കഥകൾ മെനയുന്പോൾ....
എസ്.മഞ്ജുളാദേവി
കർക്കടകത്തിലാണ് വാസുവിന്റെ ജനനം. നെല്ലും കൃഷിയും ഉപജീവനമായി കണ്ടിരുന്ന പഴയ തലമുറയ്ക്ക് പത്തായത്തിൽ നെല്ലില്ലാത്ത കർക്കടകം പഞ്ഞ മാസമാണ്. പട്ടിണിയുടേയും ദുരിതങ്ങളുടേയും മാസം.
അതുകൊണ്ടു തന്നെ നാല് ആൺകുട്ടികൾക്കുശേഷം കർക്കടകത്തിൽ പിറന്ന ആൺകുഞ്ഞിന്റെ പിറന്നാൾ ആഘോഷമാക്കണമെന്ന തോന്നൽ ഇടത്തരം കർഷക കുടുംബത്തിലെ ആർക്കുമുണ്ടായിരുന്നില്ല. എന്നാൽ വാസുവെന്ന മാടത്ത് തെക്കേപ്പാട്ട് കുടുംബത്തിലെ ഇളയ ആൺകുട്ടിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു.
എന്നും ഉച്ചയ്ക്കുള്ള കഞ്ഞിക്കു പകരം പിറന്നാളിനെങ്കിലും കുറച്ച് ചോറുണ്ണണം. ആ ഒരു സ്വപ്നം പോലും വാസുവിന്റെ ബാല്യത്തിൽ നടന്നിട്ടില്ല. കുട്ടിയുടെ വിഷമം കണ്ട അമ്മ ഒരു പിറന്നാളിന് എങ്ങനെയോ അധികമായി ഒരു പിടി നെല്ല് ഒപ്പിച്ചു. നെല്ല് കുത്തി അരിയാക്കി ചോറു വയ്ക്കുന്നതും കാത്ത് വാസു ഇരുന്നു.
ചോറ് വെന്ത് വന്നപ്പോഴേയ്ക്കും പക്ഷെ വൈകുന്നേരമായി. ഉണ്ണാനുള്ള ഉത്സാഹവും പിറന്നാൾകാരനിൽ നിന്ന് ചോർന്ന് പോയി. കേൾക്കുന്പോൾ വേദന തോന്നുന്ന ഈ സംഭവം പക്ഷെ വാസുവിന്റെ ജീവിതത്തിൽ സംഭവിച്ചത് നന്നായി!.
അങ്ങനെ പറയേണ്ടി വരുന്നു. കാരണം മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന ഇതിഹാസം പിറക്കുന്നതിന്, മലയാളത്തിന്റെ എംടി പിറക്കുന്നതിന് ഈ വേദനയും ഒരു കാരണമാണ്.
മലയാളത്തിൽ എന്നും ഒരു തേങ്ങലായി നിറയാൻ "ഒരു പിറന്നാളിന്റെ ഓർമ' ജനിക്കുന്നതും വാസുവിന്റെ ഈ സ്വപ്നഭംഗത്തിൽ നിന്നുതന്നെയാണ്. കുട്ടികളുടെ പിറന്നാളിന് സദ്യയൊരുക്കും എന്ന അറിവ് പോലും ഉണ്ടായിരുന്നില്ല "ഒരു പിറന്നാളിന്റെ ഓർമ'യിലെ കുഞ്ഞികൃഷ്ണന്.
വല്യമ്മാവന്റെ മകൻ ദാമോദരന്റെ പിറന്നാളിന് കുടുംബത്തിൽ സദ്യ ഒരുക്കിയിരുന്നു. കുടുംബത്തിലെ മറ്റ് കുട്ടികളുടെ പിറന്നാളിന് പക്ഷെ ഓട്ടുരുളിയിലെ കഞ്ഞി തന്നെ. പിറന്നാളിന് സദ്യ ഒരുക്കണമെങ്കിൽ കാരണവരായ വല്യമ്മാമ പത്തായത്തിൽ നിന്നും കൂടുതൽ നെല്ല് അളന്ന് കൊടുക്കണം.
അതിനുവേണ്ടി കുഞ്ഞികൃഷ്ണൻ അമ്മയോട് ഒരുപാട് കെഞ്ചി...നെല്ലളന്ന് കൊടുക്കുന്ന ദിവസം കൊട്ടയുമെടുത്ത് അമ്മ പത്തായപുരയിലെത്തി. എംടി എന്ന കുഞ്ഞികൃഷ്ണൻ തന്നെ പറയട്ടെ ബാക്കി കഥ...
മൂന്നു വടിപ്പൻ അളന്ന ശേഷം അമ്മാവൻ പത്തായമടയ്ക്കാൻ തുടങ്ങിയപ്പോൾ അമ്മ പതുക്കെ പറഞ്ഞു ""ഇന്ന് കുഞ്ഞികൃഷ്ണന്റെ പിറന്നാളാ...''
""അതിന്?''. ""മനേക്കാവില് അരക്കൂട്ട് പായസം കൂടി നേർന്നിട്ടുണ്ട്. നാലെടങ്ങഴീം കൂടി...'' ഇടിവെട്ടുന്ന സ്വരത്തിൽ അമ്മാവൻ പറഞ്ഞു: ""ആര് പറഞ്ഞതു നേരാൻ? നേർന്നിട്ടുണ്ടേൽ നേർന്നോരു കഴിച്ചോള്യൂ..''
""ഓന് ദെണ്ണം പിടിച്ചപ്പോ നേർന്നതാ''. ""ഓന്റെ തന്തോട് പറ. കാക്കാശിന് അയാളെക്കൊണ്ട് ഉപകാരംണ്ടോ?'' ഇങ്ങനെ ശകാരം തുടങ്ങിയ കാരണവരോട് ഒടുവിൽ ""ഓപ്പോടല്ലാതെ പിന്നാരോടാ പറയ്ാ? ഓപ്പടെ കുട്ട്യാച്ചാൽ... ''എന്ന് കുഞ്ഞികൃഷ്ണന്റെ അമ്മ പറയുന്നുണ്ട്. മുഖമടച്ച് അടിക്കുകയാണ് അപ്പോ വല്യമ്മാമ.
വടക്കിനിയിൽ കൂറ്റൻ പലകയിൽ നെടുനീളൻ നാക്കിലയും വച്ച് വല്യമ്മാമയും മകൻ ദാമോദരനും ഉണ്ണുന്പോൾ കൊതി പിടിച്ച് നോക്കി നിൽക്കുന്ന കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ള കുട്ടികളോട് വല്യമ്മാമ ആക്രോശിക്കും-""ഈ പൊട്ടിത്തെറിച്ച വക ഒരു കാര്യത്തിന് സമ്മതിക്കില്ല. എന്ത് മാമാങ്കം കാണാനാ ഇവിടെ നിൽക്ക്ണ്?''
ആവി പറക്കുന്ന ചോറ്, കൊണ്ടാട്ടം, നടുമുറിച്ച് കാച്ചിയ പപ്പടം ഒക്കെ സ്വപ്നം കണ്ട കുഞ്ഞികൃഷ്ണൻ എംടി തന്നെയാണ്. ബാല്യം മുതൽ എംടി അനുഭവിച്ച വേദനകൾ, നിരാശകൾ, വിങ്ങലുകൾ, പിന്നെ ചുറ്റും കണ്ട കാഴ്ചകൾ, അമ്മയിൽ നിന്നും മുത്തശിയിൽ നിന്നും കേട്ട കുടുംബത്തിന്റെ പഴയ ചരിത്രങ്ങൾ ഇവയെല്ലാം ചേർത്താണ് എംടി ഓരോ കഥയും മെനഞ്ഞത്.
എംടി തന്നെ ഒരഭിമുഖത്തിൽ പറയുന്നുണ്ട് കുഞ്ഞികൃഷ്ണന്റെയും നാലുകെട്ടിലെ അപ്പുണ്ണിയുടേയും ഒക്കെ കഷ്ടപ്പാടുകൾ താൻ അനുഭവിച്ചിട്ടുള്ളത് തന്നെയാണെന്ന്. വല്യമ്മാമയെപ്പോലെ ക്രൂരനായ അമ്മാമയെ താൻ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ കുടുംബത്തിൽ അങ്ങനെ ഒരു കാരണവരുണ്ടായിരുന്നു. "പിറന്നാളിന്റെ ഓർമ'യിൽ ഈ വല്യമ്മാമയേയാണ് എംടി എടുത്തുവച്ചത്.
ഇങ്ങനെ കുടുംബത്തിൽ, കുടുംബ താവഴികളിൽ കണ്ട പല മുഖങ്ങളേയും എംടി ചേർത്ത് വച്ചു. "കാല'ത്തിൽ കാണുന്നതും വാസുവിന്റെ ചെറിയമ്മയെയാണ്. എംടിക്ക് വളരെ പ്രിയപ്പെട്ട ചെറിയമ്മ. എന്നാൽ "കാല'ത്തിലെ ചെറിയമ്മയെപ്പോലെ വെള്ളപ്പാണ്ടുള്ള ചുണ്ടുകൾ വാസുവിന്റെ ചെറിയമ്മയ്ക്കുണ്ടായിരുന്നില്ല. പുകവലിയും ഇല്ല.
താവഴിയിലെ മറ്റേതോ ബന്ധുവിൽ നിന്ന് പകർത്തി വച്ചതാണ് ഈ രൂപമാറ്റം. എം.ടി. വാസുദേവൻനായരുടെ ചെറിയമ്മയുടെ മകൻ എം.ടി. രവീന്ദ്രൻ തന്നെ ഇതേപ്പറ്റി എംടിയും കൂടല്ലൂരും എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. "നാലുകെട്ടി'ലെ കോന്തുണ്ണി നായർ മുത്തശിയുടെ സഹോദരിയുടെ മകനാണ്. എംടിയുടെ കോന്തുണ്ണി മാമ.
"അസുരവിത്തി'ലെ ഗോവിന്ദൻ കുട്ടി എംടിയുടെ അമ്മയുടെ മുറയിലെ ഒരു സഹോദരൻ തന്നെയാണ്. സ്വന്തം വസ്തുക്കളെല്ലാം മരുമക്കൾക്ക് വീതിച്ച് നൽകി ഒടുവിൽ ഒന്നുമില്ലാതെ ഭാര്യവീട്ടിൽ ആശ്രിതനെപ്പോലെ കഴിഞ്ഞ ചെറിയച്ഛനും എംടിക്കുണ്ടായിരുന്നു. നാലുകെട്ടിലെ ചെറിയച്ഛനെ എംടി ഈ അച്ചിൽ വാർത്തെടുത്തതാണ്.
കവുങ്ങൻവളപ്പിലെ പാറുക്കുട്ട്യേടത്തിയുടെ സഹോദരിയെ "കുട്ട്യേടത്തി' ആക്കിയപ്പോൾ വാസുവിന്റെ മുന്നിൽ മാത്രമല്ല നമ്മുടെ മുന്നിലും വന്ന് നിന്ന് അവർ ചോദിച്ചു.. ""കാതിലെ മണി പോയ്യാ കുട്ട്യേടത്തീനെ കാണാൻ ചന്തംണ്ടാവ്വോ ബാസ്വോ?''