റിപ്പോർട്ട്: എസ്. മഞ്ജുളാദേവി
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ഫോണെടുക്കാൻ വീട്ടിൽ സഹായികളുണ്ടെങ്കിലും മിക്കപ്പോഴും ഉമ്മൻചാണ്ടി തന്നെ ഫോണെടുക്കും. ഫോണെടുത്തപ്പോൾ അങ്ങേത്തലയ്ക്കൽ ഒരു മത്സ്യത്തൊഴിലാളിയാണ്.
ശ്രീലങ്കൻ കടൽത്തീരവുമായി ബന്ധപ്പെട്ടുള്ള എന്തോ പ്രശ്നം സംസാരിക്കുവാൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെ സഹായിയായ വിനോദിനെയാണ് വിളിച്ചയാൾ അന്വേഷിക്കുന്നത്. പ്രശ്നത്തിന്റെ സൂചന കേട്ട ഉമ്മൻ ചാണ്ടി ""ഞാൻ ഉമ്മൻ ചാണ്ടിയാണ് എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞ്ഞുകൊള്ളൂ'' എന്നായി.
ഫോൺ വിളിച്ചയാൾക്ക് ആ പ്രതികരണം അത്രയ്ക്കങ്ങ് രസിച്ചില്ല. അൽപ്പം നീരസത്തോടെ ആൾ പറഞ്ഞു ""വിനോദിന് ഫോൺ കൊടുക്കൂ...നിങ്ങൾ വിചാരിച്ചാൽ എന്റെ പ്രശ്നം തീരില്ല. വിനോദിനേ കാര്യങ്ങൾ മനസിലാകൂ.''
കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സഹായഹസ്തം നീട്ടിനിൽക്കുന്നതെന്ന് മനസിലാകാത്ത മത്സ്യത്തൊഴിലാളി വീണ്ടും ഫോൺ വിനോദിന് കൈമാറാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിനോദിനെ വിളിച്ച് ഫോൺ കൈമാറി.
ഒരു സാധാരണ ഗൃഹനാഥനെ പോലും ചൊടിപ്പിക്കുന്ന ഈ സന്ദർഭത്തിൽ ആണ് കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇങ്ങനെ സൗമ്യതയോടെ പെരുമാറിയത്. മാത്രമല്ല പിന്നീട് പലപ്പോഴും പൊട്ടിച്ചിരിയോടെയാണ് അദ്ദേഹം ഈ സംഭവം മറ്റുള്ളവരോട് പറഞ്ഞിരുന്നതും.
ഞാൻ ഉമ്മൻ ചാണ്ടി തന്നെയാണ് എന്ന് എത്ര പറഞ്ഞിട്ടും ക്ഷുഭിതനായ ആളെക്കുറിച്ച് പറയുന്പോൾ ഉമ്മൻ ചാണ്ടി ചിരിക്കുമായിരുന്നു. നീണ്ട 17 വർഷം ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ഉണ്ടായിരുന്ന അക്യുപ്രഷർ തെറാപ്പിസ്റ്റ് എം.സാം ജോണിന്റെ ഓർമയിൽ ഉള്ള അനുഭവമാണിത്.
നർമം നന്നായി ആസ്വദിക്കുന്ന ഉമ്മൻ ചാണ്ടിയെ അധികം പേർക്കും അറിയില്ലെന്ന് സാം ജോൺ പറയുന്നു. ""ഉമ്മൻ ചാണ്ടി സാറിനെപ്പോലെ ഇത്രയും നന്മയുള്ള, ലാളിത്യമുള്ള ഒരു രാഷ്ട്രീയ നേതാവ് എന്നല്ല മനുഷ്യൻ വേറെയുണ്ടോയെന്ന് സംശയമാണ്. ജീവിതാവസാനം വരെ ആ ഹൃദയനന്മയും വിനയവും അദ്ദേഹം സൂക്ഷിച്ചിരുന്നു.
പുതുപ്പള്ളിയിൽ എത്തുന്പോൾ അദ്ദേഹം താമസിച്ചിരുന്നത് സഹോദരന്റെ വീട്ടിലായിരുന്നു. അവസാന നാളുകളിലാണ് സ്വന്തമായി ഒരു വീട് പുതുപ്പള്ളിയിൽ വയ്ക്കാൻ തയാറായത്. എംഎൽഎമാർക്ക് അനുവദിച്ചിട്ടുള്ള ഹൗസിംഗ് ലോണിൽ നിന്നുള്ള തുക കൊണ്ട് വീട് പണിയാം എന്നദ്ദേഹം പറഞ്ഞിരുന്നു.''
2006ൽ ദാവോസിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് ഇടുപ്പെല്ല് പൊട്ടിയ സമയത്ത് മുൻ മന്ത്രി ബേബി ജോണിന്റെ ഭാര്യ അന്നമ്മ ബേബി ജോൺ ആണ് സാം ജോണിന്റെ കാര്യം മറിയാമ്മ ഉമ്മൻ ചാണ്ടിയോട് പറയുന്നത്.
അവസാന അഞ്ചുവർഷക്കാലം സാം ജോൺ ബേബി ജോണിന് അക്യുപ്രഷർ ചികിത്സ നൽകിയിരുന്നു. ഉമ്മൻ ചാണ്ടി അനുഭവിച്ചിരുന്ന അസഹ്യമായ വേദനയ്ക്ക് അന്ന് അക്യുപ്രഷർ ചികിത്സ കൊണ്ട് ശമനം ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയായിരിക്കുന്പോൾ തന്നെ കാലുകൾ നിലത്തൂന്നുവാൻ കഴിയാത്ത വേദന വന്ന സമയത്തും സാം ജോൺ അക്യുപ്രഷർ നടത്തി ആശ്വാസം നൽകിയിരുന്നു. മറിയാമ്മ ഉമ്മൻചാണ്ടിക്ക് പക്ഷാഘാതത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾക്കും സാം ജോൺ അക്യുപ്രഷർ ചികിത്സ നൽകിയിരുന്നു.
അക്കാലത്ത് തുടങ്ങിയ ആത്മബന്ധം ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകൾ വരെ നീണ്ടു. 2023 മേയ് മുതൽ ജൂലൈ വരെ ബംഗളൂരുവിലും സാം ജോൺ ഒപ്പമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ- ""ബംഗളൂരു ആശുപത്രിയുടെ ഇടനാഴിയിലൂടെ വളരെ ക്ഷീണിതനായി വീൽചെയറിൽ നീങ്ങുന്പോഴും ദൂരെ മാറി നിൽക്കുന്ന ജനങ്ങളെ കണ്ടാൽ ഉമ്മൻ ചാണ്ടി സാറിന്റെ മുഖം തിളങ്ങും.
ജനങ്ങളെ നെഞ്ചേറ്റിയ മുഖ്യമന്ത്രിയുടെ, രാഷ്ട്രീയ നേതാവിന്റെ എല്ലാ സ്നേഹക്കരുതലും ഒരു നിമിഷം കൊണ്ട് ആ മുഖത്ത് നിറഞ്ഞു തുളുന്പും. ഡോക്ടർമാർ കർശന നിർദേശം നൽകിയാലും ദൂരെ മാറി നിൽക്കുന്ന രോഗികളെ, നഴ്സുമാരെ, നഴ്സിംഗ് വിദ്യാർഥികളെ അടുത്തേക്ക് കൈകാട്ടി വിളിച്ച് ഹസ്തദാനം നൽകുമായിരുന്നു.
ട്രക്കിയോസ്റ്റമി കഴിഞ്ഞ ആളാണ് ഉമ്മൻ ചാണ്ടി സാർ. ഗുരുതരമായ രോഗാവസ്ഥയിലുമാണ്. ഇൻഫെക്ഷൻ വരാതെ ശ്രദ്ധിക്കണം. അതിനാൽ ജനങ്ങളുമായി യാതൊരുവിധ സന്പർക്കവും പാടില്ല എന്ന ഡോക്ടർമാരുടെ നിർദേശവുമുണ്ടായിരുന്നു. രക്തം നൽകുവാൻ കൊണ്ടുപോകുന്ന സമയത്ത് പോലും അദ്ദേഹം ഈ നിർദേശങ്ങളെല്ലാം മറക്കും.
ബംഗളൂരു ആശുപത്രിയിൽ അഡ്മിറ്റല്ലാത്ത സമയത്ത് കർണാടകയിലെ മുൻ മന്ത്രി പരേതനായ ടി.ജോണിന്റെ വീട്ടിലായിരുന്നു താമസം. വൈകുന്നേരങ്ങളിൽ നഗരത്തിലൂടെ കാറിൽ യാത്ര ചെയ്യാൻ അദ്ദേഹത്തിന് വലിയ താൽപ്പര്യമായിരുന്നു.
വളരെ സാവധാനമാണ് കാർ നീങ്ങുക. രോഗാണു വിമുക്തമായ ശീതികരിച്ച കാറിൽ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടിയും കുടുംബവും വളരെ കരുതലോടെയാണ് അദ്ദേഹത്തെ കൊണ്ടുപോയിരുന്നത്.
റോഡും ആൾക്കൂട്ടവും കാണുന്പോൾ ഉമ്മൻ ചാണ്ടി സാറിൽ പഴയ ഉന്മേഷം മടങ്ങിയെത്തുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു നിന്നിട്ടുണ്ട്.''