പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
Friday, February 7, 2025 3:32 PM IST
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴേക്ക് ചാടേണ്ട അവസ്ഥ.. എത്രമാത്രം ഭീകരമാണത്. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടി സാധാരണ നിലയിലേക്ക് തിരിച്ചുവരാനുള്ള പ്രാര്‍ഥനയിലാണ് കേരളം.
കോഴിക്കോട് മുക്കത്ത് മാമ്പറ്റയില്‍ നടന്ന ദാരുണമായ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തന്നെ ഉപദ്രവിക്കല്ലേയെന്ന് കരഞ്ഞ് പറയുന്ന പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യം മലയാള മനസിനെ ആകെ പിടിച്ചുലയ്ക്കുകയാണ്.
എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ മാനം രക്ഷിക്കാന്‍ ജീവന് പോലും നോക്കാതെ എടുത്തുചാടിയ ആ യുവതിയാണ് ഇന്ന് വലിയ ചോദ്യ ചിഹ്നമായി സമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നത്. പതിവുപോലെ സംഭവം വിവാദമാകുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തതോടെ പ്രതികളെ പോലീസ് പൊക്കി.
ഇതില്‍ പ്രധാന പ്രതി മാത്രമാണ് കേരള പോലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികളായ രണ്ട് പേര് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇനി നിയമപോരാട്ടമാണ് മുന്നിലുള്ളത്. പതിവുപോലെ തെളിവുകള്‍ സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്.
ഒന്നാം പ്രതി ഹോട്ടൽ ഉടമ ദേവദാസനെയാണ് മുക്കം പോലീസ് പിടികൂടിയത്. കുന്നംകുളത്തുവച്ചാണ് പിടികൂടിയത്. ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്തത്.
വീടിന്റെ ടെറസില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിന് കൂട്ടുനിന്ന സുഹൃത്തുക്കളായ സന്തോഷ്, റിയാസ് എന്നിവര്‍ ഇന്നലെ കോഴിക്കോട് താമരശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. പ്രതികളെ പിടി കൂടിയതിൽ സന്തോഷമെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.
പോലീസില്‍ പൂർണമായ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു. തക്കതായ ശിക്ഷ വാങ്ങി നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസിൽ യുവതിയുടെ രഹസ്യമൊഴി മൂന്നു തവണ രേഖപ്പെടുത്തിയിരുന്നു.
അലറിക്കരഞ്ഞ് പെണ്‍കുട്ടി, ക്രൂരത
ലോഡ്ജ് ഉടമയും മറ്റു രണ്ടു പേരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അതിൽ നിന്ന് രക്ഷപ്പെടാന്നാണ് ചാടിയതെന്നുമാണ് പോലീസിന് പെൺകുട്ടി മൊഴി നൽകിയത്. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു.
പെൺകുട്ടി താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളാണിത്. പീഡനശ്രമം ചെറുത്ത പെൺകുട്ടി അലറി കരയുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കത്ത് സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതി, പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീർ, സുരേഷ് എന്നിവർ മുറിയിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് റൂറൽ എസ്പിക്ക് വനിതാ കമ്മീഷൻ നിർദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം...
അതേസമയം കേസ് വഴിതിരിച്ചുവിടാന്‍ ഹോട്ടലുടമ ദേവദാസും സംഘവും ശ്രമിച്ചുവെന്ന ആക്ഷേപവും ശക്തമാണ്. യുവതിയെ മോശമായി ചിത്രീകരിക്കാനായിരുന്നു ശ്രമം. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്യങ്ങളില്‍ വ്യക്തതയായി.
ദുരുദ്ദേശ്യത്തോടെയല്ല സമീപിച്ചതെന്ന് തെളിവെടുപ്പിനിടെ മുഖ്യപ്രതി പോലീസിനോട് പറഞ്ഞു. പക്ഷേ തെളിവുകള്‍ ചുണ്ടികാണിച്ചപ്പോള് മറുപടി ഇല്ലാതായി. ഒച്ചവയ്ക്കല്ലേ മാനം പോകുമെന്ന് ദേവദാസ് പറയുന്ന ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയിരിക്കുന്നത്.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലില്‍ ജോലിക്ക് കയറിയിട്ട്. പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു.