സുനിത വില്യംസിന്റെ സ്വന്തം ജുലാസൻ...
Thursday, March 20, 2025 3:47 PM IST
മാർച്ച് 18ന് അർധരാത്രിയായിട്ടും ഗുജറാത്തിലെ ജുലാസൻ എന്ന ഗ്രാമത്തിലുള്ളവരാരും ഉറങ്ങിയില്ല. അവരുടെ പ്രിയമകൾ ഭൂമിയിൽ സുരക്ഷിതയായി തിരിച്ചെത്തുന്നതുവരെ എങ്ങിനെ ഉറങ്ങും എന്നാണവരുടെ ചോദ്യം.
ബഹിരാകാശ നിലയത്തിൽ നിന്നു തങ്ങളുടെ പ്രിയപുത്രി സുനിത വില്യംസിനെയും കൂട്ടരേയും വഹിച്ചുകൊണ്ട് മാർച്ച് 18ന് ഭൂമിയിലേക്ക് തിരിച്ചുള്ള യാത്ര ആരംഭിച്ച പേടകത്തിന്റെ യാത്ര വിജയപ്രദമാകും വരെ പ്രാർഥനകളോടെ കഴിയാനായിരുന്നു ജുലാസൻ എന്ന ഗ്രാമത്തിലുള്ള എല്ലാവരുടേയും തീരുമാനം.
ടിവിയിലെ ചാനലുകൾ മാറ്റിമാറ്റി അവർ നാസയുടെ അപ്ഡേറ്റുകൾ കണ്ടുകൊണ്ടേയിരുന്നു. സമയം അർധരാത്രി പിന്നിട്ട് മാർച്ച് 19 ആയപ്പോഴേക്കും ജുലാസനിലുള്ളവരുടേയും നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. പ്രാർഥനകൾ പലതായി ഈശ്വര സന്നിധികളിൽ അർപിക്കപ്പെട്ടു....
അങ്ങിനെ മാർച്ച് 19ന് സുനിത വില്യംസ് ഒന്പതു മാസത്തിനു ശേഷം ഭൂമിയെ വീണ്ടും തൊട്ടപ്പോൾ, സുനിതയുടെ ചിരി ടിവി ചാനലുകളിൽ കണ്ടപ്പോൾ ജുലാസൻ അക്ഷരാർഥത്തിൽ കോരിത്തരിച്ചു, ആഹ്ലാദാരവങ്ങൾ പുലർകാലത്ത് ആഘോഷങ്ങളുടെ പൂത്തിരി കത്തിച്ചു....
ലോകം മുഴുവൻ സുനിതയുടേയും കൂട്ടരുടേയും തിരിച്ചുവരവ് കൊണ്ടാടുന്പോൾ ഇങ്ങ് ഇന്ത്യയിലും തങ്ങളുടെ പ്രിയപുത്രിയുടെ തിരിച്ചുവരവ് ജനങ്ങൾ ആഘോഷമാക്കി. അതിലേറ്റവും സന്തോഷം നിറഞ്ഞുനിന്ന സ്ഥലമാണ് സുനിതയുടെ കുടുംബവേരുകൾ ചെന്നെത്തുന്ന ഗുജറാത്തിലെ ജുലാസൻ ഗ്രാമം.

സുനിത വില്യംസിന്റെ ഇന്ത്യൻ വംശബന്ധങ്ങൾ തേടിപ്പോകുന്പോൾ എത്തുന്നത് ജുലാസനിലാണ്. സുനിത വില്യംസിന്റെ അച്ഛൻ ദീപക് പാണ്ഡ്യയുടെ ജന്മനാടാണ് ജുലാസൻ. ഇവർ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ കാഡി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് സുനിത വില്യംസിന്റെ കുടുംബവേരുകൾ ആണ്ടുകിടക്കുന്ന ജുലാസൻ. താമസം, അല്ലെങ്കിൽ വാസസ്ഥലം എന്നർഥമാണ് ജുലാസൻ എന്ന വാക്കിനുള്ളതെന്ന് പറയുന്നു.
ചില യാത്രക്കാർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോയി വിശ്രമിക്കാൻ തീരുമാനിക്കുകയും ജുല മരത്തിന്റെ കൊന്പുകൾ പോലെയുള്ള സ്ഥലത്ത് താമസിക്കുകയും ചെയ്തുവെന്ന് ഒരു കഥയും വിശ്വാസവുമുണ്ട്.
അതിനാൽ അവർ ഈ സ്ഥലത്തിന് ജുലാസൻ എന്ന് പേരിട്ടുവെന്നും പറയുന്നു. ഗുജറാത്തിയും ഹിന്ദിയുമാണ് ജുലാസനിലെ പ്രധാന ഭാഷ. കർഷകരാണ് ഇവിടെ കൂടുതലും.
വലിയ പെട്രോളിയം കിണറുകളുള്ള സ്ഥലം കൂടിയാണ് ജുലാസൻ. ഇവിടെ നിന്നുള്ള നിരവധി പേർ അമേരിക്കയും കാനഡയുമടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.
ജുലാസന്റെ അടുത്തുള്ള പ്രധാന സ്ഥലങ്ങൾ അഹമ്മദാബാദും ഗാന്ധിനഗറും കലോലുമൊക്കെയാണ്. ജുലാസനിൽ നിന്ന് പഠിക്കാനും ജോലി തേടിയും ഇവിടങ്ങളിലേക്ക് പോകുന്നവരും കുറവല്ല.
സുനിത വില്യംസ് ജുലാസന്റെ പേര് ബഹിരാകാശ നിലയം വരെ എത്തിച്ചെങ്കിൽ ജുലാസനിൽ നിന്ന് വിവിധയിടങ്ങളിലേക്ക് കുടിയേറിയ മറ്റുള്ളവരിൽ പലരും പ്രശസ്തരാവുകയും തങ്ങളുടെ ഗ്രാമത്തിന് പേരും പെരുമയും നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഡോക്ടർമാരും മെക്കാനിക്കൽ എൻജിനീയർമാരും അധ്യാപകരുമൊക്കെ ജുലാസനിൽ നിന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തി തങ്ങളുടെ കൊച്ചുഗ്രാമത്തിന്റെ പേര് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇവർ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും ഒത്തുകൂടാറുണ്ട്. പട്ടേലുമാരാണ് ജുലാസനിൽ കൂടുതലുമുള്ളത്. ഠാക്കൂർ, പ്രജാപതി, റാവൽ, റബാരി, ഗജ്ജർ, സുത്താർ, ബറോട്ടുകൾ, റാവൽ എന്നിവരും ജുലാസനിലുണ്ട്. ചെറുതും വലുതുമായ ഒരുപാട് ക്ഷേത്രങ്ങളുള്ള സ്ഥലമാണ് ജുലാസൻ.
ലോകപ്രശസ്തമായ ഡോള മാതാ ദേവി ക്ഷേത്രം ജുലാസനിലാണ്. സ്വാമിനാരായണ ക്ഷേത്രം, രാധാ വല്ലഭ ക്ഷേത്രം, റാംജി മന്ദിർ, സത് കൈവൽ ആശ്രമം, ഗോഗ്ലേശ്വര മഹാദേവ്, നീലകണ്ഠേശ്വർ മഹാദേവ് ക്ഷേത്രം, ഷിത്ല മാതാ, ഹനുമാൻ വിഗ്രഹ ക്ഷേത്രം, പിപാലേശവർ മഹാദേവ ക്ഷേത്രം, നാരാഹി മഹാദേവ ക്ഷേത്രം, നാരാഹി മഹാദേവ ക്ഷേത്രം എന്നിവയെല്ലാം ഈ കൊച്ചുഗ്രാമത്തിലെ ആരാധനാലയങ്ങളാണ്.
വിദ്യാഭ്യാസ മേഖലയിൽ മുന്നോട്ടു കുതിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഈ ഗ്രാമത്തിലുണ്ട്. നൂറു വർഷത്തിലേറെ പഴക്കമുള്ള ജുലാസൻ അനുപം പ്രാത്മിക് ശാല ഈ ഗ്രാമവാസികൾ വിദ്യാഭ്യാസത്തിനു നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
പുതിയ സ്കൂളുകൾ ഈ ഗ്രാമത്തിൽ ഉയരുന്നുവെന്നത് ഈ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും ഇനിയും വർധിക്കുമെന്നതിന്റെ നേർസാക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തിന് അഹമ്മദാബാദിലേക്ക് പോകുന്നവരുണ്ട്.
വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുന്പോൾ 1870 മുതൽ 1910 വരെ പ്രൈമറി സ്കൂൾ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലായിരുന്നു. 1910-ൽ മഹാരാജ സായാജിറാവു പണികഴിപ്പിച്ചതാണ് ഇപ്പോഴത്തെ ജുലസൻ പ്രാഥമിക് സ്കൂൾ.
1965-ൽ മഗൻലാൽ ചിമൻലാൽ ഗജ്ജർ തന്റെ പരേതനായ സഹോദരൻ ചിമൻലാൽ പുരുഷോത്തംദാസ് ഗജ്ജാറിന്റെ സ്മരണയ്ക്കായി സി.പി. ഗജ്ജർ ഹൈസ്കൂൾ നിർമിച്ചു.
സി.പി. ഗജ്ജർ ഹൈസ്കൂൾ 9-ാം ക്ലാസ് മുതൽ 11-ാം ക്ലാസ് വരെ വിദ്യാഭ്യാസം നൽകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കാൻ ഉദാരമായി സംഭാവന ചെയ്യാൻ ഈ ഗ്രാമത്തിലുള്ളവർക്കും പുറമെയുള്ളവർക്കും യാതൊരു മടിയുമില്ല.
താമസം അമേരിക്കയിലായിരുന്നെങ്കിലും ഇന്ത്യൻ പൈതൃകത്തേയും ഇന്ത്യൻ പാരന്പര്യത്തേയും ഇന്ത്യക്കാരേയും ഇന്ത്യയേയും സുനിത വില്യംസിന് ഏറെ ബഹുമാനമായിരുന്നു.
അതുപോലെതന്നെ തന്റെ പിതാവിന്റെ ജന്മനാടായ ജുലാസൻ എന്ന ഗ്രാമത്തോടും സുനിതയ്ക്ക് വല്ലാത്തൊരു അടുപ്പമായിരുന്നു. സുനിത ഇവിടെ വന്നിട്ടുണ്ട്. ഗ്രാമവാസികളുമായി സംസാരിച്ചിട്ടുണ്ട്. ജുലാസനിലെ കുട്ടികളെ വാക്കുകൾ കൊണ്ട് മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്.
ജുലാസനിൽ ഒരു പാട് ഭാവി ബഹിരാകാശ സഞ്ചാരികളെ താൻ കാണുന്നുവെന്ന് സുനിത ഇംഗ്ലീഷിൽ പറഞ്ഞത് ദ്വിഭാഷി ഗുജറാത്തിയിലേക്ക് തർജമ ചെയ്ത് ജുലാസൻ ഗ്രാമവാസികളോടു പറഞ്ഞപ്പോൾ നിലയ്ക്കാത്ത കരഘോഷമായിരുന്നു ഉയർന്നതത്രെ.
സുനിത വില്യംസിനെ ഈ ഗ്രാമത്തിലെ കൊച്ചുകുട്ടികൾക്കു പോലുമറിയാം. അവരുടെ കൈകളിൽ സുനിതയുടെ ചിത്രങ്ങളുണ്ട്. ടിവിയിൽ സുനിതയെ കാണിക്കുന്പോൾ അവർ ആർത്തുവിളിക്കുന്നു. അത്രയൊന്നും അറിയപ്പെടാതെ കിടന്നിരുന്ന ജുലാസൻ എന്ന ഗ്രാമത്തിന്റെ പേര് നാസയിൽ വരെ രേഖപ്പെടുത്തിക്കഴിഞ്ഞു.
ബഹിരാകാശത്തുനിന്നു സുനിത തിരിച്ചുവരുന്നത് കാത്തിരുന്നതിനേക്കാൾ ആവേശത്തോടെ ആകാംക്ഷയോടെ കൊതിയോടെ ജുലാസനിലുള്ളവർ സുനിത തങ്ങളുടെ, സുനിതയുടെ ഗ്രാമത്തിലേക്ക് വീണ്ടും വരുന്നതും കാത്തിരിക്കുകയാണ്...
ഗുജറാത്തി ഭാഷയിൽ അവർ പറയുന്നു.... അമാരി വഹാലി ദിനി ജുലാസനമാം ആപനും സ്വഗതാ ചേ (ഞങ്ങളുടെ പ്രിയ പുത്രിക്ക് ജുലാസനിലേക്ക് സ്വാഗതം....).