വാർത്ത: ഹരുണി സുരേഷ് വൈപ്പിൻ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ അന്നപൂർണ സർക്യൂട്ട് ട്രക്കിംഗ് വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ ബുക്ക്സ് ഓഫ് റിക്കാർഡിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് മലയാളിയും 47 കാരനുമായ അസ്ലം.
കാഠ്മണ്ഡുവിൽനിന്ന് 210 കിലോമീറ്റർ ദുർഘട മലനിരകൾ താണ്ടി 13 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനമായ പൊക്കാറോയിൽ എത്തിയാണ് അസ്ലം ഈ നേട്ടം കൈവരിച്ചത്. അവിടെ ഇന്ത്യൻ ദേശീയ പതാക സ്ഥാപിച്ചതോടെ അസ്ലമിന്റെ ഏറെ കാലത്തെ അഭിലാഷമാണ് പൂവണിഞ്ഞത്.
മാർച്ചിൽ നടന്ന ഈ ദൗത്യത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് ഇക്കഴിഞ്ഞ നവംബറിലാണ് ഇന്ത്യ ബുക്സ് അധികൃതർ അംഗീകാരം പ്രഖ്യാപിച്ചത്.
നേപ്പാളിലെത്തിയത് പരിചയ സമ്പത്തുമായി
ഉത്തരാഖണ്ഡിലെ കേദാർകന്ധയും ദക്ഷിണേന്ത്യയിലെ മറ്റ് ചില മലനിരകളിലും ട്രക്കിംഗ് ചെയ്ത പരിചയ സമ്പത്തുമായാണ് അസ്ലം നേപ്പാളിലേക്ക് പോയത്. തുടർന്ന് 2021ൽ നേപ്പാളിൽ എവറസ്റ്റ് ബേസ് ക്യാമ്പ് പൂർത്തിയാക്കി.
ഈ ദൗത്യത്തിനിടയിലാണ് എവറസ്റ്റിലെ മറ്റു മല നിരകളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയതും അന്നപൂർണ ട്രക്കിംഗിനുള്ള പ്രചോദനമായതും. ഇതിനുള്ള ഹോം വർക്ക് എന്നോണം ഒന്നരവർഷത്തെ പഠനവും പരിശീലനവും ചെയ്യേണ്ടി വന്നുവെന്ന് അസ്ലം പറയുന്നു.
ദുഷ്കരമായ അന്നപൂർണ സർക്യൂട്ട്
ഹിമാലയ മലനിരകളിൽ നേപ്പാൾ ഭാഗത്താണ് അന്നപൂർണ സർക്യൂട്ട്. ഇത് കാഠ്മണ്ഡുവിൽ തുടങ്ങി പൊക്കാറയിലാണ് അവസാനിക്കുന്നത്. ബസിസാഹർ, ധാരാപാനി, ചാമേ, പിസംഗ് വില്ലേജ്, മനാംഗ്, ശ്രീഗർഗ, തിലിച്ചോ ബേസ് ക്യാമ്പ് എന്നിവയാണ് സർക്യൂട്ടിലെ പ്രധാന സ്ഥലങ്ങൾ.
ഇതിൽ തിലിച്ചോ ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്. സമുദ്രനിരപ്പിൽനിന്ന് ഉദ്ദേശം 4,919 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബേസ് ക്യാമ്പിൽനിന്നു തിലിച്ചോ തടാകത്തിലേക്കുള്ള യാത്ര വളരെ ദുർഘടം പിടിച്ചതാണത്രേ. ഇത് തരണം ചെയ്ത് എത്തുന്നത് യാഖർഗയിലേക്കാണ്.
അവിടെനിന്ന് തൊറങ്ഫേടിയിലേക്കും തുടർന്ന് തൊറങ്ലാപ്പസിലുമെത്തും. സമുദ്രനിരപ്പിൽനിന്നും 5,416 മീറ്റർ ഉയരത്തിലാണ് തൊറങ്ലാപ്പസ് സ്ഥിതി ചെയ്യുന്നത്. ഇതാണ് അന്നപൂർണ സർക്യൂട്ടിലെ ഏറ്റവും ഉയർന്ന സ്ഥലം. ട്രക്കിംഗിനെത്തുന്നവർ തിലിച്ചോ തടാകത്തിൽ കൂടാതെ ഇവിടെയും ദേശീയ പതാക സ്ഥാപിക്കാറുണ്ട്.
മറ്റൊരു പോയന്റാണ് മുക്തിനാഥ്. ഇവിടെ ബുദ്ധമതവും ഹിന്ദുമതവും സമന്വയിച്ചുള്ള ഒരു ക്ഷേത്രമുണ്ട്. ഇതു കഴിഞ്ഞാൽ പിന്നെ ജംസം, മാർഫാ വില്ലേജ് എന്നീ സ്ഥലങ്ങളായി. ഈ വില്ലേജിൽനിന്നാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആപ്പിൾ കയറ്റുമതി ചെയ്യുന്നത്.
താത്തോ പാനിയിലെ ചൂടുള്ള അരുവി
മർഫാ വില്ലേജ് കഴിഞ്ഞാൽ അടുത്ത പോയിന്റ് താത്തോപ്പാനിയാണ്. കാളിഘണ്ടകി നദിയിൽ നിന്നുള്ള നല്ല തണുപ്പുള്ള ജലപ്രവാഹത്താൽ സമൃദ്ധമാണിവിടം. ഇതിനോട് ചേർന്നു തന്നെ പ്രകൃതിയുടെ വികൃതി എന്നോണം നല്ല ചൂടു ജലമുള്ള ഒരു അരുവിയുമുണ്ടിവിടെ.
നദിയിലെ തണുത്ത ജലവും അരുവിയിലെ ചൂടുവെള്ളവും പ്രത്യേക അളവിൽ കൂട്ടിച്ചേർത്ത് നിർമിച്ച ഒരു കുളവും ഇവിടത്തെ ഹൈലെറ്റാണ്. ദിവസങ്ങളോളം ട്രക്കിംഗിൽ ഏർപ്പെട്ടവർ ഇവിടെ മുങ്ങിക്കുളിച്ച് വിശ്രമിച്ച് ക്ഷീണം മാറ്റിയാണ് കടന്നു പോകാറ്.
താത്തോപ്പാനി കഴിഞ്ഞാൽ പിന്നെ നേരേ ഫിനിഷിംഗ് പോയിന്റായ പൊക്കാറയാണ്. ഇവിടെയാണ് ട്രക്കിംഗിന്റെ സമാപനം.
മല കയറിയത് കടുത്ത മഞ്ഞുകാലത്ത്
ഇടമുറിയാതെ മഞ്ഞുപെയ്യുന്ന മാർച്ച് മാസത്തിലാണ് അസ്ലം ട്രക്കിംഗ് തുടങ്ങിയത്. മുഴുവൻ സമയവും മഞ്ഞുവീഴ്ചയുള്ളതിനാൽ യാത്ര ദുഷ്കരമായിരുന്നു. മഞ്ഞു കാലമാകുമ്പോൾ മേലെ വില്ലേജുകളിൽ താമസിക്കുന്നവർ ഇ സമയത്ത് താഴെ കാഠ്മണ്ഡുവിലേക്ക് പോകുകയാണ് പതിവ്.
അതുകൊണ്ട് ആ റൂട്ടിൽ താമസത്തിനോ ഭക്ഷണത്തിനോ ഉള്ള സൗകര്യം വളരെ കുറവായിരുന്നു. എങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് താൻ നിഷ്പ്രയാസം ലക്ഷ്യത്തിലെത്തുകയായിരുന്നെന്ന് അസ്ലം പറയുന്നു.
ഇനി ലബുച്ചേ, ഐലൻഡ് കൊടുമുടികൾ
നേപ്പാളിലെ തന്നെ ലബുച്ചേ കൊടുമുടിയും, ഐലൻഡ് കൊടുമുടിയുമാണ് അസ്ലമിന്റെ അടുത്ത ദൗത്യമത്രേ. 2026 ൽ ഇത് സഫലീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതിനുള്ള തയാറെടുപ്പിലാണിപ്പോൾ.
എറണാകുളത്ത് 3 -എസ് ടെക്നോളജി ആൻഡ് ഓട്ടോമേഷൻ കമ്പനിയിൽ റീജിയണൽ മാനേജർ ആയി ജോലി നോക്കുന്ന അസ്ലം എടവനക്കാട് തട്ടാരത്ത് അബ്ദുൽ ഖാദറിന്റെയും എച്ച്ഐഎച്ച്എസ്എസ് അധ്യാപികയായിരുന്ന വഹീദയുടെയും മകനാണ്. നൊമി റിസ്വാനയാണ് ഭാര്യ. മകൻ: അഹമ്മദ് സയാൻ.