പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
എസ്. മഞ്ജുളാദേവി
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിനാർ നടക്കുകയാണ്. പ്രശസ്ത ചലച്ചിത്ര ഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം ഗിരീഷ് പുത്തഞ്ചേരിയുടെ ചില പാട്ടുകളെ വിമർശിച്ച് പ്രസംഗിക്കുന്നു.
ഹാളിനുള്ളിലേക്ക് പെട്ടെന്ന് ഗിരീഷ് പുത്തഞ്ചേരി കടന്നുവന്നു. ഹാളിലുണ്ടായിരുന്ന ജനം ചിരിക്കാൻ തുടങ്ങി. ഒരു നിമിഷം ടി.പി. ശാസ്തമംഗലം ഗിരീഷ് പുത്തഞ്ചേരിയെ നോക്കി. ഒരു ഭാവവ്യത്യാസവുമില്ലാതെ ഗിരീഷ് പുത്തഞ്ചേരി പ്രഭാഷകനോട് തുടർന്നുകൊള്ളാൻ ആംഗ്യം കാട്ടി.
പ്രസംഗവേദിയിലാണെങ്കിലും എഴുത്തിലാണെങ്കിലും മുഖം നോക്കാതെ വിമർശിക്കുന്ന ടി.പി.ശാസ്തമംഗലം വാക്കുകൾ ഒട്ടും മിനുസപ്പെടുത്താതെതന്നെ പ്രസംഗം തുടർന്നു. തന്നെ വിമർശിക്കുന്നത് കേട്ടുകൊണ്ട് ഹാളിന്റെ ഒരു ഒഴിഞ്ഞ കോണിലെ കസേരയിൽ ഗിരീഷ് പുത്തഞ്ചേരി ഇരുന്നു.
നിരൂപകന്റെ പ്രസംഗം കഴിഞ്ഞപ്പോൾ സംഘാടകർ ഗിരീഷ് പുത്തഞ്ചേരിയോട് പ്രസംഗിക്കാൻ ആവശ്യപ്പെട്ടു. പതിയെ വേദിയിൽ കയറി വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു- ""ശാസ്തമംഗലത്തിന് എന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ ഉള്ളിൽ തോന്നുന്നത് അദ്ദേഹത്തിന് പറയാം, എഴുതാം. അതുപോലെ എന്റെ മനസിൽ വരുന്ന വരികൾ എഴുതാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ട്.''
ഇത് പറഞ്ഞ് പുഞ്ചിരിയോടെ പുത്തഞ്ചേരി ടി.പി.ശാസ്തമംഗലത്തെ നോക്കി. അതായിരുന്നു ഗിരീഷ് പുത്തഞ്ചേരിയും ടി.പി.ശാസ്തമംഗലവും തമ്മിലുള്ള സ്നേഹസൗഹൃദം. ഈ അപൂർവ സൗഹൃദത്തെ കുറിച്ച് ഗാന നിരൂപകൻ പറയുന്നത് ഇങ്ങനെ- ""എന്റെ പ്രകൃതവും തുറന്നെഴുത്ത് രീതിയും ഗിരീഷിന് അറിയാമായിരുന്നു.
ഗിരീഷിന്റെ ചില ഗാനങ്ങളെ ഞാൻ എന്തുകൊണ്ട് വിമർശിച്ചുവെന്ന് എന്നോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഞങ്ങൾ കണ്ടുമുട്ടുന്പോൾ ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമാഗാനങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നത്.
ഗിരീഷിന്റെ നല്ല ഗാനങ്ങളെ നല്ലതെന്ന് തന്നെ ഞാൻ എഴുതുമെന്ന് അറിയാമായിരുന്നതുകൊണ്ടാവാം എന്റെ വിമർശനങ്ങളെക്കുറിച്ച് ചോദിക്കാതിരുന്നത്. ഞാൻ ഗിരീഷിനെ വിമർശിച്ച് ധാരാളം എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്ന കാലത്ത് തന്നെ ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധം ഉണ്ടായിരുന്നു.''
ടി.പി. ശാസ്തമംഗലം വിമർശിച്ചിരുന്ന പുത്തഞ്ചേരിയുടെ പ്രശസ്ത ഗാനങ്ങളിലൊന്നാണ് "മൗലിയിൽ മയിൽപ്പീലി ചാർത്തി, മഞ്ഞപ്പട്ടാംബരം ചാർത്തി.' ഗിരീഷ് പുത്തഞ്ചേരി രചിച്ച് രവീന്ദ്രൻ ഈണം നൽകി കെ.എസ്. ചിത്ര ആലപിച്ച മനോഹരഗാനമാണിത്.
ആസ്വാദക ലക്ഷം നെഞ്ചേറ്റിയ ഗാനത്തിലെ പല്ലവിയിലെ ആദ്യ രണ്ട് വരികളും "ചാർത്തി' എന്നവസാനിക്കുന്നത് അത്ര ഭംഗിയല്ല എന്ന് ടി.പി. ശാസ്തമംഗലം പറയുന്നു. മൗലിയിൽ അതായത് ശിരസിൽ മയിൽപ്പീലി ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണചിത്രം മനോഹരം തന്നെയാണ്. എന്നാൽ ഭഗവാൻ മഞ്ഞ വസ്ത്രം ചാർത്തി എന്നതിനു പകരം ചുറ്റി എന്നെഴുതുന്നതായിരുന്നു നല്ലത്.
"ചുറ്റി' എന്ന വാക്കിന്റെ ഭംഗി അറിയാൻ വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന വസുമതി... ഋതുമതി എന്ന ഗാനം ടിപി ഉദാഹരിക്കുന്നു. പാട്ടിന്റെ ചരണം തുടങ്ങുന്നത് "ശുഭ്രപട്ടാംബരം ചുറ്റി, ഒരു സ്വപ്നാടകയെപ്പോലെ' എന്ന വരികളോടെയാണ്.
അതുപോലെ നഖക്ഷതങ്ങളിലെ "മഞ്ഞൾ പ്രസാദവും'...എന്ന ഹിറ്റ് ഗാനത്തിന്റെ തുടക്കത്തിൽ തന്നെ ഒഎൻവി എഴുതുന്നത്- "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞ കുറിമുണ്ടും ചുറ്റി'... എന്നാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ മൗലിയിൽ മയിൽപ്പീലി ചാർത്തി.. എന്ന ഗാനത്തിലെ ഈ അഭംഗിയെക്കുറിച്ച് ടിപി എഴുതിയിട്ടുമുണ്ട്.
അതുപോലെ മീശമാധവനിലെ എന്റെ എല്ലാമെല്ലാമല്ലേ.. എന്ന ഗാനത്തെ നിശിതമായിത്തന്നെ ടിപി നേരിട്ടിരുന്നു. കൂർത്തനഖവും ഭയാനകമായ കൊക്കുമുള്ള പരുന്തിനോട് അതിസുന്ദരിയായ നായികയെ ഉപമിച്ചത് ശരിയായില്ല എന്ന ടിപിയുടെ വാദങ്ങൾ അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ആ സമയത്തും ഗിരീഷുമായുള്ള നല്ല സൗഹൃദത്തിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല.
ടി.പി.ശാസ്തമംഗലം വളരെ ഇഷ്ടപ്പെടുന്ന പുത്തഞ്ചേരിയുടെ ഗാനങ്ങളുമുണ്ട്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ "പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം' ... എന്ന ഗാനം ടി.പി.ശാസ്തമംഗലത്തിന്റെ ഇഷ്ടഗാനമാണ്. അതുപോലെ ദേവാസുരത്തിലെ "സൂര്യകിരീടം വീണുടഞ്ഞു... 'എന്ന ഗാനവും ഏറെ പ്രിയതരം.
അഗ്നിദേവൻ എന്ന സിനിമയിലെ "അക്ഷരനക്ഷത്രം കോർത്ത ജപമാലയും'... നന്ദനത്തിലെ "കാർമുകിൽ വർണന്റെ ചുണ്ടിൽ'..., ബാലേട്ടനിലെ "ഇന്നലെ എന്റെ നെഞ്ചിലെ'..., കഥാവശേഷനിലെ "കണ്ണും നട്ട് കാത്തിരുന്നിട്ടും'..., ചിന്താവിഷ്ടയായ ശ്യാമളയിലെ "മച്ചകത്തമ്മയെ'... തുടങ്ങിയ പുത്തഞ്ചേരി ഗാനങ്ങൾ ടിപിയുടെ ഇഷ്ടഗാനങ്ങളിൽ ഉൾപ്പെടും. ഗാനനിരൂപണത്തിനപ്പുറമുള്ള ഒരു ബന്ധമായിരുന്നു ഇരുവർക്കുമിടയിലുണ്ടായിരുന്നത്.
ടിപിയുടെ വാക്കുകൾ- ""തിരുവനന്തപുരത്ത് വരുന്പോൾ എല്ലാം ഗിരീഷ് എന്നെ വിളിക്കുകയും ഞങ്ങൾ കണ്ടുമുട്ടുകയും ചെയ്യുമായിരുന്നു. അവസാനനിമിഷം വരെ അത് തുടർന്നു. ഗിരീഷ് മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുന്പ് അതായത് 2010 ഫെബ്രുവരി ആദ്യം ഞങ്ങൾ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നു.
ബനാറസ് എന്ന സിനിമയുടെ ഗാന സിഡിയുടെ പ്രകാശന ചടങ്ങിന് എത്തിയതായിരുന്നു ഗിരീഷ്. എന്നെ കണ്ടയുടനെ അടുത്ത് വന്ന് വലിയ സന്തോഷം പ്രകടിപ്പിച്ചു. ഗിരീഷിന് മൊബൈൽ ഫോൺ കിട്ടിയെന്ന് പറഞ്ഞ് മൊബൈൽ നന്പർ ഒരു ചെറിയ കടലാസിൽ എഴുതി എന്റെ ഷർട്ടിന്റെ പോക്കറ്റിലിട്ട് തന്നു.
ഗിരീഷിന്റെ വീട്ടിലേക്കുള്ള ക്ഷണം ഞാൻ സന്തോഷപൂർവം സ്വീകരിക്കുകയും ചെയ്തു. എന്നാൽ അടുത്ത ദിവസങ്ങളിലാണ് ഗിരീഷ് രോഗബാധിതനായി ആശുപത്രിയിലാകുന്നതും വിട പറഞ്ഞുപോകുന്നതും..! ഞങ്ങളുടെ അവസാന കാഴ്ചയായിരുന്നു അതെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല.