വായനാ വസന്തം
Wednesday, February 5, 2025 2:53 PM IST
2018ലെ പ്രളയകാലം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാനായി സാമൂഹ്യപ്രവര്‍ത്തകനായ യേശുദാസ് വരാപ്പുഴയും സുഹൃത്തുക്കളും തെരഞ്ഞെടുത്തത് ഇടുക്കി മാങ്കുളത്തെ ആദിവാസി കോളനിയായിരുന്നു.
യാത്ര ദുഷ്കരമായതിനാല് ആദിവാസി മേഖലയിലേക്ക് സഹായവുമായി എത്താന്‍ പലരും മടികാണിക്കുമെന്ന തിരിച്ചറിവായിരുന്നു ഇവിടേക്ക് വരാന്‍ യേശുദാസിനെ പ്രേരിപ്പിച്ചതും.
അവിടെ ഏക അധ്യാപക വിദ്യാലയത്തിലൊരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളുമുള്‍പ്പെടെ അവശ്യ സാധനങ്ങളുമായി യേശുദാസും സംഘവും ഉച്ചയോടെ എത്തി.
ചെറിയൊരു ഹാളിലാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള പല കുടുംബംഗങ്ങളും കഴിഞ്ഞിരുന്നത്. കൊണ്ടുവന്ന സാധനങ്ങളെല്ലാം കൈമാറുന്നതിനിടെ ഒരു 12 കാരന് യേശുദാസിന്റെ അടുത്തെത്തി.
"ചേട്ടാ, വായിക്കാന്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ?'- ആ ചോദ്യം കേട്ട് യേശുദാസും കൂട്ടരും ഒരു നിമിഷം അമ്പരന്നു. കാരണം തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ പല ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയപ്പോള്‍, കിട്ടുന്ന സാധനങ്ങള്‍ തികയുന്നില്ലെന്നും കിട്ടിയതിനെക്കുറിച്ചു പരാതി പറയുന്നവരെയുമൊക്കെയായിരുന്നു കണ്ടത്.
പക്ഷേ, അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആ ബാലന്റെ ചോദ്യം. കൈയില്‍ ഒരു പേപ്പര്‍ കഷണം പോലും ഇല്ലാതിരുന്നതിനാല്‍ അവന്റെ ചോദ്യം യേശുദാസ് വരാപ്പുഴയുടെ ഉള്ളൊന്ന് ഉലച്ചു. ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച സാധനങ്ങളെല്ലാം അവന്റെ ചോദ്യത്തിനു മുന്നില്‍ നിഷ്ഫലമായതായി അദ്ദേഹത്തിന് തോന്നി.
"മോന് ബിസ്കറ്റ് തരട്ടെ'യെന്ന് അദ്ദേഹം ചോദിച്ചു. അതുകേട്ട അവന് "ചേട്ടാ വായിക്കാന്‍ വല്ലതും ഉണ്ടോ'യെന്ന ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ഇപ്പോള്‍ കൈയിലൊന്നും ഇല്ലല്ലോ മോനേ എന്ന ഉത്തരത്തിനു മുന്നില്‍ തൃപ്തനാകാതെ അവന് മാറി നിന്നു.
അന്ന് അവിടെ നിന്ന് പോന്നുവെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ യേശുദാസിന്റെ മനസ് അസ്വസ്ഥമായിരുന്നു. ഇക്കാര്യത്തക്കുറിച്ച് സുഹൃത്തായ ആദിവാസി ഗോത്ര കവി അശോക് മറയൂരിനോട് യേശുദാസ് പറഞ്ഞു.
ആ കുട്ടിയെ എങ്ങനെയെങ്കിലും കണ്ടു പിടിച്ച് കുറച്ചു പുസ്തകങ്ങള്‍ എത്തിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോള്‍ അശോക് മറയൂര്‍ അവനെക്കുറിച്ച് അന്വേഷിക്കാമെന്ന ഉറപ്പും നല്കി.
ആയിരം പുസ്തകങ്ങളുമായി ഇടമലക്കുടിയിലേക്ക്...
ഏറെ വൈകാതെ തന്നെ യേശുദാസ് തന്റെ കൈയിലുണ്ടായിരുന്ന കുറച്ച് കഥ, കവിത പുസ്തകങ്ങള്‍ പാക്ക് ചെയ്ത് ആ കുട്ടിക്ക് എത്തിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മനസില്‍ മറ്റൊരു തോന്നല്‍ ഉണ്ടായത്.
പുസ്തകങ്ങള്‍ ആ കുട്ടി മാത്രം വായിച്ചാല്‍ പോരാ, ആ സമൂഹം തന്നെ വായിക്കണം. ഉടന്‍ അശോകിനെ വിളിച്ചിട്ട് കുറച്ചു പുസ്തകങ്ങള്‍ തന്നാല്‍ ആദിവാസി സമൂഹത്തിന് പ്രയോജനപ്പെടുത്താനാകുമോയെന്ന് ചോദിച്ചു.
ആദിവാസി കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അശോകിന് ഏറെ പരിചിതമായ ഇടമലക്കുടി കോളനിയില്‍ ഒരു ലൈബ്രറി തുടങ്ങാമെന്ന് അദ്ദേഹം സമ്മതിച്ചു. ആ കാട്ടിലേക്ക് എത്താനായി ഫോറസ്റ്റ് അനുമതി അശോക് എടുത്തു നല്കി.
സുഹൃത്തുക്കളുടെയും മറ്റും കൈയില്‍നിന്ന് വാങ്ങിയ ആയിരത്തിലധികം പുസ്തകങ്ങളുമായി യേശുദാസും സംഘവും ഇടമലക്കുടിയിലേക്ക് കാടു കയറി. ഏറെ ദുഷ്കരമായ യാത്രയ്ക്കൊടുവില്‍ റോഡ് തീരുന്നിടത്തെ ചെറിയ കോളനിയിലെ ഒറ്റമുറി ക്ലിനിക്കിനടുത്തുള്ള അടഞ്ഞു കിടക്കുകയായിരുന്ന സാംസ്കാരിക നിലയമാണ് അവര്‍ ലൈബ്രറിക്കായി ഒരുക്കിയത്.
പഞ്ചായത്ത് അധികൃതര്‍, അവിടത്തെ എല്‍പി സ്കൂള്‍ അധ്യാപിക എന്നിവരുടെ സാന്നിധ്യത്തില്‍ ആ പുസ്തകങ്ങള്‍ കൈമാറി. ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാമെന്ന് അശോകും ഉറപ്പ് നല്‍കിയതോടെ നിറഞ്ഞ മനസോടെയാണ് യേശുദാസ് അവിടെ നിന്നു മടങ്ങിയത്.
പഞ്ചമി വായനശാലയുടെ പിറവി
ഉന്നതികളില്‍ (ആദിവാസി ഊര്) ഇനിയും പുസ്തകങ്ങള്‍ കൈമാറണമെന്ന ആഗ്രഹം യേശുദാസിന് ഉണ്ടായെങ്കിലും പിന്നീടുണ്ടായ കോവിഡ് ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു.
കോവിഡിനുമുന്‍പ് ഇടമലക്കുടിയിലൊരുക്കിയ ലൈബ്രറിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ പലരും ആദിവാസി കോളനികളില്‍ പുസ്തകങ്ങള്‍ക്കായി അദ്ദേഹത്തെ ബന്ധപ്പെട്ടു.
അങ്ങനെ നാലു സുഹൃത്തുക്കളുടെ സഹായത്തോടെ പഞ്ചമി വായന ശാല എന്ന കൂട്ടായ്മയ്ക്ക് യേശുദാസ് രൂപം നല്കി. കേട്ടറിഞ്ഞ് നിരവധി പേര് ലൈബ്രറിക്കായി ഇദ്ദേഹത്തെ സമീപിച്ചു. സുഹൃത്തുക്കളില്‍നിന്ന് വായന കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ച് പിന്നീടങ്ങോട്ട് പലയിടത്തും ലൈബ്രറികളൊരുക്കി.
മലപ്പുറം ചുങ്കത്തറ, വയനാട്ടിലെ ഇടവ പഞ്ചായത്തില്‍ ഗോത്രദീപം വായനശാല, സ്റ്റുഡന്റ് കേഡറ്റുമായി ചേര്‍ന്ന് പഴുതാന പഞ്ചായത്തിലെ സുഗന്ധഗിരിയില്‍ വൃന്ദാവന്‍ വായനശാല, മാടൂര് തളിര് ഗ്രന്ഥശാല തുടങ്ങി കേരളത്തിലെ ആദിവാസി കോളനികളില്‍ 10 ഓളം ലൈബ്രറികളാണ് പഞ്ചമി പുസ്തകശാല ഒരുക്കിയത്.
വയനാട് പോത്തുകല്ലിലാണ് കഴിഞ്ഞ ഡിസംബര്‍ ഒന്നിന് 10-ാമത് വായനശാല ആരംഭിച്ചത്.
11-ാമത്തേത് വയനാട് മക്കിമലയില്‍
പഞ്ചമി വായനശാലയുടെ 11-ാമത്തേ ലൈബ്രറി ഫോറസ്റ്റ് വകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി രണ്ടിന് വയനാട് മക്കിമല ആദിവാസി കോളനിയില്‍ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു.
എന്നാല്‍ വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ഈ പ്രദേശത്തുണ്ടായ സ്ഥിതിഗതികള്‍ മൂലം ഉദ്ഘാടനം ഈ മാസം അവസാനത്തിലേക്ക് നീട്ടിയിരിക്കുകയാണ്. ആദിവാസി മേഖലയില്‍നിന്ന് പുസ്തകം ചോദിച്ചെത്തുന്നവര്‍ പുസ്തകം ലഭ്യമാകുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്യണം.
പ്രദേശത്തെ പഞ്ചായത്ത് അംഗം, രാഷ്ട്രീയക്കാര്‍, പ്രമോട്ടര്‍മാര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ട്രൈബല്‍ ഓഫീസര്‍മാര്‍, ആദിവാസി മൂപ്പന്, പ്രദേശവാസികള്‍ എന്നിവരെല്ലാം ചേര്‍ന്ന് ഒരു ആലോചനായോഗം ആദ്യം ചേരണം.
അവിടെ വച്ച് ലൈബ്രറി കമ്മിറ്റി രൂപീകരിച്ച് ഉദ്ഘാടന തീയതി സംബന്ധിച്ച നോട്ടീസ് അടിച്ച് വിതരണം ചെയ്യണം. തുടര്‍ന്ന് ലൈബ്രറിയുടെ പേര് നിശ്ചയിക്കുകയും ഭരണ സമിതി ഉണ്ടാക്കുകയും വേണം.
ലൈബ്രറിക്കായി കെട്ടിടം കണ്ടെത്തണം. ഇത്രയും കാര്യങ്ങള്‍ ശരിയാക്കിയ ശേഷം പഞ്ചമി കൂട്ടായ്മയെ അറിയിക്കുകയാണെങ്കില്‍ 500 ല്‍ കുറയാത്ത പുസ്തകങ്ങളുമായി ഉദ്ഘാടന ദിവസം തങ്ങള്‍ അവിടെയെത്തുമെന്ന് യേശുദാസ് വരാപ്പുഴ പറഞ്ഞു.
തുടക്കത്തില്‍ ആയിരത്തിലധികം പുസ്തകങ്ങളാണ് കൂട്ടായ്മ നല്കിക്കൊണ്ടിരുന്നത്. വര്‍ഗീയ വാദം ഉണ്ടാക്കുന്ന പുസ്തകങ്ങളൊന്നും ലൈബ്രറിക്ക് കൈമാറാറില്ല.
എല്ലാ മതവിഭാഗക്കാര്‍ക്കും വായിക്കാവുന്ന പുസ്തകങ്ങള്‍ മാത്രമാണ് വിതരണം ചെയ്യാറുള്ളത്. ഇതില്‍ കവിത, കവിത, നോവല്‍, ചരിത്രം, ലേഖനങ്ങളൊക്കെ ഉള്‍പ്പെടും.
കൂട്ടായ്മയില്‍ അവര്‍ ഏഴു പേര്
പഞ്ചമി കൂട്ടായ്മയില്‍ യേശുദാസിനെ കൂടാതെ എലിസബത്ത് മാത്യു, നടന് മാഹിന്‍ കാഞ്ഞൂരാന്‍, പി.ആര്. സുരേഷ്, ജയചന്ദ്രന്, ഇന്ദു വര്‍മ, സ്നേഹപ്രഭ എന്നിവരാണ് ഉള്ളത്.
ഇതില്‍ ജയചന്ദ്രന് തുടക്കം മുതലുണ്ട്. പുസ്തക ശേഖരണം, വിതരണം, യാത്ര ചെലവ്, ഭക്ഷണം എന്നിവയ്ക്കുള്ള പണം സ്വന്തം കൈയില്‍നിന്നാണ് ഇവര്‍ ഉപയോഗിക്കുന്നത്. ചെയ്യുന്നത് സാമൂഹ്യ ദൗത്യമാണെന്ന തിരിച്ചറിവില്‍ തങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരു ശതമാനം ഇവര്‍ ഇതിനായി മാറ്റിവച്ചിട്ടുണ്ട്.
"ഞങ്ങള്‍ക്കും നിങ്ങളെ പോലെ വായിക്കണം. വായനയിലൂടെ അത് സാധിക്കുകയുള്ളു' ആദിവാസി ഊരുകളില്‍ പുസ്തകങ്ങളുമായി എത്തുമ്പോള്‍ അവിടത്തെ അഭ്യസ്ത വിദ്യരായ യുവജനതയുടെ ഈ വാക്കുകള്‍ മനസിന് കുളിര്‍മ നല്‍കുന്നതാണെന്ന് എറണാകുളം ആലങ്ങാട് കെഎസ്ഇബി ഓഫീസിലെ ഓവര്‍സീയറായ യേശുദാസ് വരാപ്പുഴ പറയുന്നു.