കേരളത്തിന്റെ സ്വന്തം കാണി മരഞണ്ട്
Tuesday, March 18, 2025 12:06 PM IST
കേരളത്തിന്റെ സ്വന്തം കാണി മരഞണ്ടിനെ ഗവേഷകർക്ക് കാട്ടികൊടുത്ത് മല്ലനും രാജനും ആദിവാസികളായ കാണിക്കാരുടെ കുലത്തിന്റെ മഹിമ വാനോളം ഉയർത്തി. മരത്തിൽ മാത്രം ജീവിക്കുന്ന ഒരു ഞണ്ടിനെയാണ് അഗസ്ത്യമലയിൽ കണ്ടെത്തിയത്.
ശാസ്ത്രനാമം പൂർണമായും മലയാളത്തിലുള്ള ഏക ജീവി കൂടിയാണിത്. ഇന്ത്യയിലെ ആദ്യത്തെ മരഞണ്ടുകളെ ശുദ്ധജലാശയങ്ങളിലും (അരുവികൾ, തടാകങ്ങൾ, പുഴകൾ), ചതുപ്പുകളിലും, കടലിലും ഒക്കെയാണ് സാധാരണ കണ്ടുവരുന്നത്.
എന്നാൽ മരത്തിൽ മാത്രം ജീവിക്കുന്ന ഒരു ഞണ്ടിനെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് പശ്ചിമഘട്ടത്തിൽ അഗസ്ത്യമലയിൽ നിന്നുമാണ്. കേരളത്തിലെ കാടുകളിൽ മാത്രം കാണപ്പെടുന്ന ഒരു തദ്ദേശ ഇനമാണ് കാണി മരഞണ്ട്.
അമേരിക്കൻ ആസ്ഥാനമായുള്ള ശാസ്ത്ര സംഘടനയുടെ ജേർണൽ ഓഫ് ക്രൂസ്റ്റേഷ്യൻ ബയോളജി എന്ന മാസികയുടെ പുതിയ ലക്കത്തിൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് വന്നിട്ടുണ്ട്.
കണ്ടെത്തിയ വഴി
അഗസ്ത്യവനത്തിലെ കോട്ടൂർ ചോനംമ്പാറ ഭാഗത്തു നിന്നാണ് ഈ അപൂർവ ഞണ്ടിനെ കണ്ടെത്തുന്നത്. ശുദ്ധജല ഞണ്ടുകളെ കണ്ടെത്തുന്നതിനായി രണ്ടു വർഷം മുൻപ് തുടങ്ങിയ ഗവേഷണ പര്യവേഷണ പര്യടനത്തിന് ഇടയ്ക്കാണ് മരഞണ്ടിനെ കാണുന്നത്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ കേരള സർവകലാശാലയിലെ അക്വാറ്റിക്ക് ബയോളജിക്കൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ ഡോ. അപ്പുകുട്ടൻനായർ ബിജുകുമാറും സംഘവും കാട്ടിൽ തെരയുന്നതിനിടെയാണ് അഗസ്ത്യമലയിലെ സഹായിയായി സംഘത്തിൽ ചേർന്ന രാജൻകാണിയും മല്ലൻ കാണിയും മരത്തിൽ പറ്റി പിടിച്ചിരിക്കുന്ന ഒരു ജീവിയെ കുറിച്ച് ഇവരോട് പറയുന്നത്.

ഏതാണ്ട് കറുത്ത നിറത്തിൽ കാണുന്ന ഒരിനം. അത് ശ്രദ്ധിക്കാൻതന്നെ സംഘം തീരുമാനിക്കുന്നു. അങ്ങനെയാണ് സദാ ഈർപ്പം നിലനിൽക്കുന്ന അന്തരീക്ഷത്തിൽ വെള്ളത്തിന്റെ അംശം പേറുന്ന മരത്തിൽ നിന്നും ഞണ്ടിനെ കാണുന്നത്. സൂക്ഷ്മമായ പരിശോധനയിൽ അത് ഞണ്ടാണെന്ന് കണ്ടെത്തി. അങ്ങനെ പേരും നൽകി. മരഞണ്ട്.
ആ പേരിനു പിന്നിൽ
പുതിയ മരഞ്ഞണ്ടിന്റെ ജനുസിന് മരഞണ്ടിനെ കണ്ടെത്താൻ സഹായിച്ച കാണിക്കാരുടെ ഓർമയ്ക്കായി "കാണി' എന്നും സ്പീഷീസിന് മലയാളം പേരായ "മരഞണ്ട്' എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. അങ്ങനെ ശാസ്ത്രനാമം പൂർണമായും മലയാളത്തിലുള്ള ഏക ജീവിയായി മരഞണ്ട്.
നിയമത്തിലെ പ്രസ്തുത നിബന്ധന അനുസരിച്ചാണ് "കാണി മരഞണ്ട്' എന്ന പേരുതന്നെ നൽകാൻ തീരുമാനിച്ചത്. കുറുകെ അണ്ഡാകൃതിയിലുള്ള പുറന്തോടും വളരെ നീണ്ട കാലുകളുമാണ് കാണി മരഞണ്ടിനെ മറ്റു ഞണ്ടുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.
നീണ്ട കാലുകളും ആദ്യ കാലിലെ അഗ്രഭാഗം വളഞ്ഞ ഉറച്ച മുള്ളുകളും അനായാസമായി മരം കയറാൻ ഇവയ്ക്ക് സഹായകമാകുന്നു. ശരീരത്തിന് നീലകലർന്ന കറുപ്പുനിറമാണ്. അടിവശത്തും പാർശ്വങ്ങളിലും ഓറഞ്ചുകലർന്ന മഞ്ഞനിറവുമുണ്ട്.
മരപ്പൊത്തുകളിലെ വെള്ളത്തിൽ കഴിയുന്ന ഇവ അപൂർവമായേ പുറത്തിറങ്ങൂ. അതും പ്രധാനമായി രാത്രികളിൽ. ഇവ പ്രജനനം നടത്തുന്നതും മരപ്പൊത്തുകളിലാണ്. താന്നി, മരുത്, വയണ, ഏഴിലംപാല തുടങ്ങിയ മരങ്ങളിലെ പൊത്തുകളിലാണ് സാധാരണയായി ഇവയെ കാണുന്നത്.
വലിയ മരപ്പൊത്തിൽ ഒന്നിലധികം ഞണ്ടുകൾ ചിലപ്പോൾ ഒരുമിച്ചു താമസിക്കും. അവ താമസിക്കുന്ന പൊത്തിൽനിന്ന് പുറത്തേക്കുകളയുന്ന പൊടിയും വിസർജ്യവസ്തുക്കളും വെള്ളത്തിൽ നിന്ന് വരുന്ന കുമിളകളും നോക്കിയാണ് മരഞ്ഞണ്ടിന്റെ സാന്നിധ്യം കാണിക്കാർ തിരിച്ചറിയുന്നത്.
കാണിക്കാർ ചർമരോഗങ്ങൾ മാറ്റാൻ എണ്ണ കാച്ചാൻ മരഞണ്ടുകളെ ഉപയോഗിക്കാറുണ്ട്. മൂങ്ങ, കീരി തുടങ്ങിയവയാണ് മരഞണ്ടിന്റെ പ്രധാന ശത്രുക്കൾ. ഇലകൾ, വിത്തുകൾ, ഒച്ച്, പ്രാണികൾ തുടങ്ങിയവയാണ് മരഞണ്ടിന്റെ ആഹാരം.
മരപ്പൊത്തുകൾക്കുള്ളിൽ
നിറയെ വെള്ളമുള്ള മരപ്പൊത്തുകളിൽ മാത്രമാണ് മരഞണ്ടുകൾ താമസിക്കുന്നത്. വേനൽക്കാലത്ത് വെള്ളമില്ലാത്ത പൊത്തുകളിൽ നിന്ന് മരങ്ങളിൽ ഉയരത്തിലുള്ള പൊത്തുകളിലേക്ക് ഇവ കയറിപ്പോകും.
അപൂർവമായ മരഞണ്ടുകളുടെ സാന്നിധ്യം പശ്ചിമഘട്ടത്തിൽ വനമേഖലയിലും അതിനോട് ചേർന്നുനിൽക്കുന്ന പ്രദേശങ്ങളിലേയും വലിയ മരങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്നു.
മരപ്പൊത്തിലെ വെള്ളത്തിൽ മാത്രം ജീവിക്കാൻ കഴിയുന്ന മരഞ്ഞണ്ടുകളെ കാടിന്റെ ആരോഗ്യത്തിന്റെ പ്രതീകങ്ങളായും കാണാൻ കഴിയുമെന്നും ചൂണ്ടികാട്ടപ്പെടുന്നു.
മഴക്കാടുകളിൽ പ്രത്യേക ആവാസ വ്യവസ്ഥയിൽ മാത്രം കാണപ്പെടുന്ന ഇത്തരം ജീവികൾക്ക് നിലനിൽക്കാൻ അന്തരീക്ഷം ഇല്ലാതായി വരികയാണെന്ന് ശാസ്ത്ര സമൂഹം വിലയിരുത്തുന്നു. അതിനാൽ തന്നെ ഉൾകാടുകൾ ഇത്തരം പുത്തൻ ജീവികളുടെ കേന്ദ്രമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.