ചരിത്രവും ദേശസ്നേഹവും സാഹസികതയും നിറയുന്ന നാഡാബെത്ത്
Thursday, January 16, 2025 2:59 PM IST
ഇന്ത്യന്‍ മണ്ണില്‍നിന്നു കൊണ്ട് ഒരു കമ്പിവേലിക്കപ്പുറമുള്ള അയല്‍ രാജ്യമായ പാക്കിസ്ഥാനെ നോക്കിക്കാണുന്നതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും സങ്കല്പിച്ചിട്ടുണ്ടോ? ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് 239 കിലോ മീറ്റർ അകലെയുള്ള അതിര്‍ത്തി മേഖലയായ നാഡാബെത്തിലെത്തിയാല് ആ കാഴ്ച കണ്മുന്നില് കാണാം.
ഗുജറാത്തിലെ ബോര്‍ഡര്‍ ടൂറിസത്തില്‍ ഏറെ പ്രാധാന്യമുള്ള നാഡാബെത്തിലെത്തുന്ന ഓരോ സഞ്ചാരിയും ചരിത്രവും ദേശസ്നേഹവും സാഹസികതയും നിറയുന്ന ഹൃദ്യമായ കാഴ്ചകള്‍ കണ്ടിട്ടാകും മടങ്ങുന്നത്. 500 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന പാക്കിസ്ഥാനുമായുള്ള ഈ പടിഞ്ഞാറന്‍ അതിര്‍ത്തി ബിഎസ്എഫിന്റെ നിരീക്ഷണത്തിലാണ്.
1971 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിന്റെ വീരഗാഥകള്‍ നേരില്‍ കണ്ടറിയാം. ഗേറ്റ് മുതല്‍ 25 കിലോമീറ്റര്‍ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ-പാക് അതിര്‍ത്തി വരെ കടന്നെത്തുന്ന ഓരോരുത്തരുടെയും മനസില്‍ നിറയുന്നത് ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന ചിത്രങ്ങളാണ്.
സീറോ ലെയ്നിലെ വ്യൂ പോയിന്റില്‍നിന്ന് നോക്കിയാല്‍ അതിര്‍ത്തിക്കപ്പുറത്തെ പാക്കിസ്ഥാന്റെ സിന്ധ് പ്രവശ്യ മേഖല കാണാം. ആ വേലിക്ക് ഇപ്പുറത്തേക്ക് ആരെങ്കിലും എത്തിയാല്‍ അത് നുഴഞ്ഞു കയറ്റമായി കണ്ട് അടിയന്തര നടപടിയായി വെടി വയ്ക്കാനാണ് ബിഎസ്എഫിനുള്ള നിര്‍ദേശം. ഗുജറാത്തിലെ വാകയായ നാഡാബെത്തിലെ വിശേഷങ്ങളിലേക്ക്...
മനോഹരം ഈ ഭൂപ്രദേശം
അതിമനോഹരമാണ് നാഡാബെത്ത് അതിര്‍ത്തി പ്രദേശം. ഇരുവശവും ഉപ്പളങ്ങള്‍ നിറഞ്ഞ തടാകങ്ങള്‍ താണ്ടി മുന്നോട്ടു നീങ്ങുമ്പോള്‍ ഫ്ളമിംഗോ, പെലിക്കന്‍സ് തുടങ്ങിയ ദേശാടന പക്ഷികളും വിവിധതരത്തിലുള്ള പക്ഷികളും നയനമനോഹരകാഴ്ചയാണ്.
പ്രദേശത്ത് വേനല്‍ക്കാലത്ത് ഉപരിതലത്തില്‍ കട്ടിയുള്ള വെളുത്ത ഉപ്പ് പാളിയുണ്ടാകും. എന്നാല്‍, മഴ അധികമാകുമ്പോള്‍ ചുറ്റുമുള്ള ഭൂമി സസ്യങ്ങളില്ലാത്ത ചതുപ്പുനിലമായി മാറും. കുറുക്കന്, ചിങ്കര, ഡെസേര്‍ട്ട് ഫോക്സ്, വൈല്‍ഡ് ഇന്ത്യന്‍ കഴുത തുടങ്ങിയ വന്യമൃഗങ്ങളും മരുഭൂമിയിലെ വിഷപ്പാമ്പുകളും തേളുകളും ഇവിടെയുണ്ട്.
വീര ചരിത്രമോതി 1971ലെ ഇന്ത്യപാക് യുദ്ധം
1971ലെ ഇന്ത്യ-പാക് യുദ്ധത്തെക്കുറിച്ച് കണ്ടറിയാമെന്നതാണ് നാഡാബെത്ത് സന്ദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണം. ഇവിടത്തെ ഗ്യാലറിയില്‍ ഒരുക്കിയ പ്രദര്‍ശനത്തിലൂടെ, ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ ഈ സുപ്രധാന സംഘര്‍ഷത്തെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് മനസിലാക്കാന്‍ കഴിയും.
നാഡാബെത്ത് ഇന്ത്യാ-പാക് അതിര്‍ത്തിയിലുള്ള "സര്‍ഹദ് ഗാഥ' മ്യൂസിയം അതിര്‍ത്തി യോദ്ധാക്കളുടെ വീര്യത്തിന്റെ തെളിവാണ്. അവരുടെ ത്യാഗത്തിന്റെ ഉജ്വല സ്മരണകളുമായി പുരാവസ്തുക്കള്‍, യുദ്ധായുധങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വിവരണങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
സര്‍ഹദ് ഗാഥയില്നിന്നുള്ള കഥകളും ഗംഭീരമായ "അജേയ പ്രഹരി' സ്മാരകവും ശ്രദ്ധേയമായ ചുവര് ചിത്രങ്ങളും സന്ദര്‍ശകര്‍ക്ക് വീര ജവാന്മാരുടെ ത്യാഗങ്ങളെയും വിജയങ്ങളെയും കുറിച്ച് അറിവ് നല്‍കുന്നതാണ്.
അഡ്വഞ്ചറാണ് സീറോ ലെയ്ന്‍
നാഡാബെത്ത് ടി ജംഗ്ഷന് പില്ലറില്നിന്നാണ് സീറോ ലൈനിലേക്ക് യാത്ര തുടങ്ങുന്നത്. നാഡാബെത്തിലെ സീറോ ലൈന്‍, അതിര്‍ത്തിയുടെ പ്രൗഢത നേരിട്ട് അനുഭവിക്കാന്‍ കഴിയുന്ന സ്ഥലമാണ്.
ഇവിടെ, ഇന്ത്യ പാക് അതിര്‍ത്തിയില്‍ നില്ക്കുമ്പോള് ഇന്ത്യയെയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന യഥാര്‍ഥ രേഖയ്ക്ക് സമീപമാണ് നാം എന്നത് ഓരോ ഭാരതീയനും ആത്മാഭിമാനം വര്‍ധിപ്പിക്കുന്നതാണ്.
ഈ പോയിന്റില്‍നിന്നുള്ള കാഴ്ച സമാനതകളില്ലാത്തതാണ്. സന്ദര്‍ശകര്‍ അതിര്‍ത്തിക്കപ്പുറമുള്ള പാക്കിസ്ഥാന്റെ ഭൂപ്രകൃതി നോക്കിക്കാണുമ്പോള്‍ ഇന്ത്യയുടെ സുരക്ഷയില്‍ അതിന്റെ പ്രാധാന്യം എത്ര വലുതാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ട്.
സീറോ പോയിന്റില്‍ എത്തിയാല്‍ മുള്ളുവേലികള്‍ക്കിടയിലൂടെ പാക്കിസ്ഥാനെ കാണാം. അന്താരാഷ്ട്ര അതിര്‍ത്തിരേഖയില്‍നിന്ന് 150 മീറ്ററാണ് അകലം. വാച്ച് ടവറില്നിന്നാല് പാക്ക് അതിര്‍ത്തിയുടെ വിശാലമായ കാഴ്ച കാണാം.
അതിര്‍ത്തിയിലെ വ്യൂവിംഗ് ഡെക്കിലൂടെ വിശാലമായ പ്രദേശം മുഴുവന്‍ കാണാനാകും. വിവിധങ്ങളായ പക്ഷി മൃഗാ ദികളും സൂര്യാസ്തമയവുമൊ ക്കെ എന്നും മനസിൽ തങ്ങി നിൽക്കുന്ന കാഴ്ചകളാണ്.
ദേശസ്നേഹം നിറയ്ക്കുന്ന നാഡാബെത്ത് സീമ ദര്ശന്
1971 ലെ ഇന്തോ - പാക്ക് ഏറ്റുമുട്ടലിലെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് തുടക്കമിട്ടതാണ് സീമ ദര്ശന് ചടങ്ങ്. ബിഎസ്എഫിന്റെയും ഇന്ത്യന്‍ സൈന്യത്തിന്റെയും ധീരത, ത്യാഗം, പ്രതിരോധം എന്നിവയുടെ കഥകളാണ് നാഡാബെത്ത് സീമ ദര്ശന് ഉയര്‍ത്തിക്കാട്ടുന്നത്.
പ്രസിദ്ധമായ വാഗാ ബോര്‍ഡര്‍ ചടങ്ങ് പോലെ, നാഡാബെത്തിനും റിട്രീറ്റ് സെറിമണിയുടെ സ്വന്തം പതിപ്പുണ്ട്. അത് ബിഎസ്എഫ് ജവാന്മാര് വളരെ അഭിമാനത്തോടെയും അന്തസോടെയുമാണ് നിര്‍വഹിക്കുന്നത്.
നമ്മുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നവരുടെ സമര്‍പ്പണത്തെ ഓര്‍മിപ്പിക്കുന്ന ഗംഭീരമായ ചടങ്ങാണിത്. പരേഡ് ഗ്രൗണ്ടില്‍ 5,000 പേര്‍ക്ക് ഇരുന്ന് റിട്രീറ്റ് പരേഡ് വീക്ഷിക്കാനാകും. ഇവിടെ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അതിര്‍ത്തി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സഞ്ചാരികള്‍ക്ക് നേരില്‍ കാണാനും കഴിയും.
അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരുടെ അച്ചടക്കവും ഏകോപനവും പ്രകടമാക്കുന്ന സൈനിക പരേഡ് റിട്രീറ്റ് ചടങ്ങ് കാണാനുള്ള അവസരമാണ് സന്ദര്‍ശനത്തിന്റെ ഹൈലൈറ്റ്.
പരിപാടിയിലുടനീളം, സന്ദര്‍ശകര്‍ക്ക് ഇന്ത്യ പാക്ക് അതിര്‍ത്തി പട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഇന്ത്യയെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍, യുദ്ധ കഥകള്‍, സൈനിക വാഹനങ്ങള്‍ എന്നിവയുടെ വിവിധ പ്രദര്‍ശനങ്ങളും കാണാനും കഴിയും.
ഇവിടെ ദേശീയ പതാക താഴ്ത്തുന്ന ചടങ്ങ് ഓരോ ഭാരതീയനിലും ദേശസ്നേഹമാണ് നിറയ്ക്കുന്നത്. അമൃത്സറിലെ അട്ടാരിവാഗ അതിര്‍ത്തി പോയിന്റില്‍ നടക്കുന്ന റിട്രീറ്റ് ചടങ്ങില്‍നിന്ന് വ്യത്യസ്തമാണ് ഇത്. പാകിസ്ഥാന് പക്ഷത്തിന്റെ അഭാവം ഇവിടെ അനുഭവപ്പെടും.
ഇന്ത്യയുടെ സൈനിക അച്ചടക്കത്തിന്റെ പ്രതിഫലനമായി തികഞ്ഞ ഏകോപനത്തോടെ സൈനികര്‍ മാര്‍ച്ച് ചെയ്യുന്നു. അതിനുശേഷം സൈനികരുമായി സംസാരിക്കാനുള്ള അവസരവും ഉണ്ട്. അതിര്‍ത്തിയിലെ സൈനിക ജീവിതവും രാജ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളുമൊക്കെ നേരില്‍ കേള്‍ക്കാം.
ബിഎസ്എഫ് ജവാന്മാരുടെ വീര്യം ചിത്രീകരിക്കുന്ന ചുമര്‍ചിത്രങ്ങളും ബാനറുകളും കടന്ന് സൈനികരുടെ ധീരതയുടെയും ത്യാഗത്തിന്റെയും സ്മാരകത്തിലേക്കാണ് എത്തുന്നത്. ഇവിടെ സൈനിക പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഗുജറാത്തിലെ ഇന്ത്യ-പാക് അതിര്‍ത്തി സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഉപകരണങ്ങളും കണ്ടാണ് യാത്രയുടെ തുടക്കം. ഇന്ത്യയുടെ പ്രതിരോധത്തെക്കുറിച്ച് സന്ദര്‍ശകരെ ബോധവത്കരിക്കുന്നതിനായി ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.