സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
Tuesday, February 11, 2025 1:34 PM IST
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്ഷരങ്ങളില്‍ മനോഹരമായി എഴുതിയിരിക്കുന്നു. ജൂതമത വിശ്വാസ പ്രകാരമുള്ള തൊപ്പികളായ കിപ്പകളും എംബ്രോയിഡറി കൊണ്ട് മനോഹരമാക്കിയ തൂവാലകളും വില്‍ക്കുന്ന ഒരു കടയാണെന്നു പുറമെനിന്ന് നോക്കുന്നവര്‍ക്ക് തോന്നാം.
പക്ഷെ, കൊച്ചിയെ അടുത്തറിയുന്നവര്‍ക്കു അത് വെറുമൊരു ചെറിയ കടയല്ല. കൊച്ചിയിലെ അവസാനത്തെ ജൂതരിലൊരാളായിരുന്ന സാറ കോഹെന്റെ ഓര്‍മകള്‍ പേറുന്ന ഇടം കൂടിയാണ്.
2019ല്‍ സാറ വിടപറഞ്ഞെങ്കിലും, അവരുടെ സ്മരണകള്‍ ഉറങ്ങുന്ന മട്ടാഞ്ചേരി ജൂതത്തെരുവിലുള്ള വീടിനെ ഒരു മ്യൂസിയവും കടയുമാക്കി മാറ്റിയിരിക്കുകയാണ് നാല്പതു കൊല്ലത്തോളം സാറയുടെ സന്തതസഹചാരിയായിരുന്ന താഹ ഇബ്രാഹിം.
തന്റെ 13-ാം വയസില്‍ സാറയുമായി തുടങ്ങിയ താഹയുടെ അടുപ്പം അവരുടെ മരണം വരെ നീണ്ടുനിന്നു. താഹ ഇബ്രാഹിമാണ് ഇപ്പോള്‍ ഈ കടയും മ്യൂസിയവും നടത്തിപ്പോരുന്നത്. മക്കളില്ലാതായിരുന്ന സാറയ്ക്കും ഭര്‍ത്താവിനും ഒരു മകന്റെ സ്നേഹവും പരിചരണവും നല്കാന് താഹ ഇബ്രാഹിമിന് സാധിച്ചു.
മതത്തിന്റെ വേലികെട്ടുകള്‍ക്കപ്പുറം നീളുന്ന ഒരു ഊഷ്മളബന്ധത്തിന്റെ പ്രതിരൂപങ്ങളാണ് സാറ കോഹെന്സും താഹ ഇബ്രാഹിമും. ചുവരുകളില്‍ ക്രമമായി സജ്ജീകരിച്ചിരിക്കുന്ന സാറയുടെ കുട്ടികാലം മുതല്‍ വിവാഹം വരെയുള്ള ചിത്രങ്ങളാണ് വീട്ടിലേക്കു പ്രവേശിക്കുന്ന സഞ്ചാരികളെ വരവേല്‍ക്കുന്നത്. ദിവസം നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടം കണ്ടു മടങ്ങുന്നത്.
![](https://www.deepika.com/feature/sarahcorenshome11225111.jpg)
ഇഷ്ടക്കേടില്നിന്നാരംഭിച്ച അപൂര്‍വ സ്നേഹബന്ധം
എണ്‍പതുകളുടെ തുടക്കത്തില്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ തട്ടകമായിരുന്നു അന്നത്തെ മട്ടാഞ്ചേരി. കപ്പല്‍ മാര്‍ഗം ജൂതത്തെരുവുകളും സിനഗോഗും കാണാനെത്തുന്ന സഞ്ചാരികളുടെ മുന്നിലേക്ക് വര്‍ണാഭമായ പോസ്റ്റ് കാര്‍ഡുകള്‍ വില്‍ക്കുന്നതായിരുന്നു താഹ ഇബ്രാഹിമിന്റെ പ്രധാന വിനോദം. ഗോഡൗണിൽ ആയിരുന്നു പോസ്റ്റ് കാര്‍ഡ്സ് സൂക്ഷിച്ചിരുന്നത്.
ഒരു ദിവസം ഈ ഗോഡൗണ്‍ കാവല്ക്കാരന് പൂട്ടിപോയി. ഗോഡൗണ്‍ തുറക്കാനായി ഉച്ചവരെ താഹ പുറത്തു കാത്തുനിന്നു. വെയിലേറ്റ് ക്ഷീണിതനായ താഹയെ സാറയുടെ ഭര്‍ത്താവ് ജേക്കബ് കോഹെന് കണ്ടു. നാളെ മുതല്‍ കച്ചവടസാധനങ്ങള്‍ തന്റെ വീട്ടില്‍ സൂക്ഷിക്കാമെന്ന് ജേക്കബ് വാക്കു നല്കി.
പിറ്റേന്ന് രാവിലെ തന്റെ സാധനങ്ങളുമായി വീട്ടിലേക്കു താഹ ചെന്നെങ്കിലും സാറ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ തെരുവില്‍ പോസ്റ്റുകാര്‍ഡുകള്‍ വില്‍ക്കുന്ന പയ്യനെ വീട്ടിലേക്ക് ക്ഷണിച്ചത് ഇഷ്ടപ്പെടാതെ സാറ ജേക്കബുമായി വാക്കു തര്‍ക്കത്തിലായി.
എന്നാല്‍ താഹയിലെ തുന്നല്‍ വൈദഗ്ധ്യം തിരിച്ചറിഞ്ഞതോടെ സാറയുടെ ദേഷ്യം കുറയാന്‍ തുടങ്ങി. താഹ ഇബ്രാഹിമിന്റെ പിതാവ് തയ്യല്‍ക്കാരനായിരുന്നു. സാറയും എംബ്രോയ്ഡറിയൊക്കെ ചെയ്യും.
ഒരിക്കല്‍ മേശവിരിപ്പിന്റെ തുന്നലിനായി താഹയുടെ പിതാവിനെ ലഭിക്കാതെവന്നപ്പോള്‍ സാറ താഹയുടെ സഹായം തേടി. അതിനുമുമ്പു വരെ ബാങ്കില്‍ പോകാനും മറ്റുമായിരുന്നു ഇവര്‍ താഹയുടെ സഹായം തേടിയിരുന്നത്.
വളരെ മനോഹരമായ പാറ്റേണ്‍ താഹ ഇബ്രാഹിം തുന്നി നല്‍കിയത് സാറയ്ക്കു ബോധിച്ചു. തുടര്‍ന്നവര്‍ താഹയ്ക്ക് ജൂത എംബ്രോയ്ഡറിയായ ചല്ലയും ജൂതമതസ്ഥര്‍ പരമ്പരാഗതമായി ധരിക്കുന്ന തൊപ്പികളായ കിപ്പകളും ഉണ്ടാക്കാന്‍ പഠിപ്പിച്ചു കൊടുത്തു.
സാറ കോഹെനെക്കുറിച്ച് ചോദിക്കുമ്പോള്‍ താഹ ഇബ്രാഹിമിന്റെ കണ്ണുകളില്‍ രത്ന തിളക്കം. "വളരെ ശക്തയായ ഒരു സ്ത്രീയായിരുന്നു അവര്‍. സ്വന്തം പിതാവിനെ ധിക്കരിച്ചാണ് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചത്.
മരണം വരെയും അവര്‍ തന്റെ പിതാവിനെ കാണാന്‍ പോയിട്ടില്ല.'- താഹ ഇബ്രാഹിം പറഞ്ഞു. പിന്നീട് ജേക്കബ് കോഹെന് മരിക്കുന്നതിന് മുൻപ് സാറയെ സംരക്ഷിക്കാനുള്ള ചുമതല താഹ ഇബ്രാഹിമിനെ ഏൽപ്പിക്കുകയായിരുന്നു.
![](https://www.deepika.com/feature/sarahcorenshome112251111.jpg)
താഹയുടെ വാത്സല്യ തണല്‍
മകനോടെന്നപോലത്തെ സ്നേഹത്തിനപ്പുറം മുസ് ലിം യുവാവും വൃദ്ധയായ ജൂത സ്ത്രീയും തമ്മിലുള്ള സൗഹൃദം... അങ്ങനെയാണ് ഈ ബന്ധത്തെ വിശേഷിപ്പിക്കാന്‍ സാധിക്കുക. ഭര്‍ത്താവിനോടൊപ്പം സഹോദരനും സാറയെ വിട്ടുപിരിഞ്ഞു.
ദിവസവും രാവിലെ ഒമ്പതിനു സാറാ ആന്റിയുടെ വീട്ടിലെത്തുന്ന താഹ രാത്രി ഏഴുവരെ അവിടെ തങ്ങുമായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ വാങ്ങിക്കൊടുക്കും. താഹ ഇബ്രാഹിമിന്റെ ഭാര്യ ജാസ്മിനും സഹായിക്കാന്‍ കൂടെ ചേരും.
2000ത്തിലാണ് സാറ തന്റെ കട നടത്താന്‍ താഹയോട് ആവശ്യപ്പെടുന്നത്. 97 -ാം പിറന്നാള്‍ ആഘോഷിക്കാന്‍ നാല് ദിവസങ്ങള്‍ ശേഷിക്കെയാണ് സാറ കോഹെന് തന്റെ പ്രിയ ഇടമായ കൊച്ചിയോടു വിട പറഞ്ഞത്. സാറയുടെ ഇസ്രയേലിലുള്ള അനുജത്തിയും മക്കളും അവിടം സന്ദര്‍ശിക്കാന്‍ ഇവര്‍ താഹയെ ക്ഷണിച്ചിരുന്നു.
സാറ കോഹെന് എന്ന സ്ത്രീയുടെ ജീവിത വഴിത്താരകള്‍ താഹ ഡോക്യുമെന്ററി ആക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കോവിഡ് വില്ലനായി. സ്വന്തമായി ഒരു കാമറ വാങ്ങി, താഹ സാറയുടെ ചിത്രങ്ങള്‍ പകര്‍ത്തി.
കോളജ് വിദ്യാര്‍ഥി ശരത്തിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും നിര്‍മിച്ചു. പക്ഷെ കോവിഡ് മഹാമാരി കൊടുമ്പിരികൊണ്ടിരുന്നതിനാല് ഡോക്യുമെന്ററി സ്ക്രീനില്‍ എത്തിക്കാന്‍ സാധിച്ചില്ല. അങ്ങനെ ആ സ്വപ്നം പെട്ടിയിലായി.