ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
നവാസ് മേത്തർ
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 183 കൊലപാതക ക്കേസുകൾ. കാൽ നൂറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയ കൊലപാതകം തുടങ്ങി രണ്ടുവർഷ മുമ്പ് നടന്ന പാനൂരിലെ വിഷ്ണുപ്രിയ വധം വരെ കേസുകൾ തീർപ്പാക്കാൻ നടത്തിയ ശ്രമത്തിൽ ഒന്നരവർഷം കൊണ്ട് പൂർത്തിയായത് 41 കേസുകളുടെ വിചാരണ.
റിക്കാർഡ് വേഗത്തിൽ നടന്ന വിചാരണയിൽ വിധി വന്നപ്പോൾ 21 കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടു. പ്രതികൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിച്ചു. 16 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു.
നാലു കേസുകളിൽ പ്രതികൾ മരണപ്പെട്ടതിനാൽ കേസ് ഒഴിവാക്കി. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും നാല് അതിവേഗ കോടതികളിലുമായാണ് 41 കേസുകളിൽ ഒന്നര വർഷം കൊണ്ട് വിധി പറഞ്ഞത്.
വിചാരണ കാത്തുകിടന്നത് 1998 മുതലുള്ള കേസുകൾ
1998 മുതലുള്ള കേസുകളായിരുന്നു വിചാരണ കാത്തു കിടന്നത്. ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ ക്രൈം നമ്പർ 76/ 1998 കേസാണ് ഏറ്റവും പഴക്കമുള്ളത്. ആർഎസ്എസ് പ്രവർത്തകൻ ഷാജി കൊല്ലപ്പെട്ട ഈ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്നു വരികയാണ്.
കാൽ നൂറ്റാണ്ടു മുമ്പുള്ള പല കേസുകളിലും പ്രതികളായ യുവാക്കൾ ഇപ്പോൾ വിചാരണ നേരിടുമ്പോൾ മുതിർന്ന പൗരന്മാരായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിയുകയെന്നത് സങ്കീർണ പ്രക്രിയയായി മാറുമെന്ന് നിയമ രംഗത്തുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
റിക്കാർഡ് വേഗം
2023 മേയ് മാസത്തിലെ കണക്കു പ്രകാരം കണ്ണൂർ സിറ്റി പോലീസിനു കീഴിലെ 21 സ്റ്റേഷനുകളിലായുള്ള 107 കേസുകളും റൂറലുള്ള 70 കേസുകളുമുൾപ്പെടെയാണ് വിചാരണയ്ക്കുണ്ടായിരുന്നത്. ഒരു കേസ് എൻഐഎയ്ക്ക് കൈമാറുകയും മറ്റൊരു കേസ് കാസർഗോഡേക്ക് മാറ്റുകയും ചെയ്തിരുന്നു.
സിറ്റി പോലീസിനു കീഴിൽ 90 കേസുകളും കണ്ണൂർ റൂറലിനു കീഴിൽ 52 കേസുകളുമാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. ഡിസ്ട്രിക് ഗവൺമെന്റ് പ്ലീഡറായി കെ. അജിത്കുമാർ ചുമതലയേറ്റപ്പോഴാണ് കെട്ടിക്കിടക്കുന്ന കൊലപാതകക്കേസുകളുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചത്.
തുടർന്ന് ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുകയായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് റിക്കാർഡ് വേഗതയിൽ വിചാരണ നടക്കുകയായിരുന്നു. അഞ്ച് സെഷൻസ് കോടതികളിലെ അഞ്ച് പ്രോസിക്യൂട്ടർമാരും പ്രതിഭാഗം അഭിഭാഷകരും ഒത്തൊരുമിച്ചപ്പോൾ മിന്നൽ വേഗത്തിലാണ് വിചാരണകൾ പൂർത്തിയാകുന്നത്.
ആർഎസ്എസ് നേതാവ് അശ്വനികുമാർ കൊല്ലപ്പെട്ട കേസിലും കോടതി വിധി പറഞ്ഞിരുന്നു.നിരവധി രാഷ്ട്രീയ കൊലപാതക കേസുകളുടെ വിചാരണ ഇപ്പോൾ നടന്നു വരികയാണ്. വൈകുന്നേരം ആറു വരെ സിറ്റിംഗ് നടക്കുന്ന കോടതികളും ഇന്ന് തലശേരിയിലുണ്ട്. അതിരാവിലെതന്നെ ന്യായധിപന്മാർ കോടതിയിൽ എത്തുന്നുമുണ്ട്.
കൊലപാതകക്കേസുകളുടെ വിചാരണ തീർക്കാൻ ജുഡീഷ്യൽ ഓഫീസർമാർക്ക് ഹൈക്കോടതി ടാർജറ്റ് വരെ നൽകിയിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ന്യായധിപന്മാർക്ക് ടാർജറ്റ് പ്രായോഗികമല്ലെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
മുമ്പ് ഫാസ്റ്റ് ട്രാക്ക് കോടതികളിൽ പലതിലും ന്യായധിപന്മാരില്ലാത്തതിനാൽ വിചാരണ മുടങ്ങുകയായിരുന്നു. പല ജുഡീഷൽ ഓഫീസർമാരും കൊലപാതകക്കേസുകൾ പരിഗണിക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ കൊലപാതക കേസുകളിൽ വിധി പറഞ്ഞ ജഡ്ജിമാർക്ക് തലശേരിയിൽ കടുത്ത ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ഇതുമൂലം വിചാരണ വേളയിൽ ന്യായാധിപന്മാർക്കും പ്രോസിക്യൂട്ടർമാർക്കും പോലീസ് കാവൽ വരെ ഏർപ്പെടുത്തിയിരുന്നു.
ഒരു രാഷ്ട്രീയ കൊലപാതകക്കേസിൽ വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരേ കോടതി അങ്കണത്തിൽ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ചരിത്രവും തലശേരിക്കുണ്ട്.