ചുരമിറങ്ങുന്ന ലഹരി
Friday, March 21, 2025 1:15 PM IST
സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന പ്രദേശങ്ങളിൽ ഒന്നായി മാറുകയാണ് താമരശേരിയും പരിസരപ്രദേശങ്ങളും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ താമരശേരിയില്‍ പോലീസ് എക്സൈസ് വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് 122 ലഹരി കേസുകൾ.
ബംഗളൂരുവിൽനിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശേരി ചുരം മാറിയതോടെയാണ് ലഹരി കെണിയിൽ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്.
പ്രധാന ഇടത്താവളം
കോഴിക്കോട് വഴി ബംഗളൂരുവിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് താമരശേരി. പുതുപ്പാടി കട്ടിപ്പാറ താമരശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയും എല്ലാം ഉൾപ്പെടുന്ന താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു കഴിഞ്ഞ കുറച്ചു കാലമായി കേൾക്കുന്നത് അത്ര നല്ല വാർത്തകൾ അല്ല.
ലഹരി മാഫിയയുടെ വിളയാട്ടം നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കുന്നത് സംബന്ധിച്ചും സംഘങ്ങൾക്കെതിരേ നാട്ടുകാർ നടത്തുന്ന ചെറുത്തുനിൽപും വാർത്തകളിൽ നിറയുകയാണ്. ലഹരി ശൃംഖലയുടെ പ്രവർത്തനം താഴെത്തട്ടിൽ വരെ എത്തിയ സാഹചര്യത്തിൽ നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്നായിരുന്നു ലഹരി മാഫിയയുടെ ആക്രമണം ഏറ്റുവാങ്ങിയവർ ഉൾപ്പെടെ പറയുന്നത്.
മാത്രമല്ല ലഹരിക്കെതിരേ പ്രവർത്തിക്കുന്നവരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ലഹരി സംഘങ്ങൾക്കെതിരേ പ്രവർത്തിക്കാൻ അവർക്ക് പേടിയാണ്. പോലീസാകട്ടെ നിലവിലെ സാഹചര്യത്തിൽ ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല എന്ന മനോഭാവത്തിലുമാണ്.
അടിവാരത്ത് ഒരു പോലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതിനെക്കുറിച്ചും പോലീസ് പട്രോളിംഗ് രാത്രികാലങ്ങളിൽ ശക്തമാക്കേണ്ടതിനെക്കുറിച്ചും നാട്ടുകാർ ആവർത്തിക്കുന്നു. പക്ഷേ നടപടികള്‍ പതിവു രീതിയില്‍ മാത്രം ഒതുങ്ങി.
നാടിനെ ഞെട്ടിച്ച ആക്രമണങ്ങൾ..
ലഹരിയുമായി ബന്ധപ്പെട്ട് നാടിനെ ഞെട്ടിച്ച ചെറുതും വലുതുമായ നിരവധി അക്രമങ്ങൾ ഇവിടെ അരങ്ങേറിക്കഴിഞ്ഞു. കാൻസർ ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു ഉമ്മയെ വെട്ടിക്കൊന്ന ലഹരിക്ക് അടിമയായ മകൻ, ലഹരി തലയ്ക്ക് കയറി ക്ഷേത്രത്തിലെ വാളെടുത്ത് സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ ജേഷ്ഠൻ, വീടിന് പുറത്ത് സിസിടിവി വച്ചതിന്റെ പേരില്‍ ലഹരിമാഫിയയുടെ മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്ന ഗൃഹനാഥന്...
ഒടുവില്‍ പോലീസിനെ കണ്ട് കൈയിലിരുന്ന എംഡിഎംഎയും വിഴുങ്ങി മരിച്ച ഷാനിദിന്റെ അനുഭവം വരെ. ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികൾ ആണെന്ന വിവരം താമരശേരിയിലെ സാധാരണ ജനങ്ങളുടെ ആധി കൂട്ടുന്നു.
താമരശേരി പോലീസ് മാത്രം ഒരുവര്‍ഷം രജിസ്റ്റർ ചെയ്തത് ലഹരിയുമായി ബന്ധപ്പട്ട് രജിസ്റ്റർ ചെയ്തത് 74 കേസുകളാണ്. ഇതിൽ 20 എണ്ണം എംഡിഎംഎ വലിയ തോതില്‍ പിടികൂടിയ കേസാണ്. 48 കേസുകള്‍ എക്സൈസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന രാസലഹരിയുടെ വിതരണ കേന്ദ്രമായി താമരശേരി ചുരം മാറിയിട്ട് ഏറെയായി. അടുത്തകാലത്ത് താമരശേരി ചുരത്തിൽ മറിഞ്ഞ ഒരു ജീപ്പിൽനിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.
അതു മാത്രമല്ല താമരശേരി ചുരം വഴിയാണ് സർവീസ് നടത്തുന്ന ചരക്കു ലോറികൾ, അന്തർ സംസ്ഥാന ബസുകൾ എന്നിവ വഴിയുള്ള ലഹരിക്കടത്തും കൂടി വരുന്നു.