മച്ചിനു മുകളിൽ ഒരു മൃതദേഹം
റിപ്പോർട്ട്: സീമ മോഹൻലാൽ
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക് ഡ്യൂട്ടിയിലായിരുന്ന വിഴിഞ്ഞം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ മൊബൈൽ ഫോണിലേക്ക് ഒരു കോളെത്തി. മുല്ലൂരിലെ ഒരു വീടിന്റെ മച്ചിനു മുകളിൽനിന്നു ചോര താഴെയ്ക്ക് വീഴുന്നുവെന്ന വിവരം ആയിരുന്നു അത്.
അദ്ദേഹം ഉടൻ തന്നെ സ്റ്റേഷനിൽ വിളിച്ച് വീട് സന്ദർശിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോൾ മച്ചിനു മുകളിൽ ഒരു മൃതദേഹം കിടക്കുന്നതായി കണ്ടെത്തി. ഉടൻതന്നെ ഇൻസ്പെക്ടർ പ്രജീഷ് സംഭവ സ്ഥലത്തെത്തി.
വിഴിഞ്ഞം അദാനി പോർട്ടിന് അടുത്ത് കടൽത്തീരത്തോട് ചേർന്നായിരുന്നു ആ വീട്. ആസ്ബറ്റോസിട്ട ഒരു കൊച്ചു വീട്. പ്രധാന വാതിലിൽനിന്ന് അകത്തേക്ക് കയറി ചെല്ലുന്നത് ഹാളിലേക്കാണ്. ആ ഹാളിന്റെ മൂലയിലേക്കാണ് മച്ചിൽനിന്ന് രക്തം വീണു കൊണ്ടിരിക്കുന്നത്.
ഹാളിൽ തന്നെ കിടക്കുന്ന കട്ടിലിൽ കസേരയിട്ട് കയറി ഇൻസ്പെക്ടർ പരിശോധിച്ചു. പരിശോധനയിൽ രണ്ടടി മാത്രം ഉയരമുള്ള തട്ടിന്റെ കിളിവാതിൽ പോലുള്ള ഭാഗത്ത് രണ്ടു കാലുകൾ മാത്രമാണ് ആദ്യം കണ്ടത്. രാത്രി ആയതിനാൽ ബോഡി ബന്ദബസ്താക്കി. തുടർന്ന് വീട്ടിൽ താമസിച്ചിരുന്നത് ആരാണെന്ന് പരിസരവാസികളോട് അന്വേഷിച്ചു.
മുല്ലൂർ സ്വദേശിയായ ശ്രീകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. 2021 നവംബറിൽ വിഴിഞ്ഞം ടൗണ്ഷിപ്പ് ഭാഗത്തുള്ള റഫീക്കാബീവി(44) എന്ന സ്ത്രീയാണ് ആ വീട് വാടകയ്ക്ക് എടുത്തത്. അവരും മകൻ ഷഫീക്കും (24) മകന്റെ സുഹൃത്ത് അൽ അമീനും(23) കൂടെയുണ്ടെന്ന് അയൽക്കാരിൽനിന്ന് അറിഞ്ഞു.
റഫീക്കാബീവി ഇടയ്ക്ക് വീട്ടു ജോലിക്ക് പോകുമായിരുന്നു. ഷഫീക്ക് മറ്റൊരിടത്ത് ഹോട്ടൽ ജോലി ചെയ്യുകയാണ്. അൽ അമീൻ കോവളം ഭാഗത്തെ ഒരു റിസോർട്ടിൽ മുന്പ് ജോലി ചെയ്തിരുന്നുവെന്നും അറിയാൻ കഴിഞ്ഞു.
ഇയാൾ വൈകുന്നേരങ്ങളിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നതിനാൽ അയൽക്കാരുമായി ഇവർക്കാർക്കും ബന്ധമുണ്ടായിരുന്നില്ല. ഇത്രയും കാര്യങ്ങൾ അറിഞ്ഞപ്പോൾ അൽ അമീൻ ലഹരി ഉപയോഗിച്ച ശേഷം റഫീക്കാബീവിയെ കൊലപ്പെടുത്തി മച്ചിനു മുകളിൽ തള്ളിയതായിരിക്കാമെന്ന സംശയമുയർന്നു. ഇത്തരത്തിലായിരുന്നു ആദ്യം അന്വേഷണം പുരോഗമിച്ചതും.
നിർണായകമായ ആ ഫോണ് കോൾ
റഫീക്കാബീവിയുടെ ബന്ധുക്കൾ ടൗണ്ഷിപ്പ് ഭാഗത്തുണ്ടെന്ന് മനസിലാക്കി അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ആ പ്രദേശത്തെത്തി ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. അൽ അമീനെ പരിചയമുള്ള ഒരാൾ സമീപ പ്രദേശത്തുണ്ടെന്ന് മനസിലാക്കി അയാളുമായി പോലീസ് ബന്ധപ്പെട്ടു.
പാലക്കാട് സ്വദേശിയായ അൽ അമീന്റെ ഫേസ്ബുക്ക് പ്രൊഫൈലായി ഇട്ടിരിക്കുന്ന ഒരേ ഒരു ഫോട്ടോ പോലീസിനു ലഭിച്ചു. വീട്ടുടമ ശ്രീകുമാറിന്റെ കൈയിൽ റഫീക്കാബീവിയുടെ ഒരു ഫോണ് നന്പർ ഉണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തെ കൊണ്ട് ആ നന്പറിലേക്ക് ഇൻസ്പെക്ടർ പ്രജീഷ് വിളിപ്പിച്ചു.
രാത്രി ഏട്ടേകാലോടെയായിരുന്നു ആ നന്പറിലേക്ക് ശ്രീകുമാർ വിളിച്ചത്. അൽ അമീനായിരുന്നു ഫോണ് എടുത്തത്. തങ്ങൾ ഇപ്പോൾ തന്പാനൂരിലുണ്ടെന്നും വിഴിഞ്ഞത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉടൻ കാണാമെന്നും അൽ അമീൻ ശ്രീകുമാറിനെ അറിയിച്ചു.
ഈ ഫോണ് കോൾ കേസിൽ നിർണായകമായി. ഇതോടെ ഇവരുടെ ലൊക്കേഷൻ തന്പാനൂരുണ്ടോയെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചു. ലൊക്കേഷൻ തന്പാനൂർതന്നെ കാണിച്ചതോടെ മ്യൂസിയം, തന്പാനൂർ, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി.
റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ദീർഘ ദൂര ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തി. പരിശോധനയിൽ തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജൻസിയിൽനിന്ന് അൽ അമീൻ മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്ത വിവരം ഇൻസ്പെക്ടർ പ്രജീഷിനു ലഭിച്ചു.
രാത്രി 9.30 ഓടെ ആ വാഹനത്തിന്റെ ഡ്രൈവറുമായി പോലീസ് ബന്ധപ്പെട്ടു. അപ്പോൾ ബസ് കാര്യവട്ടത്ത് എത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതിലെ മൂന്നാളും ബസിലുണ്ടോയെന്ന് ചോദിച്ചു. മൂന്നാളും ബസിലുണ്ടെന്ന് വിവരം ലഭിച്ചതോടെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
കഴക്കൂട്ടം പോലീസ് വാഹനം തടഞ്ഞു നിർത്തി മൂന്നാളെയും കസ്റ്റഡിയിലെടുത്തു. അതുവരെ "കൊല്ലപ്പെട്ടു’വെന്ന് കരുതിയിരുന്ന റഫീക്കാബീവി ജീവനോടെ അക്കൂട്ടത്തിലുണ്ടായിരുന്നു.
എന്റെ അമ്മയെ കാണുന്നില്ല!
ഈ സമയത്താണ് റഫീക്കാബീവി താമസിച്ചിരുന്ന വീടിന്റെ തൊട്ടു താഴെയുള്ള വീട്ടിലെ അമ്മയെ കാണുന്നില്ലെന്ന പരാതിയുമായി മകൻ ഇൻസ്പെക്ടർക്ക് മുന്നിലെത്തിയത്. മകൻ സനൽകുമാർ കുറച്ചു മാറിയാണ് താമസിക്കുന്നത്. 75കാരിയായ അമ്മ ശാന്താകുമാരി തനിച്ചാണ് തറവാട് വീട്ടിൽ കഴിഞ്ഞിരുന്നത്.
മികച്ച സാന്പത്തിക, സാമൂഹിക പശ്ചാത്തലമുള്ള ശാന്താകുമാരിയുടെ ഭർത്താവിന്റെ അസ്ഥിത്തറയിൽ ദിവസവും വിളക്കുവയ്ക്കണമെന്നുള്ളതിനാലാണ് അവർ ആ വീട്ടിൽതന്നെ താമസിച്ചത്. ശാന്താകുമാരിയുടെ മകൾ ശ്രീകല ഹൈദരാബാദിലാണ് കുടുംബസമേതം താമസിക്കുന്നത്. സനൽകുമാർ എന്നും അമ്മയ്ക്ക് ഭക്ഷണവുമായി എത്തുമായിരുന്നു.
മകരവിളക്ക് ദിവസം രാവിലെ അമ്മയ്ക്ക് ഭക്ഷണവുമായി എത്തിയെങ്കിലും വീട് പുറത്തുനിന്ന് പൂട്ടിയിരുന്നു. അമ്മ അന്പലത്തിൽ പോയിരിക്കാമെന്നു കരുതി മകൻ തിരിച്ചു പോയി.
റഫീക്കാബീവി താമസിച്ചിരുന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞ സമയത്താണ് പ്രദേശവാസികൾ ശാന്താകുമാരിയുടെ വീട്ടിൽ ലൈറ്റ് ഒന്നും കാണുന്നില്ലെന്നും വീട് അടഞ്ഞു കിടക്കുകയാണെന്നുമുള്ള വിവരം മകനെ അറിയിച്ചത്.
തുടർന്നാണ് അദ്ദേഹം പരാതിയുമായി ഇൻസ്പെക്ടർക്കു മുന്നിലേക്ക് വന്നത്. കൊല്ലപ്പെട്ടത് ശാന്താകുമാരി ആയിരിക്കുമെന്ന സംശയം ഇതോടെ പോലീസിനു ബലപ്പെട്ടു.
പുളി പറക്കാനെത്തി കൊലയ്ക്കിരയായി
ഇൻസ്പെക്ടർ പ്രജീഷിനു മുന്നിലേക്ക് പ്രതികളുമായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെത്തി. തുടർന്ന് ഇൻസ്പെക്ടർ പ്രതികളെ വിശദമായി ചോദ്യം ചെയ്തു തുടങ്ങി. പ്രതികൾ ആദ്യം കൊലയുമായി തങ്ങൾക്കു ബന്ധമില്ലെന്നു തറപ്പിച്ചു പറഞ്ഞു.
എന്നാൽ സാഹചര്യ തെളിവുകൾ നിരത്തി ഇൻസ്പെക്ടർ പ്രജീഷ് വിശദമായി ചോദ്യം ചെയ്തതോടെ അവർക്ക് കൂടുതൽ നേരം പിടിച്ചു നിൽക്കാനായില്ല. ശാന്താകുമാരിയുടെ ആഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. കൊലപാതക ദിവസം നടന്ന സംഭവങ്ങൾ പ്രതികൾ വിശദീകരിച്ചു.
പ്രതികൾക്ക് പ്രദേശവാസികളുമായി അടുപ്പമൊന്നും ഇല്ലായിരുന്നു. എന്നാൽ കൊല്ലപ്പെട്ട ശാന്താകുമാരി എല്ലാവരോടും നല്ല സൗഹൃദം പുലർത്തിയിരുന്ന സാധു സ്ത്രീയായിരുന്നു. റഫീക്കാബീവി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ വലിയ പുളിമരത്തിൽനിന്നായിരുന്നു ശാന്താകുമാരി വർഷങ്ങളായി പുളി പെറുക്കി വീട്ടാവശ്യത്തിനായി ഉപയോഗിച്ചിരുന്നത്.
പുതിയ വാടകക്കാർ എത്തിയെങ്കിലും ആ പതിവ് തുടർന്നു. അങ്ങനെ നിത്യവും പുളി പെറുക്കുന്നതിനിടെയാണ് റഫീക്കാബീവിയുമായി സൗഹൃദത്തിലായത്. ശാന്താകുമാരി തന്റെ മക്കളെക്കുറിച്ചും കുടുംബ പശ്ചാത്തലവുമൊക്കെ ഇവരുമായി എന്നും സംസാരിച്ചിരുന്നു.
ജീവിക്കാനുള്ള വരുമാനം കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്ന റഫീക്കാബീവിയും അൽ അമീനും ശാന്താകുമാരിയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളിൽ കണ്ണുവച്ചു.
തുടരും