ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ് മട്ടാഞ്ചേരിയിലെ റാവല്‍ ലെസി ജോയിന്റ്. പുറമേനിന്ന് നോക്കുമ്പോള്‍ ഒരു കൊച്ചു കടയാണെങ്കിലും ഇവിടത്തെ ലെസിയുടെ രുചി ഒരിക്കല്‍ നുണഞ്ഞവര്‍ വീണ്ടും തേടിയെത്താറുണ്ടെന്ന് കടക്കുള്ളിലെ തിരക്കില്‍നിന്ന് വായിച്ചെടുക്കാം.
കടയുടമകളായ ചിരാഗ് റാവലും, നിര്‍മല്‍ റാവലും മികച്ച ആതിഥേയത്വമൊരുക്കി ഈ കൊച്ചു കടയിലുണ്ട്.
ഫ്രം ഗുജറാത്ത് ടൂ കൊച്ചി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍നിന്നും കൊച്ചിയിലേക്ക് ചേക്കേറിയതായിരുന്നു റാവല്‍ കുടുംബം. തനത് വടക്കേ ഇന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ വിരളമായിരുന്നു അന്നത്തെ കൊച്ചിയില്‍.
അങ്ങനെയാണ് 1981ല്‍ റാവല്‍ കുടുംബത്തിലെ കണ്ണിയായ രമേശ് റാവല്‍ ഒരു കൊച്ചു കട മട്ടാഞ്ചേരിയില്‍ ആരംഭിക്കുന്നത്. ആദ്യം സോഫ്റ്റ് ഡ്രിങ്ക്സ് കടയായിരുന്നെങ്കിലും പിന്നീട് ലെസി മാത്രം വില്‍ക്കുന്ന കടയായി ഇത് മാറി. ഇപ്പോളിത് കൊച്ചിക്കാരുടെ പ്രിയപ്പെട്ട റാവല്‍ ലെസി ജോയിന്റാണ്.
രമേശ് റാവലിന്റെ മക്കളായ ചിരാഗ് റാവലും, നിര്‍മല്‍ റാവലുമാണ് ഇപ്പോള്‍ കട നോക്കി നടത്തുന്നത്. റാവല്കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ടവരാണ് ഇവര്‍. ഇന്ന് റാവല്‍ ലെസി ജോയിന്റില്‍ രണ്ടു തരം ലെസികള് ലഭ്യമാണ്- സാദാ ലെസിയും സ്പെഷല്‍ ലെസിയും. കൊഴുപ്പ് കുറഞ്ഞതാണ് സാദാ ലെസിയെങ്കില്, കൊഴുപ്പ് ഉള്ളതും കട്ടി കൂടിയതുമാണ് സ്പെഷല്‍ ലെസി.
ഏലക്കയോടൊപ്പം പാനീയത്തില്‍ ചേര്‍ക്കുന്ന ജാതിക്കയുടെ സ്വാദാണ് സ്പെഷല്‍ ലെസിയെ "സൂപ്പര്‍ സ്പെഷല്‍' ആക്കുന്നത്. വീട്ടില്‍ വച്ചുതന്നെ ലെസി നിര്‍മിച്ച ശേഷമാണ് കടയിലേക്ക് കൊണ്ടുവരുന്നത്.
സീസണ് അനുസരിച്ചു ലഭ്യമാകുന്ന പഴങ്ങള്‍ ഉപയോഗിച്ച് ഫ്രൂട്ട് ലെസികളും ഇവിടെ വില്‍ക്കാറുണ്ട്. ലെസി തീരുന്നത് അനുസരിച്ചാണ് കട അടയ്ക്കുന്നതെന്ന് കട ഉടമകളില്‍ ഒരാളായ ചിരാഗ് റാവല്‍ പറഞ്ഞു.
ലെസി സൂപ്പറാണ്....
1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചു നദികളുടെ നാടായ പഞ്ചാബാണ് ഈ പാനീയം ആദ്യമായി തയാറാക്കിയത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ലെസിയെന്ന പേരിന്റെ പിറവിക്കു പിന്നില്‍ ഭിന്നാഭിപ്രായങ്ങള്‍ ചരിത്രകാരന്മാരുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്.
"ഉമിനീര് പോലുള്ള' എന്ന സംസ്കൃത പദത്തില്‍ നിന്നുമാണ് ലെസി എന്ന പേര് വന്നതെന്നാണ് ഒരു വിഭാഗത്തിന്റെ അവകാശ വാദം. തൈരിന്റെ കട്ടിയുള്ള ഘടനയെ സൂചിപ്പിക്കുന്ന എന്ന അര്‍ഥത്തിലാണ് ലെസി എന്ന വാക്ക് ഉപയോഗിക്കുന്നത്.
പഞ്ചാബി ഭാഷയില്‍ തൈര്, മോര് എന്ന അര്‍ഥം വരുന്ന വാക്കാണ് ലെസി എന്നും പറയപ്പെടുന്നു. പണ്ട് കാലങ്ങളില്‍ ഫ്രിഡ്ജുകള്‍ ഇല്ലാതിരുന്നതിനാല്‍ പഞ്ചാബി കര്‍ഷകര്‍ തങ്ങളുടെ മണ്കുടങ്ങളില് സൂക്ഷിച്ചുവച്ചിരുന്ന തണുത്ത പാലില്‍ തൈരും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചാണ് ആദ്യകാലങ്ങളില്‍ ലെസി ഉണ്ടാക്കിയിരുന്നത്.
കാലക്രമേണ പാനീയത്തില്‍ ജീരകം, ഏലയ്ക്ക, പുതിനയില മുതലായ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കാന്‍ തുടങ്ങി. ആയുര്‍വേദത്തില്‍ ജീരകം പോലുള്ള സുഗന്ധവ്യഞ്ജനങ്ങളും ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുമെന്നതിനാല്‍ ലെസിയുടെ ചേരുവകളില്‍ ഇവയും ഒരു ഭാഗമായി മാറി.
പഞ്ചസാരയുടെയോ തേനിന്റെയോ അകമ്പടിയോടെ വരുന്ന മധുരമുള്ള ലെസികളും ഉപ്പു രസമുള്ള ലെസികളും ഇന്ത്യയിലുണ്ട്. ഇന്ന് സ്ട്രൗബെറി, മാമ്പഴം, മസാല തുടങ്ങി വിവിധതരത്തിലുള്ള ലെസികള് ലഭ്യമാണ്.
നല്ല കട്ടി തൈര് ബ്ലെന്‍ഡറിലോ മറ്റു ഉപകരണങ്ങളുടെ സഹായത്താലോ കടഞ്ഞെടുത്ത് അതില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് പഞ്ചസാരയോ ഉപ്പോ ചേര്‍ത്തു നല്‍കുന്നതാണ് ലെസി.
തയാറാക്കിയത്: ടി.ആർ. നന്ദന