ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
Saturday, March 1, 2025 1:33 PM IST
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാന്പുകൾ തുടങ്ങി 200 ഓളം രാജ്യങ്ങളുടെ കറൻസികളും സ്റ്റാന്പുകളും ഒരു ഓട്ടോയിൽ ശേഖരിച്ച് വച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ...
കുഞ്ഞിമംഗലം എടാട്ട് പറമ്പത്ത് സ്വദേശി സുമേഷ് ദാമോദരന്റെ ഓട്ടോയിൽ കയറിയാൽ ഇതൊക്കെ കണ്ട് ആസ്വദിച്ച് യാത്ര ചെയ്യാം. അതും ഒരു മ്യൂസിയത്തിൽ കയറുന്ന അനുഭവത്തോടെ. "ഓട്ടോ മ്യൂസിയം @ പയ്യന്നൂർ' എന്നാണ് ഈ ഓട്ടോയുടെ പേര്.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പരിസ്ഥിതി പഠനത്തിന്റെ സാർ ടി.ടി. പദ്മനാഭൻ എന്തെങ്കിലും ഒരു ഹോബി തെരഞ്ഞെടുക്കണമെന്ന് പറഞ്ഞപ്പോൾ ആദ്യം പക്ഷി തൂവലുകളും പിന്നീട് തീപ്പെട്ടി കവറുകളും ശേഖരിക്കാൻ തുടങ്ങി.

എന്നാൽ, ഇവയിൽ നിന്ന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ചിന്തയിൽ നിന്നാണ് സ്റ്റാമ്പ് ശേഖരണം തുടങ്ങിയത്. കേരളത്തിലെ തന്നെ അന്ന് ലഭിക്കുന്ന എല്ലാ സ്റ്റാന്പുകളും ഒത്തിരി കഷ്ടപ്പെട്ട് കണ്ടെത്തി. ബുക്കിൽ ശേഖരിച്ച സ്റ്റാമ്പുകൾ കാണിച്ചപ്പോൾ അധ്യാപകൻ അഭിനന്ദിച്ചു.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന സമയം സ്വന്തം ബസിൽ കണ്ടക്ടറായി ജോലി ചെയ്തു. ആ സമയത്ത് അപ്രതീക്ഷിതമായി ബസിൽ നിന്ന് ഒരു യാത്രക്കാരി തിരുവതാംകൂർ പണം നൽകി. ഇത് കണ്ട് കൗതുകം തോന്നി.
വേറെ ഒരു ദിവസം ബസിൽ നിന്ന് സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് എന്ന നാണയം ലഭിച്ചു. ഈ നാണയങ്ങൾ ആർക്കും കൊടുക്കാൻ തോന്നാതെ ശേഖരിച്ച് വച്ചു. പിന്നീട് പഴയകാല നാണയങ്ങൾ ശേഖരിക്കാൻ തുടങ്ങി.
പാളനോട്ട് എന്നറിയപ്പെടുന്ന നൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ, മാനിന്റെ ചിത്രത്തോടു കൂടിയ വലിയ അഞ്ചു രൂപയും ചെറിയ അഞ്ചു രൂപയും, പച്ചനിറത്തിലുള്ള രണ്ടു രൂപ, ചുവന്ന നിറത്തിലുള്ള രണ്ടു രൂപ,
മഹാത്മാഗാന്ധി സ്മരണയിൽ ഇറങ്ങിയ ഒന്ന്, രണ്ട്, പത്ത്, നൂറ് രൂപ നാണയങ്ങൾ, 25-ാം സ്വാതന്ത്ര ദിനത്തിൽ പുറത്തിറങ്ങിയ 25 രൂപയുടെ വെള്ളി നാണയം, ഭേഹദേശ്വര അന്പലത്തിന്റെ ആയിരം വർഷം പ്രമാണിച്ച് പുറത്തിറക്കിയ 1,000 രൂപയുടെ വെള്ളി നാണയങ്ങൾ ഇവയെല്ലാം സുമേഷിന്റെ ശേഖരത്തിലുണ്ട്.

വിദേശ കറൻസികൾ, സ്റ്റാന്പുകൾ
ഇന്ത്യയിലെ നാണയങ്ങൾ മുഴുവനായും ശേഖരിച്ച് കഴിഞ്ഞപ്പോഴാണ് വിദേശ കറൻസികൾ ശേഖരിച്ചാലോയെന്ന ആശയമുണ്ടായത്. ഒമാനിലുള്ള സുഹൃത്തിനോട് തന്റെ ഈ ആശയം പങ്കുവച്ചപ്പോൾ എന്നാൽ ആദ്യത്തെ സംഭാവന തന്റെ ആകട്ടെയെന്ന് പറഞ്ഞ് ഒരു ഒമാൻ നാണയം അയച്ചുകൊടുത്തു.
പിന്നീട് പലരിൽ നിന്നുമായി വിദേശ രാജ്യങ്ങളുടെ കറൻസികൾ ശേഖരിച്ചു. നിലവിൽ ശ്രീലങ്ക, ബ്രിട്ടൺ, അമേരിക്ക, യുഎഇ, ബഹ്റൈൻ, ഫ്രാൻസ്, ജർമനി, ഇറാഖ്, നേപ്പാൾ, ചൈന, ഖത്തർ തുടങ്ങി 150 ഓളം രാജ്യങ്ങളുടെ അയ്യായിരത്തിലധികം സ്റ്റാമ്പുകൾ, പഴയ ഓട്ടക്കാലണ ഉൾപ്പെടെ നൂറിലധികം നാണയങ്ങൾ, വിവിധ രാജ്യങ്ങളുടെ തപാൽ മുദ്ര തുടങ്ങിയവ സുമേഷിന്റെ കൈവശമുണ്ട്.
ഇവകൂടാതെ മേഘദൂത് പോസ്റ്റ് കാർഡ്, ഇൻലന്റ്, മിനിയേച്ചർ ഷീറ്റ്, എയർ മെയിൽ എന്നിവയും ഓട്ടോയിലുണ്ട്. കൊച്ചി-തിരുവിതാംകൂർ അഞ്ചൽ സ്റ്റാമ്പുകൾ, രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര്യ ദിനത്തിൽ ഇറക്കിയ പോസ്റ്റ് കാർഡ് 40 വിദേശ രാജ്യങ്ങൾ മഹാത്മാഗാന്ധിയുടെ ഓർമയ്ക്കായി ഇറക്കിയ 120 സ്റ്റാമ്പുകൾ എന്നിവയുമുണ്ട്.
വ്യക്തിഗത സ്റ്റാമ്പായി കേരളത്തിൽ ആദ്യം പുറത്തിറക്കിയ ശ്രീനാരായണ ഗുരുവിന്റെ സ്റ്റാമ്പ് തൊട്ട് കൊച്ചി സിനഗോഗിന്റേത് അടക്കമുള്ളവ വേറെ.