‘ജുങ്കോ ഫുറുത കേസ്' ലോകം കണ്ട ഏറ്റവും പൈശാചിക കൊലപാതകം
ആരാണ് ജുങ്കോ ഫുറുത... ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂരതയും യാതനയും അനുഭവിച്ചു മരിക്കേണ്ടി വന്ന ജപ്പാൻ പെൺകുട്ടി. മരിക്കുമ്പോൾ അവൾക്ക് പതിനേഴു വയസായിരുന്നു പ്രായം.
1989 നവംബര്‍ 22നാണ് ജുങ്കോ ഫുറുത എന്ന പതിനാറുകാരി കൊല്ലപ്പെടുന്നത്. ജപ്പാനിലെ മിസാതോ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിലായിരുന്നു ജുങ്കോ ഫുറുതയുടെ വിദ്യാഭ്യാസം. സുന്ദരിയായിരുന്നു അവൾ.
അതുകൊണ്ടുതന്നെ ധാരാളം പ്രണയാഭ്യർഥനകളും അവൾക്ക് ലഭിച്ചു. അതിലൊന്നും താത്പര്യം ഇല്ലാത്തതിനാൽ അതൊക്കെയും അവൾ നിരസിക്കുകയുണ്ടായി. ഹിരോഷി മിയാനോ എന്ന വിദ്യാർഥിയുടെ പ്രണയാഭ്യർഥനയും അതിൽപ്പെടും. ഇത് അയാളിൽ ദേഷ്യം ജനിപ്പിച്ചു.
അയാൾക്കു ക്വട്ടേഷൻ ഗ്രൂപ്പായ ജപ്പാനിലെ യകൂസ ഗാംഗുമായി നല്ല അടുപ്പമുണ്ടായിരുന്നു.തക്ക അവസരം കാത്തിരുന്ന അയാൾ ഒരു ദിവസം ജുങ്കോ തന്റെ പാർട്ട് ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി സുഹൃത്തിനോട് പറഞ്ഞ് സൈക്കിളിൽനിന്നു മനഃപൂർവം തട്ടി താഴെയിട്ടു.
താഴെ വീണ അവളെ സാഹയിക്കാനെന്ന വ്യാജേന മിയാനോ അടുത്തുകൂടി തന്റെ കാറിൽ വീട്ടിൽ എത്തിക്കാമെന്നു പറയുന്നു. പോകുന്ന വഴിയിൽ മറ്റു മൂന്നു പേർ കൂടി കാറിൽ കയറുന്നു. അവരാകട്ടെ അക്രമി ഗ്രൂപ്പായ യകൂസയിലെ അംഗങ്ങളും.
അവർ സംസാരിച്ചപ്പോൾ അവരൊക്കെയും നല്ല മനുഷ്യരായി അവൾക്ക് തോന്നിയെങ്കിലും താമസിയാതെ അവരുടെ പെരുമാറ്റത്തിലെ അസ്വഭാവികത മനസിലായി. അവൾ ബഹളം വച്ചതോടെ സംഘം ഭീഷണിപ്പെടുത്തി.
ബലം പ്രയോഗിച്ച് സ്വന്തം വീട്ടിലേക്ക് വിളിപ്പിക്കുകയും ഒരു സഹപാഠിയുടെ കൂടെ താമസിക്കാൻ പോകുകയാണെന്ന് അവളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. സംഘത്തിലെ ഒരാളുടെ രക്ഷിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് അവളെ കൊണ്ടുപോയത്.
ടോക്കിയോയിലെ അഡാച്ചിയിലായിരുന്നു ആ വീട്. അവിടെ ചെന്നതു മുതൽ അവൾ അനുഭവിച്ച കൊടിയ യാതന ലോകത്തൊരു പെൺകുട്ടിയും അനുഭവിച്ചിട്ടുണ്ടാവില്ല. കൊടും പീഡനങ്ങൾ 44 ദിവസം നീണ്ടുനിന്നു.
യകൂസയിലെ അംഗങ്ങൾ അടക്കം നാനൂറിലധികം പേര് അവളെ ഈ കാലയളവില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അനുമാനം. കണ്ണിൽ ഉരുകിയ മെഴുകുതിരി ഒഴിച്ചും ഡമ്പൽ എടുത്തു ഊക്കോടെ മുകളിൽനിന്ന് വയറിലേക്കിട്ടും പട്ടിണിക്കിട്ടും സ്വന്തം മൂത്രം കുടിപ്പിച്ചും പാറ്റയെ പച്ചയ്ക്ക് തീറ്റിച്ചുമൊക്കെ അവളെ ആ കശ്മലന്മാർ ഉപദ്രവിച്ച് ആനന്ദിച്ചു.
ഗോള്‍ഫ് സ്റ്റിക് ഉപയോഗിച്ചുള്ള മര്‍ദനം മുതല്‍ ബോട്ടിലുകളും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള പ്രയോഗങ്ങളിലൂടെയും അവള്‍ക്ക് കടന്നുപോകേണ്ടിവന്നു. തന്നെ ഒന്നു കൊന്നു തരു എന്നു യാചിച്ച അവളെ മജോങ് എന്ന ചീട്ടു കളിക്കാൻ മിയാനോ നിർബന്ധിച്ചു.
കളിയിൽ ജയിച്ചാൽ വെറുത വിടാമെന്നും പറഞ്ഞു. പക്ഷേ, ജയിച്ച അവൾക്ക് കിട്ടിയ ശിക്ഷ അതിക്രൂരമായിരുന്നു. വീടിന്റെ മച്ചില്‍ തലതിരിച്ച് കെട്ടിയിട്ട അവളെ ബോക്സിംഗ് ബാഗാക്കി ഇടിച്ച് ഇഞ്ചപ്പരുവമാക്കി.
മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തി, ലൈറ്റര്‍ ഉപയോഗിച്ചു കൺപോളകൾ കരിച്ചു. തുന്നൽ സൂചി കൊണ്ട് ശരീരത്തിൽ പലയിടത്തും തുളകൾ ഇട്ടു. അപ്പോഴൊക്കെയും ജീവന്റെ കണിക അവളിൽ ബാക്കിയുണ്ടായിരുന്നു..
ദിവസങ്ങൾ കഴിഞ്ഞതോടെ അവളുടെ ശരീരത്തിൽ രക്തയോട്ടം നിലച്ചു തുടങ്ങി. തകരാറിലായ അവളുടെ ആന്തരികാവയവങ്ങള്‍ ഭക്ഷണവും വെള്ളവും എടുക്കാതായി. കുടിക്കുന്ന വെള്ളം അതുപോലെതന്നെ പുറംതള്ളപ്പെട്ടു. മലമൂത്ര വിസര്‍ജനം അപ്രാപ്യമായി. ശ്രവണശക്തി ഇല്ലാതാവുകയും മസ്തിഷ്കം ചുരുങ്ങിപ്പോവുകയും ചെയ്തു.
ഭയാനകമായ 44 ദിവസം പിന്നിട്ടപ്പോൾ അവളെ വീണ്ടും അവർ മജോങ് എന്ന കളി കളിക്കാൻ ക്ഷണിച്ചു. വീണ്ടും ജയിച്ചപ്പോൾ ദേഷ്യം കൊണ്ട് കണ്ണു കാണാതായ മിയാനോ, പാതി മുക്കാലും മരിച്ച ജുങ്കോയുടെ ദേഹത്ത് ലോഹവയർ കൊണ്ട് വീണ്ടും വീണ്ടും മർദിച്ചു. ഇനി യാതൊന്നും ആ ശരീരത്തിൽ ചെയ്യാൻ ബാക്കിയില്ല എന്നു കണ്ട് ഒടുവിൽ ജീവനോടെതന്നെ ശരീരത്തിൽ എണ്ണയൊഴിച്ചു കത്തിച്ചു.
ഇരുഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലൻ വരുന്ന വീപ്പക്കുറ്റിയിലാണ് ജുങ്കോ ഫുറുതയുടെ മൃതദേഹം അടക്കം ചെയ്തത്. ഒരു മൃതദേഹം ഒളിപ്പിക്കാനും നശിപ്പിക്കാനും ഇതാണ് സൗകര്യം എന്നവർക്ക് തോന്നി.
പക്ഷേ, മണിക്കൂറുകള്‍ക്കകം തന്നെ വിരലടയാള വിദഗ്ധരുടെ സഹായത്തോടെ കൊലപാതകത്തിന് തുമ്പുണ്ടാക്കാൻ പോലീസിനു കഴിഞ്ഞു. ഒരു മാസത്തിനകം തന്നെ കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തു.
ആദ്യ ദിവസം തന്നെ ആ പെൺകുട്ടി മരിച്ചിരുന്നുവെങ്കിൽ ഇത്രയും ക്രൂരത അവൾക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. അവളെ മൃഗീയമായാണ് പീഡിപ്പിച്ചതെന്നുപോലും പറയാൻ കഴിയില്ല.. കാരണം മൃഗങ്ങൾ ആഹാരത്തിന് വേണ്ടിയല്ലാതെ മറ്റു ജീവികളെ ഉപദ്രവിക്കാറില്ലല്ലോ...
ഇതിൽ പ്രധാനപ്രതിയായ മിയാനോയ്ക്ക് 20 വർഷത്തെ ശിക്ഷ കിട്ടി. രണ്ടാം പ്രതിയായ മിനാറ്റോയുടെ വീട്ടിലായിരുന്നു ഈ ക്രൂരത മുഴുവൻ നടന്നത്. അപ്പോൾ അയാളുടെ കുടുംബവും കൂടെ താമസിക്കുന്നുണ്ടായിരുന്നു എന്നതാണ് അതിശയോക്തി.
അയാൾക്ക് കിട്ടിയത് വെറും എട്ടുവർഷത്തെ ശിക്ഷ. മൂന്നാമന് എട്ടു വർഷം. നാലാമത്തെ പ്രതിക്ക് നാലു വർഷം. ആ പെൺകുട്ടി അനുഭവിച്ച യാതനകൾ വച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമാകുന്നില്ല..
ഇതിൽ ഒന്നാമൻ 2009ൽ പുറത്തിറങ്ങി. മിനാട്ടോ എന്ന രണ്ടാമൻ പുറത്തിറങ്ങി വീണ്ടും ഒരു കേസിൽ അകത്തായി. മറ്റു രണ്ടുപേരും 1999ൽ പുറത്തിറങ്ങി. ഇവരൊക്കെ തന്നെ ഇപ്പോഴും ജപ്പാനിൽ സുഖമായി ജീവിച്ചിരിക്കുന്നു. പ്രായപൂർത്തി ആയില്ലെന്ന കാരണത്താലാണത്രെ പ്രതികൾക്ക് വധശിക്ഷ കൊടുക്കാൻ കോടതിക്ക് കഴിയാതെ പോയത്.
ലോകം കണ്ട ഏറ്റവും വലിയ ക്രൂരതയുള്ള കൊലപാതകം ആയി ജുങ്കോ ഫുറുത കൊലപാതകം ഇപ്പോഴും നിലനിൽക്കുന്നു. ‘ജുങ്കോ ഫുറുത കേസ്' എന്നാണ് ഈ കൊലപാതകം ലോകത്ത് അറിയപ്പെടുന്നത്.
വിനീത ശേഖർ