അവരെത്തി, നാലു പേരും സുരക്ഷിതർ
Wednesday, March 19, 2025 2:44 PM IST
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവസം നീണ്ട ബഹിരാകാശവാസത്തിനുശേഷം ഇന്ത്യൻ വംശജ സുനിത വില്യംസും (59) ബുച്ച് വിൽമറും സുരക്ഷിതരായി ഭൂമിയിലെത്തി. ഒപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരും.
ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ഇറങ്ങിയത്. കടൽപരപ്പിലിറങ്ങിയ പേടകത്തിനടുത്ത് ആദ്യമെത്തിയ നേവി സീൽ ബോട്ടാണ്.
പത്തു മിനിറ്റു നീണ്ട സുരക്ഷാപരിശോധനയ്ക്കുശേഷം എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു പേടകത്തെ മാറ്റി. 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. ഇന്ത്യൻ സമയം പുലർച്ചെ 4.17ന് നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും.
നിറചിരിയോടെ കൈവീശികാട്ടിയായിരുന്നു സുനിതയുടെ ഇറക്കം. 4.25 ഓടെ നാലുപേരെയും പുറത്തിറക്കി. ചുറ്റിലും കൂടിയവർ കൈയടിച്ച് ഇവരെ വരവേറ്റു. യാത്രികരെ ഉടൻതന്നെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കു ഹെലികോപ്റ്ററിൽ കൊണ്ടുപോയി.
പേടകം പിന്നീട് റിക്കവറി ഷിപ്പിലെത്തിച്ച് ശുദ്ധജലം ഉപയോഗിച്ച് കഴുകി. പേടകത്തിനൊപ്പം കടലിലേക്കു വീണ പാരച്യൂട്ടിന്റെ അവശിഷ്ടങ്ങൾ തിരിച്ചെടുത്തു. ജൂൺ കഴിഞ്ഞ വർഷം അഞ്ചിനാണ് ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമറും ബഹിരാകാശനിലയത്തിലേക്കു പോയത്.
എട്ടു ദിവസത്തെ ദൗത്യവുമായി പോയ ഇവർ പേടകത്തിന്റെ സാങ്കേതികതകരാര്‍ കാരണം മടങ്ങിവരാനാകാതെ ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) ഒന്‍പതു മാസത്തിലേറെ കുടുങ്ങുകയായിരുന്നു. ഇരുവരുമില്ലാതെ പേടകം പിന്നീടു ലാന്‍ഡ് ചെയ്തിരുന്നു. 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോർബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്.
യാത്രികർക്ക് ഇനി ആഴ്ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പി
ബഹിരാകാശത്തുനിന്നു ഭൂമിയിലെത്തിയ സുനിത വില്യംസ് ഉൾപ്പെടെയുള്ള യാത്രികർക്ക് ആഴ്ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും മെഡിക്കൽ നിരീക്ഷണവും നൽകും. ഭൂമിയിലെ കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങളാണ് നടത്തുക. നിലവിൽ നാലുപേർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.

കടലിൽ പേടകത്തെ സ്വീകരിക്കാൻ ഡോള്‍ഫിനുകള്‍!
സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം കടലിലിറങ്ങിയപ്പോള്‍ കനത്ത സുരക്ഷയാണ് യുഎസ് കോസ്റ്റ് ഗാർഡ് ഒരുക്കിയത്. എന്നാല്‍ സുരക്ഷാസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് വലിയ ഡോള്‍ഫിനുകള്‍ പേടകത്തിന് അരികിലേക്കു പാഞ്ഞടുക്കുന്നതാണു കണ്ടത്.
പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. സമീപത്ത് യുഎസ് കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും സ്പേസ് എക്സിന്റെ കപ്പലുമുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെ ഡോള്‍ഫിനുകള്‍ ഡ്രാഗണ്‍ പേടകത്തിനരികെ തുടർന്നു.
സുനിതയും ബുച്ചും 4,576 തവണ ഭൂമിയെ വലംവച്ചു
ഒമ്പത് മാസത്തിലേറെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ചെലവഴിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും 4,576 തവണയാണു ഭൂമിയെ വലംവച്ചത്. 286 ദിവസം നീണ്ട ബഹിരാകാശ വാസത്തിൽ സഞ്ചരിച്ചത് 121,347,491 മൈലുകള്‍.
171 ദിവസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും 72,553,920 മൈല്‍ യാത്ര ചെയ്യുകയും 2,736 തവണ ഭൂമിയെ വലംവയ്ക്കുകയും ചെയ്തു. ഇതാദ്യമായായിരുന്നു ഗോര്‍ബുനോവ് ബഹിരാകാശ യാത്ര നടത്തുന്നത്.
എന്നാല്‍ സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി.
സ്പേസ് എക്സിനും നാസക്കും ട്രംപിനും അഭിനന്ദനങ്ങൾ
ക്രൂ- 9 ന്റെ വിജയകരമായ ലാൻഡിംഗിൽ സ്പേസ് എക്സിനും നാസക്കും ട്രംപിനും അഭിനന്ദനങ്ങളുമായി ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് അഭിനന്ദനം. ഞങ്ങൾ അത്യന്തം സന്തോഷവാന്മാരാണെന്നായിരുന്നു നാസയുടെ പ്രതികരണം.
പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം നാസയും സ്പേസ് എക്സും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ദൗത്യം ഒരു മാസം മുന്നേ പൂർത്തിയാക്കുകയായിരുന്നു എന്ന് നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു.
ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് രണ്ട് ടീമും ഒരുമിച്ച് യാത്രികരെ വീട്ടിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നു പെട്രോ കൂട്ടിച്ചേർത്തു.
സുനിത വന്ന പേടകത്തിൽ ഒരു ഇന്ത്യക്കാരൻ യാത്ര തിരിക്കും
സുനിത വില്യംസ് വന്ന അതേ ഡ്രാഗൺ പേടകത്തിൽ ഒരു ഇന്ത്യക്കാരൻ അധികം വൈകാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുമെന്നു റിപ്പോർട്ട്. രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആ ഇന്ത്യൻ പൗരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ആണത്.
അമേരിക്കൻ സ്വകാര്യ കമ്പനി ആക്സിയം സ്പേസുമായി സഹകരിച്ചാണ് ശുഭാന്‍ഷുവിന്റെ ബഹിരാകാശ യാത്ര. 2025 ജൂണിനകം ഈ ദൗത്യം നടന്നേക്കും.