയ്യുന്നത്.
പലയിടത്തും ക്ലബുകളും കൂട്ടായ്മകളും ഇത്തരത്തില്‍ ഒന്നിച്ച് പടക്കത്തിന് ഓര്‍ഡര്‍ നല്‍കുന്നുണ്ട്. പടക്കത്തിന്റെ വിലയ്ക്കൊപ്പം പാക്ക് ചെയ്യാനുള്ള സര്‍വീസ് ചാര്‍ജും ഈടാക്കും.
കടകളുടെ സൈറ്റില്‍ കയറി ആവശ്യാനുസരണം പടക്കങ്ങള്‍ തെരഞ്ഞെടുത്ത് പണമടച്ചാല്‍ നാല് ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ വീട്ടിലെത്തിക്കുമെന്നാണ് ശിവകാശിയിലെ മിക്ക കടക്കാരുടെയും വാഗ്ദാനം.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ദീപാവലിക്കും മറ്റും നിര്‍മിച്ച പഴയ സ്റ്റോക്കാണ് ഓണ്‍ലൈനിലൂടെ എത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സാധനങ്ങള്‍ പാഴ്സല്‍ വണ്ടികളിലും, കൊറിയര്‍ വാഹനങ്ങളിലുമായാണ് എത്തുന്നത്.
ഇതുവഴി സര്‍ക്കാരിനും വലിയ ഇനത്തില്‍ നികുതി നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് പടക്ക കച്ചവടക്കാര്‍ പറയുന്നു. പടക്കം ഓണ്‍ലൈനില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് 2018ല്‍ കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്.
നിയമം എതിരായിട്ടും ഇപ്പോഴും ഓണ്‍ലൈനില്‍ വില്പന തകൃതിയായി നടക്കുകയാണ്. പടക്കങ്ങള്‍ സാധാരണ പാഴ്സല്‍ പോലെ ബസിലും പാഴ്സല്‍ ലോറികളിലുമുള്പ്പെടെയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലേക്കെത്തുന്നത്.
പാലക്കാടന്‍ ചൂടില്‍ സമ്മർദം കൂടുന്നതിനാല്‍ തീപിടിക്കാനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ ഇതു വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.
സര്‍ക്കാരിനു നഷ്ടം
സാധാരണ രീതിയില്‍ പടക്കം വിപണനം നടത്തുന്നതിന് വലിയ നിയമപ്രശ്നങ്ങളുണ്ട്. അഗ്നിരക്ഷാസേനയുടെയും എക്സ്പ്ലോസീവ് വിഭാഗത്തിന്റെയും അനുമതിയും വലിയ സുരക്ഷിതമായ സംഭരണ സൗകര്യം തുടങ്ങി നിരവധി കടമ്പകള്‍ കടന്നുവേണം ലൈസന്‍സ് നേടുവാൻ.
ഇത്തരത്തില്‍ വലിയ തുക സര്‍ക്കാരിലേക്ക് നല്കി കച്ചവടം നടത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ വിപണി വലിയ തിരിച്ചടിയാകുന്നുണ്ട്. അപകട സാധ്യത കൂടുതലുള്ള നിയമവിരുദ്ധമായ ഓണ്‍ലൈന്‍ പടക്ക കച്ചവടം കര്‍ശനമായി തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
വ്യാപാരികള്‍ക്കു വെല്ലുവിളി
വിഷുക്കാലത്ത് നല്ല വരുമാനം ലക്ഷ്യമിട്ട് കാത്തിരുന്ന പടക്ക വ്യാപാരികളുടെ വയറ്റത്തടിച്ചാണ് ഓണ്‍ലൈന്‍ പടക്കവില്പന സംസ്ഥാനത്ത് വ്യാപകമാകുന്നത്. മുൻവര്‍ഷങ്ങളിലും ഓണ്‍ലൈന്‍ വഴി പടക്കം കേരളത്തിലേക്ക് എത്തിയിരുന്നെങ്കിലും വില്പന വ്യാപകമായത് കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടാണെന്ന് വ്യാപാരികള്‍ പറയുന്നു.
ശിവകാശിയിലെ മൊത്തവില്പനക്കാരില് നിന്നാണ് പ്രധാനമായും ഓണ്‍ലൈന്‍ പടക്കമെത്തുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല കച്ചവടക്കാരും സൈറ്റുകള്‍ വഴി 80 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചാണ് വില്പന നടത്തുന്നത്.
കടകളില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ പടക്കം കിട്ടുമെന്ന പ്രചാരണം കൂടുതല്‍ ആളുകളെ ഓണ്‍ലൈനിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
കോടതി വിധി ഇങ്ങനെ..
ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ പടക്ക വില്പന 2018ല്‍ സുപ്രീം കോടതി വിലക്കിയിരുന്നു. വായു മലിനീകരണം ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി പടക്കവില്പന നിരോധക്കണമെന്ന ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.
സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ കടകള്‍ വഴി ബുക്ക് ചെയ്തുവരുന്ന പടക്കവില്പന ഉള്‍പ്പെടില്ലെന്നാണ് പോലീസ് പറയുന്നത്. ഫ്ളിപ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവയാണ് കോടതി പറയുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുക.
ശിവകാശിയിലെ കടകളിലേക്ക് ഫോൺ വഴിയും അവരുടെ വെബ്സൈറ്റിലൂടെയുമാണ് ഉപഭോക്താക്കൾ ബന്ധപ്പെടുന്നത്. ഇത് പൂര്‍ണമായും ഓണ്‍ലൈന്‍ വില്പനയാണെന്ന് പറയാനാകില്ല. പടക്കം മാത്രം വില്‍ക്കുന്നവരായതിനാല്‍ ഇവരെ ഇ-കൊമേഴ്സില്‍ പെടുത്താന്‍ പറ്റില്ല.
സുപ്രീം കോടതി ഉത്തരവില്‍ ഇ-കൊമേഴ്സ് എന്നുള്ളതിന് കൃത്യമായ നിര്‍വചനം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും പോലീസ് പറയുന്നു. കടകളില്‍നിന്ന് പാഴ്സല്‍ വഴിയുള്ള ഓണ്‍ലൈന്‍ പടക്ക വില്പന നിയമവിരുദ്ധമല്ലെന്നാണ് പോലീസ് പറയുന്നത്.