കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
Thursday, February 20, 2025 1:30 PM IST
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മനിലയിലെ പ്രാദേശിക ഭരണകൂടം തങ്ങളുടെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞത് - ഒന്നുകിൽ ജീവനോടെ അല്ലെങ്കിൽ കൊന്നിട്ട്... രണ്ടായാലും കുഴപ്പമില്ല പക്ഷേ ഇനിയവർ ഒരാൾക്ക് നേരെയും ആക്രമണം അഴിച്ചു വിടരുത്... തീർത്തേക്കണം...
മനിലയിലെ പ്രാദേശിക ഭരണകൂടം ഒരു ക്രൂരമായ ഭരണസംവിധാനം അല്ല. എന്നാൽ അവനിപ്പോൾ കൊല്ലാനും തീർക്കാനും ആഹ്വാനം നൽകിയിരിക്കുന്നത് തങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുന്ന കൊതുകു കൂട്ടത്തെയാണ്.
അതെ, കൊതുക നിർമ്മാർജ്ജനത്തിന്റെ ഭാഗമായാണ് കൊതുകിനെ കൊല്ലാൻ പൊതുജനങ്ങളുടെ സഹായം ഇവർ തേടിയിരിക്കുന്നത്. കൊതുകുകളെ ജീവനോടെയോ കൊന്നോ എത്തിക്കുന്നവര്‍ക്ക് പാരിതോഷികവും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊതുക് പരത്തുന്ന ഡെങ്കിപ്പനി
തങ്ങളുടെ നഗരത്തില്‍ വ്യാപകമായി പടരാൻ തുടങ്ങിയതോടെയാണ് കൊതുകുകളെ കൊന്നൊടുക്കാൻ ജനങ്ങളുടെ സഹായം തേടിയതും കൊല്ലുന്നവർക്കും ജീവനോടെ പിടിച്ചു കൊണ്ടുവരുന്നവർക്കും സമ്മാനം പ്രഖ്യാപിച്ചതും.
ജനങ്ങൾ കൊണ്ടുവരുന്ന അഞ്ചു കൊതുകുകൾക്ക് ഒരു പെസോ വീതം പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. കൗതുകത്തോടെയുള്ള ഈ പ്രഖ്യാപനം ജനങ്ങൾ ഏറ്റെടുക്കുമെന്ന് മനിലയിലെ പ്രാദേശിക ഭരണകൂടം കരുതിയില്ല.
പക്ഷേ പ്രഖ്യാപനം വന്ന മണിക്കൂറുകൾക്കകം കൊതുകുകളെയും കൊണ്ടുള്ള ജനങ്ങളുടെ നീണ്ട ക്യൂ ആണ് പ്രാദേശിക ഭരണകൂടത്തിന് കാണാനായത്. സമ്മാന പ്രഖ്യാപന ത്തോടുകൂടിയുള്ള അറിയിപ്പ് വന്ന് നിമിഷങ്ങൾക്കകം കുട്ടികളും മുതിർന്നവരും കൊതുകുകളെ വേട്ടയാടാൻ കളത്തിൽ ഇറങ്ങി.
മതിലിലും ഓടകളിലും വീട്ടിലും നാട്ടിലും ഉള്ള സകല കൊതുകുകളെയും പിടികൂടാൻ മനിലയിലെ ജനങ്ങൾ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയതോടെ കൊതുകുകൾക്ക് നിൽക്കക്കള്ളിയില്ലാതായി. കൊണ്ടുവരുന്ന അഞ്ച് കൊതുകിന് ഒരു പെസോ വീതമാണ് പാരിതോഷികമായി കിട്ടുമെന്ന് ഉറപ്പായതോടെ കൂടുതൽ കൊതുകിനെ പിടിക്കാൻ നഗരത്തിലിറങ്ങി.
ഇത്തരമൊരു വ്യത്യസ്തമായ പ്രഖ്യാപനം നടത്തിയാൽ ജനങ്ങൾ കൊതുകിനെതിരെ രംഗത്തിറങ്ങുമെന്ന് ഭരണകൂടം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വേട്ടക്കാർ കൊതുകിന് പിന്നാലെ പായും എന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല.
കൊതുകുപരത്തുന്ന പകര്‍ച്ചവ്യാധികളെ തടയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓർമിപ്പിക്കുന്നതിനും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുന്നതിനും വേണ്ടിയാണ് മനില പ്രാദേശിക ഭരണകൂടം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഈ അപൂർവ പ്രഖ്യാപനം നടത്തിയത്.
അതാണ് ഇപ്പോൾ അപ്രതീക്ഷിത വിജയം കണ്ടിരിക്കുന്നത്. കൊതുകിനെ പിടികൂടിയ ജനങ്ങൾ സമ്മാനം വാങ്ങാൻ കാത്തുനിൽക്കുകയാണ്. കപ്പുകളിലും ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിലും കൊതുകുകളെ നിറച്ച് നിരവധി ജനങ്ങളാണ് സമ്മാനം കൈയിലേറ്റു വാങ്ങാൻ റെഡിയായി നിൽക്കുന്നത്.
ജീവനോടെ കൊണ്ടുവരുന്ന കൊതുകുകളെ കൊല്ലാൻ ഭരണകൂടം പ്രത്യേക ചേമ്പറും ഒരുക്കിയിട്ടുണ്ട്. ജീവനുള്ള കൊതുതുകളെ ഗ്ലാസ് കൊണ്ട് മൂടപ്പെട്ട യുവി ലൈറ്റ് യന്ത്രങ്ങളിലേക്കാണ് മാറ്റുക. അവ അവിടെ കിടന്നു ചാകും.
ജനങ്ങൾ കൊണ്ടുവരുന്ന കൊതുകുകളെ എണ്ണിത്തിട്ടപ്പെടുത്തി തന്നെയാണ് പണം കൈമാറുന്നത്. ഇതിനായി കൊതുകെണ്ണാൻ ജീവനക്കാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. കൊതുകുകളെ എണ്ണം തെറ്റാതെ എണ്ണുക എന്നത് ശ്രമകരമായ ജോലിയാണ് പ്രത്യേകിച്ച് ജീവനുള്ള കൊതുകിനെ.
കൊതുകിനെ പിടിക്കാൻ ഒരു നാട് മുഴുവൻ കൊതുകിന് പിന്നാലെ കൂടിയതോടെ മനിലയിൽ കൊതുകിനെ കാണാനില്ലാത്ത അവസ്ഥയാണ്. വീട്ടിലെ കൊതുകുകളെ പിടിക്കുന്നതുകൂടാതെ വഴിവക്കിലും മതിലുകളിലുമിരിക്കുന്ന കൊതുതുകളെയും പിടിച്ച് കൊടുക്കുന്നവരുമുണ്ട്.
കുട്ടികള്‍ക്കാണ് കൊതുകു പിടിത്തത്തിന് ഏറ്റവും ആവേശമെന്നാണ് റിപ്പോർട്ടുകൾ. അവർ ഒഴിവുസമയങ്ങളിൽ അല്ലെങ്കിൽ ഒഴിവുസമയങ്ങൾ ഉണ്ടാക്കി കൊതുകിനെ പിടിക്കാൻ കുപ്പിയും പാട്ടയുമായി നിരത്തുകളിൽ ഇറങ്ങുന്നു. ഓയിൽ കവറുകൾ വീശി കൊതുകിനെ പിടിക്കുന്നവരും ഉണ്ട്.
എങ്ങനെയൊക്കെ കൊതുകിനെ പിടികൂടാമെന്നതിനെക്കുറിച്ചുള്ള പുതിയ ചിന്തകളും പരീക്ഷണങ്ങളും മനിലയിലെ ജനങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനി മനിലയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെയാണ് ജനപങ്കാളിത്തത്തോടുകൂടിയുള്ള കൊതുകു നശീകരണത്തിന് പ്രാദേശിക ഭരണകൂടം ഇത്തരമൊരു വഴി തുറന്നത്.
2023ല്‍ 167,355 കേസുകളും 575 മരണങ്ങളുമാണ് ഫിലിപ്പിന്‍സില്‍ ഡെങ്കിപ്പനി മൂലം ഉണ്ടായത്. ഇതിന് ഒരു അറുതി വരുത്താൻ കൊതുകശീകരണം മാത്രമായിരുന്നു ഭരണകൂടത്തിന് മുന്നിലുണ്ടായിരുന്ന പോംവഴി.
എന്തായാലും കൊതുകിന്റെ തലയ്ക്ക് വിലയിട്ട നാടായി മനില മാറിയിരിക്കുന്നു. കൊതുകുശല്യം രൂക്ഷമായ പല രാജ്യങ്ങളും ഇത്തരത്തിൽ കൊതുകിന്റെ തലയ്ക്കു വിലയിട്ട മനിലയുടെ പാത പിന്തുടരാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ...