ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
Wednesday, January 22, 2025 3:19 PM IST
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രില്ലിംഗ് ആയ ഒരു യാത്ര പോകാന്‍ താത്പര്യമുണ്ടെങ്കില്‍ തീര്‍ത്തും കാണേണ്ട ഒരിടമാണ് ഗ്രേറ്റ് റാന്‍ ഓഫ് കച്ചിലെ റാന്‍ ഉത്സവം.
അമിതാഭ് ബച്ചന് പറഞ്ഞതു പോലെ കച്ച് നഹി ദേഖാത്തോ കുച്ച് നഹി ദേഖാ (കച്ച് കണ്ടില്ലെങ്കില്‍ നിങ്ങള്‍ ഒന്നും കണ്ടിട്ടില്ല) എന്നതു സത്യമാക്കുന്ന രീതിയിലാണ് റാന്‍ ഓഫ് കച്ചിലെ യാത്രാനുഭവം.
ഗുജറാത്തിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കിലോമീറ്ററുകളോളം നീളുന്ന ഉപ്പുമരുഭൂമിയുടെ അവസാനിക്കാത്ത കാഴ്ച ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. കച്ച് ജില്ലയിലെ ഉപ്പു പരലുകള്‍ നിറഞ്ഞു നില്ക്കുന്ന ഈ പ്രദേശം മുഴുവന്‍ ഒരിക്കല്‍ കടലായിരുന്നു.
ദോര്‍ദോ എന്ന ഇന്ത്യാ-പാക് അതിര്‍ത്തി ഗ്രാമത്തില്‍നിന്നാണ് കച്ച് മരുഭൂമി തുടങ്ങുന്നത്. ചുറ്റും നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം വെളുത്ത പ്രദേശം. ഭൂമിയും ആകാശവും ഒന്നു ചേര്‍ന്നതു പോലെ തിരിച്ചറിയാനാകാത്തവിധം റാന്‍ ഓഫ് കച്ച് എന്ന ഉപ്പുമരുഭൂമി.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലേക്ക് ഇവിടെനിന്നുള്ള അകലം 53 കിലോമീറ്റര്‍ മാത്രമാണ്. പകല്‍ സമയത്ത് വെട്ടിത്തിളങ്ങുന്ന ഉപ്പു പാടത്തിലൂടെ ഒട്ടക സവാരി നടത്താം. ഇവിടത്തെ സൂര്യാസ്തമയം മറ്റെങ്ങും കാണാനാവാത്ത മനോഹാരിതയാണ് സമ്മാനിക്കുന്നത്.
ഈ മരുഭൂമിയില്‍ ടെന്റുകളിലെ രാത്രി താമസം വളരെയധികം ത്രില്ലിംഗായ അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ടെന്‍ഡുകളിലെ സംഗീതവും മികച്ച ഭക്ഷണവുമൊക്കെ ഹൃദ്യാനുഭവമാണ്. കാഴ്ചയുടെയും ആഘോഷത്തിന്റെയും വ്യത്യസ്ത അനുഭവം തീര്‍ക്കുന്ന റാന്‍ ഉത്സവത്തിലെ വിശേഷങ്ങളിലേക്ക്...
ഉപ്പ് ചതുപ്പുകളുടെ പ്രദേശം
ഗുജറാത്തിലെ സൗരേവ ജില്ലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് വ്യാപിച്ചു കിടക്കുന്ന ഉപ്പ് ചതുപ്പുകളുടെ ഒരു വലിയ പ്രദേശമാണ് റാന്‍ ഓഫ് കച്ച്. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. ഇവിടെ പകുതിയോളം ഭൂപ്രദേശം ഉപ്പ് മരുഭൂമിയാണ്.
അതായത്, 23,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഗ്രേറ്റ് റാന്‍ ഓഫ് കച്ചും 16,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലിറ്റില്‍ റാന്‍ ഓഫ് കച്ചും. അറബിക്കടലിന്റെ ആഴം കുറഞ്ഞ ഒരു ഭാഗമായിരുന്നിടത്ത് കാലങ്ങള്‍ കൊണ്ട് ഭൗമമാറ്റങ്ങള്‍ സംഭവിച്ച് കടല്‍ വറ്റിപോവുകയും ഉപ്പു ചതുപ്പ് ബാക്കി ആവുകയും ചെയ്തു.
റാന്‍ എന്നാല്‍ മരുഭൂമി എന്നാണ് അര്‍ഥം. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന പ്രദേശം വേനലില്‍ വെള്ളം വറ്റുന്നതോടെ ആദ്യം ചതുപ്പും പിന്നെ ഉപ്പുപരലുകളുമായി മാറും. ഈ വെളുത്ത ഭൂമി രാത്രിയായാല്‍ നിലാവില് തിളങ്ങി നില്‍ക്കുന്നത് മനോഹര കാഴ്ചയാണ്.
പൂര്‍ണ ചന്ദ്രനെത്തുന്ന രാത്രികളില്‍ ഉപ്പു പരലുകള്‍ വെട്ടിത്തിളങ്ങും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപ്പ് ഉത്പാദിപ്പിക്കുന്നത് ഈ ഉപ്പു പാടങ്ങളിലാണ്. റാന്‍ ഓഫ് കച്ചിന്റെ കിഴക്കേ അതിരിലാണ് ഹാരപ്പന്‍ സംസ്കാരത്തിലെ ധോളാവീരയെന്ന പ്രദേശം.
കാഴ്ചകള്‍ ഏറെ...
എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നാല് മാസം നീണ്ടു നില്‍ക്കുന്നതാണ് റാന്‍ ഉത്സവ്. മൂന്ന് ദിവസത്തെ ഉത്സവമായി തുടങ്ങിയ റാന്‍ ഉത്സവ് പിന്നീട് മൂന്നു മാസം നീണ്ടു നില്ക്കുന്ന ഉത്സവമായി മാറുകയായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് റാന്‍ ഉത്സവ് എന്ന ആശയം വിഭാവനം ചെയ്തത്. "റാന്‍ ഉത്സവം' സംഘടിപ്പിക്കുന്നത് ഗുജറാത്ത് സര്‍ക്കാര്‍ തന്നെയാണ്.
കച്ചിന്റെ തനത് കലയും സാംസ്കാരിക പൈതൃകങ്ങളും കോര്‍ത്തിണക്കിയുള്ള ആഘോഷമാണിത്. നാടന്‍ പാട്ടും നൃത്തവും അതുല്യ കരകൗശല കാഴ്ചകളുമൊക്കെ ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ കച്ചിലേക്ക് എത്തുന്ന കാലം.
ഗുജറാത്തിന്റെ തനതു രുചികളും വിഭവങ്ങളും ഇവിടെനിന്ന് ആവോളം ആസ്വദിക്കാം. വ്യത്യസ്ഥതകള്‍ ഏറെയുള്ള ഈ ആഘോഷക്കാലം ദോര്‍ദോ എന്ന വിദൂര ഗ്രാമത്തിന് ഇന്ന് നല്കുന്ന അന്താരാഷ്ട്രഖ്യാതി ഏറെ വലുതാണ്.
വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ഈ വര്‍ഷം തെരഞ്ഞെടുത്ത 54 മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളില്‍ ഒന്നാണ് ദോര്‍ദോ. ഒട്ടക സവാരി മുതല്‍ ടെന്റുകളിലെ താമസം വരെ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടും.
ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ജി 20 യുടെ ആദ്യ ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ആതിഥ്യം വഹിച്ചത് ദോര്‍ദോ ആയിരുന്നു.
ത്രില്ലിംഗാണ് ടെന്റുകള്‍
സഞ്ചാരികള്‍ക്ക് രാത്രി കഴിച്ചുകൂട്ടാന്‍ ഉപ്പു മരുഭൂമിയില്‍ കെട്ടിയുണ്ടാക്കിയ ടെന്റുകളാണ് ആശ്രയം. നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശത്തിനു കീഴെ തണുപ്പു പെയ്തിറങ്ങുന്ന ടെന്ഡിലെ താമസം സാഹസികതയും അവിസ്മരണീയവുമായ അനുഭവമാണ് സമ്മാനിക്കുന്നത്.
രാജകീയ സൗകര്യങ്ങളെ അനുസ്മരിപ്പിക്കുന്ന ദര്‍ബാരി സ്യൂട്ട്, രാജ്വാദി സ്യൂട്ട്, സൂപ്പര്‍ പ്രീമിയം ടെന്റുകള്‍, പ്രീമിയം ടെന്റുകള്‍, ഡീലക്സ് എസി സ്വിസ് കോട്ടേജുകള്‍, നോണ്‍ എസി സ്വിസ് കോട്ടേജുകള്‍, നോണ്‍ എസി ടെന്റുകള്‍ എന്നിങ്ങനെ സഞ്ചാരികള്‍ക്കായുള്ള ടെന്റുകള്‍ ടെന്റ് സിറ്റിയില്‍ ലഭ്യമാണ്.
ഇത്തരത്തിലുള്ള പല തരം ശ്രേണിയില്‍പ്പെട്ട ടെന്റുകളുടെ സാന്നിധ്യം കൊണ്ട് ദോര്ദോയ്ക്ക് ടെന്റ് സിറ്റി എന്നും വിളിപ്പേരുണ്ട്.
അഡ്വഞ്ചര്‍ ആകണോ?
സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് റാന്‍ ഉത്സവിൽ അതിനും അവസരമുണ്ട്. ലിറ്റില്‍ റാന്‍ ഓഫ് കച്ചിലെ കാട്ടുകഴുത സാങ്ച്വറിയിലേക്ക് ഒരു സഫാരി പോകാം. പല തരത്തിലുള്ള പക്ഷികളെയും കാട്ടുമൃഗങ്ങളെയും ഇവിടെ കാണാനാകും.
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കാട്ടു കഴുതകളും കൂട്ടത്തിലുണ്ട്.