ഇതൊക്കെ തന്നെയല്ലേ പ്രണയം...
Thursday, January 23, 2025 5:36 PM IST
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി നീയും കണക്കാക്കുക..
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക
പി.പത്മരാജൻ (ലോല)
ഇനി പറയാൻ പോകുന്നത് ഒരു ചൈനീസ് കഥയാണ്. ലോകമെന്പാടുമുള്ള പ്രണയാർദ്രരായവർ ഇന്ന് ഏറ്റെടുത്ത് ആഘോഷിക്കുന്ന കഥ... ഒന്നിക്കേണ്ടവർ എത്ര കാലം കഴിഞ്ഞാലും ഒന്നിക്കും എന്ന സുന്ദരമായ സത്യം സമ്മാനിക്കുന്ന കഥ.
ചൈനയിലെ ഒരു സ്കൂളിൽ കിന്റർഗാർട്ടനിൽ പഠിച്ചിരുന്ന രണ്ടു കുട്ടികൾ. കളിപ്രായം വിട്ടിട്ടില്ലാത്ത രണ്ടു കുട്ടികൾ കളിചിരിയുമായി സ്കൂൾ കോന്പൗണ്ടിൽ ഓടി നടന്നു കളിച്ചിരുന്നവർ.
അങ്ങിനെയിരിക്കെ ആ സ്കൂളിൽ ഒരു കലാപരിപാടി വന്നു. അതിൽ നാടകത്തിൽ ഭാര്യയും ഭർത്താവുമായി അഭിനയിക്കാൻ സ്കൂൾ അധികൃതർ തെരഞ്ഞെടുത്തത് ഈ രണ്ടു കുട്ടികളെയാണ്.
കഥയൊന്നും അത്ര മനസിലായില്ലെങ്കിലും രണ്ടുപേരും നല്ല മാതൃകാദന്പതികളായി തകർത്തഭിനയിച്ചു. കാണികൾ ഇരുവരേയും പ്രോത്സാഹിപ്പിച്ച കൈയടിച്ചു...നാടകം തകർത്തു.
കിന്റർഗാർട്ടനിൽ രണ്ടു വ്യത്യസ്ത ഗ്രേഡുകളിൽ പഠിച്ചിരുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു ഇവർ. കിന്റർഗാർട്ടൻ കഴിഞ്ഞതോടെ രണ്ടുപേരും വേറെ സ്കൂളുകളിലേക്ക് മാറി. പിന്നെ തുടർപഠനം...ഹയർ സ്റ്റഡീസ്....
കിന്റർഗാർട്ടനിൽ നിന്നു പോയശേഷം രണ്ടുപേരും പിന്നെ കണ്ടിട്ടില്ല. അവരങ്ങനെ രണ്ടിടത്തായി എവിടെയോ പഠിച്ചുകൊണ്ടിരുന്നു. കിന്റർഗാർട്ടനിൽ പഠിക്കുന്പോൾ സ്റ്റേജിൽ പ്രിയതമനും പ്രിയതമയുമായി അരങ്ങുതകർത്തവർ അതുപോലും ഓർമയില്ലാതെ രണ്ടിടത്തായി പ്രണയങ്ങളില്ലാതെ........
വിരഹത്തിലറിയുന്നു
പ്രണയത്തിന്നാഴം!
വേർപിരിയുന്പോൾ
മുറുകുന്നീയാത്മബന്ധം
>ഒ.എൻ.വി. (സ്നേഹിച്ചു തീരാത്തവർ)
ആ കുട്ടികൾ നാടകത്തിലഭിനയിക്കുന്പോൾ പ്രണയിച്ചിരിക്കില്ല. അതിനുള്ള പ്രായവും മനസും അവർക്കായിട്ടില്ലായിരുന്നു. എന്നാൽ മനസിൽ അവർക്ക് അങ്ങോട്ടുമിങ്ങോട്ടും പേരറിയാത്ത വല്ലാത്ത ഇഷ്ടമുണ്ടായിരിക്കണം.
അതുറപ്പ്... നീണ്ട ഇരുപതു വർഷങ്ങൾക്കു ശേഷമാണ് ഈ കുട്ടിക്കഥയ്ക്ക് ട്വിസ്റ്റുണ്ടാകുന്നത്. കിന്റർഗാർട്ടനിലെ നാടകത്തിൽ ദന്പതികളായി അഭിനയിച്ച കുട്ടികൾ വലിയ കുട്ടികളായി.
സ്കൂൾ കാലഘട്ടത്തിലെപ്പോഴോ അഭിനയിച്ച ഒരു നാടകം അവരുടെ മനസിൽ ഒരു നേരിയ ഓർമചിത്രമായി ബാക്കി നിന്നിരുന്നു. അന്ന് കിന്റർഗാർട്ടനിൽ ഇവർക്കൊപ്പം പഠിച്ചിരുന്ന ഒരു സുഹൃത്താണ് കഥയിലെ ട്വിസ്റ്റിന് വഴിയൊരുക്കിയത്.
അന്നത്തെ ആ നാടകത്തിന്റെ വീഡിയോ കൈയിൽ കിട്ടിയ ഈ കൂട്ടുകാരൻ ആ കുട്ടിനാടകം ഷെയർ ചെയ്തു. ആ നാടകത്തിലെ ഭാര്യയും ഭർത്താവുമായി അഭിനയിച്ച കുട്ടികൾ തങ്ങളുടെ കല്യാണപ്രായത്തിൽ ആ നാടകം വീണ്ടും കണ്ടു. അപ്പോഴും അവർക്ക് മനസിൽ ഒന്നും തോന്നിയില്ല....
എന്റെ ഹൃദയത്തിൽ പെണ്ണേ,
നിനക്കായി വലിയൊരു ഒഴിവുണ്ട്...
ഇതിന് ശുപാർശയും കൈക്കൂലിയും
ഒന്നും ആവശ്യമില്ലല്ലോ
വൈക്കം മുഹമ്മദ് ബഷീർ (പ്രേമലേഖനം)
കിന്റർഗാർട്ടനിൽ മകനെ നാടകത്തിന് അരങ്ങിൽ കയറ്റി അഭിനയിപ്പിക്കാൻ പാടുപെട്ട ഒരമ്മയുണ്ട്. നാടകത്തിനില്ലെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ ധൈര്യം കൊടുത്ത് അരങ്ങിൽ കയറ്റിയ അമ്മ. ഭാര്യയായി അഭിനയിക്കുന്ന പെണ്‍കുട്ടിയെ അന്ന് എപ്പൊഴൊക്കെയോ സ്നേഹത്തോടെ ചേർത്തുപിടിച്ച ഒരമ്മ.
എങ്ങിനെ സ്നേഹത്തോടെ ഭാര്യയോടു സംസാരിക്കണമെന്ന് മകനോട് ഡയലോഗുകൾക്ക് മോഡുലേഷൻ പറഞ്ഞുകൊടുത്ത അമ്മ.. അരങ്ങിൽ ഭാര്യയും ഭർത്താവുമായി തന്റെ മകനും അവന്റെ കൂട്ടുകാരിയും നിറഞ്ഞാടുന്പോൾ സദസിലിരുന്ന് കൈയടിച്ച ഒരമ്മ... ആ അമ്മ മനസാണ് 20 വർഷത്തിനു ശേഷം വീണ്ടും ആ രണ്ടു കുട്ടികൾക്കിടയിലേക്ക് സ്നേഹത്തിന്റെ അരുവിയായി ഒഴുകിയെത്തിയത്.
ആ ആണ്‍കുട്ടിയുടെ അമ്മ 20 വർഷത്തിനു ശേഷം പണ്ടത്തെ ആ നാടകത്തിന്റെ വീഡിയോ കണ്ടപ്പോൾ ആ പഴയ ഓർമകളിലേക്ക് പോയി... ആ ഓർമകളിൽ ലയിക്കുന്പോൾ ആ അമ്മയ്ക്കൊരു മോഹം തോന്നി. ആ നാടകം സത്യമാക്കിയാലോ... അവരെ ഒന്നിപ്പിച്ചാലോ... അങ്ങിനെ ആ അമ്മ മകനെ വിളിച്ചു സംസാരിക്കുന്നു...
നാടകത്തെക്കുറിച്ച് തുടങ്ങി പതിയെപ്പതിയെ അമ്മ കാര്യത്തിലേക്ക് കടന്നു. അന്ന് നാടകത്തിൽ നിന്റെ ഭാര്യയായി അഭിനയിച്ച ആ പെണ്‍കുട്ടിക്ക് മറ്റു പ്രേമമൊന്നും ഇല്ലെങ്കിൽ നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹം കഴിച്ചൂടേ.... അമ്മയുടെ ചോദ്യം ആ മകന് അപ്രതീക്ഷിതമായിരുന്നു.
ആ നിമിഷം വരെ ഒരുപക്ഷെ അവനിലും അത്തരമൊരു ചിന്തയുണ്ടായിരുന്നില്ല. അവൾക്ക് വേറെ ആരെയെങ്കിലും ഇഷ്ടമുണ്ടാകുമോ...മകന് ചെറിയ ടെൻഷൻ വന്നു..അതിനേക്കാളുപരി അവളെ എങ്ങിനെ കണ്ടെത്തുമെന്നതായി അടുത്ത പ്രശ്നം...
വെറുതെ ഒരാവശ്യവുമില്ലാതെ അമ്മ ഓരോന്നു പറഞ്ഞ് മനസ് പ്രണയകലുഷിതമാക്കിയെന്ന് മകന് തോന്നി...പണ്ട് കിന്റർഗാർട്ടനിൽ നിന്നും പോയവളെ എവിടെ പോയി കണ്ടുപിടിക്കാൻ.....
എനിക്ക് നിന്നെ ഇഷ്ടമാണ്
കാരണമൊന്നുമില്ല
വഴിയിൽ തടഞ്ഞു നിർത്തില്ല
പ്രേമലേഖനമെഴുതില്ല
ഒന്നും ചെയ്യില്ല...
ഒരു ബന്ധവും സങ്കൽപിക്കാതെ വെറുതെ
എനിക്ക് നിന്നെ ഇഷ്ടമാണ്
എം.ടി.വാസുദേവൻനായർ (മഞ്ഞ്)
അന്വേഷിപ്പിൻ കണ്ടെത്തും എന്ന് പറയുന്നത് ശരിയാണെന്ന് ഒരിക്കൽ കൂടി ബോധ്യമാകുന്നതായിരുന്നു പിന്നീടു നടന്ന കാര്യങ്ങൾ. കെജി ക്ലാസിൽ ഒരേ സമയത്ത് പഠിച്ചിരുന്ന ആ പെണ്‍കുട്ടിയെ എങ്ങിനെ കണ്ടെത്തുമെന്ന അന്വേഷണം ചെന്നെത്തിയത് അന്ന് കിന്റർഗാർട്ടനിൽ പഠിപ്പിച്ചിരുന്ന ഒരു അധ്യാപികയിലേക്കാണ്.
ആ ടീച്ചർ അമ്മയേയും മകനെയും സഹായിക്കാമെന്നേറ്റു. തന്റെ ഹോൾഡ് ഉപയോഗിച്ച് ആ ടീച്ചർ അന്നത്തെ ആ പെണ്‍കുട്ടിയെ തേടിത്തുടങ്ങി. അങ്ങിനെ അവളെ ആ അധ്യാപിക കണ്ടെത്തി.
ആ പെണ്‍കുട്ടിയുടെ ഫോണ്‍ നന്പർ സംഘടിപ്പിച്ച് കാത്തുകാത്തിരിക്കുന്ന ആണ്‍കുട്ടിക്ക് നൽകി. ധൈര്യമായിട്ടു വിളിച്ചോളാനും പറഞ്ഞു. ടീച്ചറും അമ്മയും തന്ന സപ്പോർട്ടിന്റെ പുറത്ത് അവൻ രണ്ടു പതിറ്റാണ്ടിനു ശേഷം അന്നത്തെ തന്റെ "ഭാര്യ'യെ ഫോണിൽ വിളിച്ചു.....പ്രണയമുണ്ടോ എന്ന് ചോദിക്കാനും പ്രണയമില്ലെങ്കിൽ എന്നെ പ്രണയിച്ചുകൂടെ എന്നും ചോദിക്കാനായി ഒരു ഫോണ്‍ കോൾ...കാലങ്ങൾക്കപ്പുറത്തു നിന്ന് ഒരു വിളി...
ഇറങ്ങിവരാൻ പറയില്ല ഞാൻ
ഇരിക്കാൻ ഇടമില്ലാത്ത
എന്റെ ദുരിതമോർത്ത്
ഓർമിക്കണം നീ, മരണം വരെ
ഒന്നുമില്ലാത്തവൻ നിന്നോട്
ഇഷ്ടം തുറന്നുപറഞ്ഞതോർത്ത്...
എ.അയ്യപ്പൻ
അവൾ ഫോണെടുത്തു. അവൻ അവൾക്ക് തന്നെ പരിചയപ്പെടുത്തി. ഓർമയുണ്ടോ എന്ന മുഖവരയോടെ.. കിന്റർഗാർട്ടനിലെ ആ കുട്ടികൾ ഓർമകൾ പുതുക്കി. പിന്നെ പതുക്കെ പൊടിമീശക്കാരൻ ആ ഉണ്ടക്കണ്ണിയോടു ചോദിച്ചു.. തനിക്കാരോടെങ്കിലും.....
എന്തായിരിക്കും മറുപടിയെന്ന് ടെൻഷനടിച്ച് കാത്തിരിക്കുന്പോൾ അവൾ പതിയെ പറഞ്ഞു. ഇല്ല, എനിക്കാരോടും ഇതുവരെയും... ആ ചെറിയ മറുപടി ധാരാളമായിരുന്നു.
അതു കേട്ടപ്പോഴാണ് അവന്റെ ടെൻഷൻ ഇല്ലാതായത്. അങ്ങിനെ അവർ പ്രണയിക്കാൻ തുടങ്ങി. അവർ തമ്മിൽ കണ്ടുമുട്ടി, നേരിൽ പരസ്പരം പ്രണയം പറഞ്ഞു. സമയം വൈകിയിട്ടില്ലെങ്കിലും നമുക്കു കുറച്ചൂകൂടെ നേരത്തെ കാണാമായിരുന്നു.. നേരത്തെ വിളിക്കാനോ കാണാനോ പ്രണയിക്കാനോ തോന്നാത്തതിൽ നിരാശ തോന്നുന്നു... അവർ പ്രണയത്തിൽ മുഴുകി...
സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ
സ്വതന്ത്രമായി വിടുക,
തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ്
അല്ലെങ്കിൽ അത് വേറെ ആരുടേയോ ആണ്..
മാധവിക്കുട്ടി
പ്രണയകാലത്തിനൊടുവിൽ ആ പഴയ കിന്റർഗാർട്ടൻ കുട്ടികൾ കഴിഞ്ഞയാഴ്ച വിവാഹിതരായി..ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ചാവോസൗവിൽ വെച്ച് അവർ വിവാഹം കഴിച്ചു. നാടകം സത്യത്തിൽ ജീവിതമായി മാറി.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഈ മനോഹരമായ വാർത്ത ലോകത്തെ അറിയിച്ചത്. ഇരുവരും കുട്ടികളായിരിക്കെ അഭിനയിച്ച ആ നാടകത്തിന്റെ വീഡിയോ ഇതിനകം നിരവധി പേർ കണ്ടുകഴിഞ്ഞു. ചൈനീസ് സോഷ്യൽമീഡിയയിൽ ഈ വീഡിയോയും ഇവരുടെ കഥയും വൈറലായിക്കഴിഞ്ഞു.
കാലം തെളിയിച്ചിരിക്കുന്നു...ഒന്നാകണമെന്ന് നിശ്ചയിക്കപ്പെട്ടവർ വർഷമെത്ര കഴിഞ്ഞാലും കണ്ടുമുട്ടും പ്രണയിക്കും അവരൊന്നാകും. ദേശവും കാലവും അതിനൊരു വിലങ്ങുതടിയാകില്ല....മേതിൽ രാധാകൃഷ്ണൻ കുറിച്ചിട്ടതോർക്കുക....
ഒടുവിലത്തെ പ്രണയം
എല്ലാ പ്രണയങ്ങളേയും ഉൾക്കൊള്ളുന്നു
ഒരിടത്തേക്കുള്ള വഴി
എല്ലാ താവളങ്ങളേയും
ഉൾക്കൊളളുന്ന പോലെ...