റിക്കാർഡ് നീന്തൽ
Wednesday, February 26, 2025 1:43 PM IST
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക്കിടക്കുന്ന അനില്‍ കുറുമശേരി കാഴ്ചക്കാര്ക്കെന്നും വിസ്മയമാണ്. ഈ സാഹസിക പ്രകടനത്തിലൂടെ അനിലിനെ തേടിയെത്തിയിരിക്കുന്നത് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്ഡ്സാണ്.
തൃശൂര്‍ കൊരട്ടി മംഗലശേരി ക്ലബിലെ നീന്തല്‍ക്കുളത്തില്‍ കൈകാലുകള്‍ ബന്ധിച്ച് ഒരു മണിക്കൂറോളം വെള്ളത്തില്‍ പൊങ്ങിക്കിടന്ന് സാഹസിക പ്രകടനം നടത്തിയാണ് റിക്കാര്‍ഡ് നേട്ടം കൈവരിച്ചത്.
കൈകാലുകള്‍ ബന്ധിച്ച് ഒരു മണിക്കൂർ വെള്ളത്തിൽ പൊങ്ങിക്കിടന്നതിനാണ് 57-ാം വയസില്‍ അനിലിന് ഈ പുരസ്കാരം ലഭിച്ചത്.
ചാലക്കുടിപ്പുഴയില്‍ നീന്തിത്തുടിച്ച ബാല്യം
ആലുവ കുറുമശേരി തേവാശേരി വീട്ടില്‍ അനിലിന് കുട്ടിക്കാലം മുതല്‍ നീന്താന്‍ ഇഷ്ടമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ചാലക്കുടിപ്പുഴയില്‍ നീന്താന്‍ തുടങ്ങി. പുഴയില്‍ മുങ്ങിയും പൊങ്ങിയുമൊക്കെ കിടന്ന് സ്വയം നീന്തല്‍ പഠിച്ചു.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വശം 300 മീറ്ററോളം പുഴ അനില്‍ നീന്തിക്കടക്കുമായിരുന്നു. അങ്ങനെ സ്കൂള്‍ പഠനകാലത്ത് നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് അനില്‍ നിരവധി സമ്മാനങ്ങളും നേടി.
1986-87 കാലഘട്ടത്തില്‍ എറണാകുളം ജില്ലാ നീന്തല്‍ ടീമില്‍ പ്രവേശനം ലഭിച്ചു. ഇതോടെ നിരവധി അവസരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചു. സംസ്ഥാന, ജില്ലാ നീന്തല്‍ മത്സരങ്ങളില്‍ നിരവധി തവണ അനില്‍ വിജയിയായി.
കൊച്ചിക്കായല്‍ നീന്തിക്കടന്ന്
2000 മുതല്‍ കൈകാലുകള്‍ ബന്ധിച്ച് അനില്‍ നീന്താന്‍ തുടങ്ങി. ഇത് ജനശ്രദ്ധ ആകര്‍ഷിച്ചു. 2004 ല്‍ കൊച്ചിക്കായല്‍ നീന്തിക്കടന്നു. ഹൈക്കോര്‍ട്ട് ജെട്ടി മുതല്‍ ബോള്‍ഗാട്ടി പാലസ് വരെയുള്ള കായലില്‍ കൈ കാലുകള്‍ ബന്ധിച്ചായിരുന്നു അന്ന് അനില്‍ നീന്തിയത്.
തുടര്‍ന്ന് പെരിയാറിലും ഇതേ രീതിയില്‍ സാഹസിക പ്രകടനം നടത്തി. ഇതോടെ കേരള അഡ്വഞ്ചറസ് സ്പോര്‍ട്സ് അവാര്‍ഡ് ഉള്‍പ്പെടെ ധാരാളം പുരസ്കാരങ്ങളും അനിലിനെ തേടിയെത്തി.
ചിട്ടയായ പരിശീലനവും നിരന്തര പ്രയത്നവും
ചിട്ടയായ പരിശീലനവും നിരന്തര പ്രയത്നവും മൂലമാണ് താന്‍ ഈ നേട്ടം സ്വന്തമാക്കിയതെന്ന് കേരള സ്റ്റേറ്റ് സി ആപ്റ്റ് എറണാകുളം സബ് സെന്റര്‍ ജീവനക്കാരൻ കൂടിയായ അനില്‍ പറഞ്ഞു. ജോലിത്തിരക്കുകള്‍ക്കിടയിലും എന്നും നീന്തല്‍ പരിശീലനത്തിനായി അല്പം സമയം മാറ്റിവയ്ക്കും.
അവധി ദിവസങ്ങളില്‍ രണ്ടര മണിക്കൂറോളം നീന്തല്‍ പരിശീലിക്കും. സ്വിമ്മിംഗ് പൂളില്‍ ആണെങ്കില്‍ കൈകാലുകള്‍ ബന്ധിച്ചു പൊങ്ങിക്കിടക്കുന്നത് കൂടാതെ നീന്താ നും അനിലിനു കഴിയും. മനസിന് ഏകാഗ്രത കിട്ടാനായി യോഗയും അനില്‍ സ്വായത്തമാക്കി.
ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കണം
ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടണമെന്നാണ് അനില്‍ കുറുമശേരിയുടെ മോഹം. പക്ഷേ അതിന് പണച്ചെലവ് ഏറെയാണ്. 25 ലക്ഷം രൂപയെങ്കിലും അതിനായി വേണ്ടി വരും. ഒരു സ്പോണ്‍സറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
അതോടൊപ്പം തന്നെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് എന്ന വലിയ ആഗ്രഹവും നേടിയെടുക്കാ നുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.
സ്കൂളുകളില്‍ നീന്തല്‍ ഉള്‍പ്പെടുത്തണം
ഇന്ന് ഏതൊരു കുട്ടിയും നീന്തല്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ നീന്തല്‍ പഠനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് അനില്‍ പറയുന്നത്. ഇതിനായി ഒരു പ്രോജക്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
കുടുംബത്തിന്റെ പിന്തുണ
എല്‍ഐസി അഡ്വൈസറായ ഭാര്യ ഗീതയും മക്കള്‍ ഐ ടി ഉദ്യോഗസ്ഥനായ ജിഷ്ണുവും പ്ലസ്ടു വിദ്യാര്‍ഥിനിയായ ശ്രേയയും അനിലിന് പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്