മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
ഇ. അനീഷ്
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കരുതുന്നവരുടെ കാലംകഴിഞ്ഞു. നഷ്ടപ്പെട്ടവരുടെ ഫോണ്‍ വീണ്ടെടുത്തു നല്കുന്ന സംഭവങ്ങള്‍ സാധാരണമായി വരുന്നതായാണ് കേരള പോലീസ് വ്യക്തമാക്കുന്നത്.
പരാതി കൃത്യമായി നല്കിയാല് നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ നിങ്ങളുടെ പക്കല്‍തന്നെ തിരികേ എത്തുമെന്നാണ് സൈബര്‍ വിഭാഗം പറയുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും അടങ്ങുന്നതാണ് ഇപ്പോൾ ഫോണ്‍...
അത് നഷ്ടപ്പെട്ടാല്‍ ഇത്രയധികം ടെന്‍ഷന്‍ നല്കുന്ന സംഭവം വേറെയില്ല. എന്നാല്‍ കാലം മാറിയതോടെ സാങ്കേതിക വിദ്യക്കൊപ്പം കട്ടവരെ കുടുക്കാനുള്ള സംവിധാനവും നിലവില്‍വന്നു.
ഫോണുകള്‍ കണ്ടെത്തി തരും
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ സെന്റര്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഐഇആര്‍) വെബ്സൈറ്റ് മുഖാന്തരം കണ്ടെത്തി നല്കി മികവുകാട്ടുകയാണ് പോലീസ്. ഒരുവര്‍ഷത്തിനിടെ കോഴിക്കോട് ടൗണ്‍ പോലീസ് ഡിവിഷന് പരിധിയിലെ വിവിധ സ്റ്റേഷനുകള്‍ക്ക് കീഴില്‍ മോഷണം പോയതും നഷ്ടപ്പെട്ടതുമായ 250 ഓളം ഫോണുകളാണ് ഇത്തരത്തില്‍ കണ്ടെത്തിത്.
സിഐഇആറില് രജിസ്റ്റര്‍ചെയ്താല്‍ നഷ്ടപ്പെട്ട മൊബൈല്‍ഫോണുകള്‍ മറ്റാരെങ്കിലും ഏതുതരത്തില്‍ ഉപയോഗിച്ചാലും കണ്ടുപിടിക്കാന്‍ സാധിക്കും. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിം കാര്‍ഡുകളുടെ മൊബൈല്‍ നമ്പര്‍, 15 അക്ക ഐഎംഇഐ നമ്പര്‍ നമ്പര്‍, ഇന്‍വോയ്സ് തുടങ്ങിയവ പോലീസിനു കൈമാറണം.
ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് പരാതിയുടെ ഡിജിറ്റല്‍ പകര്‍പ്പും വേണം. യഥാ വിധം പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയാല്‍ കണ്ടെത്തല്‍ വേഗത്തിലാകും. അപേക്ഷ നല്കിയാല് റിക്വസ്റ്റ് ഐഡി ലഭിക്കും.
ഇതുപയോഗിച്ച് ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പായോ എന്ന് പരിശോധിക്കാം. പോലീസ് ഫോണ്‍ പിന്തുടര്ന്ന് കണ്ടെത്തി നിലവില്‍ ഉപയോഗിക്കുന്ന ആളെയാണ് വിവരം അറിയിക്കുക. വിളി സ്റ്റേഷനില്നിന്നാകുന്നതോടെ ഭൂരിപക്ഷം പേരും ഫോണ്‍ പോലീസിനു തിരിച്ചുനല്‍കും.
പലതും മോഷ്ടാക്കള്‍ തന്നെ സ്റ്റേഷനില്‍ അയച്ചുനല്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 3,527 പരാതിയാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ 600 ഫോണുകള്‍ കണ്ടെത്തി ഉടമകള്‍ക്ക് കൈമാറി. 926 ഫോണുകള്‍ പോലീസ് പിന്തുടരുന്നുണ്ട്.
ആദ്യം ചെയ്യേണ്ടത്
പോലീസില്‍ പരാതി നല്‍കുക എന്ന പ്രാഥമിക കാര്യമാണ് നമ്മള് നിര്‍വഹിക്കേണ്ടത്. പരാതിയിൽ ഫോണിന്റെ ഐഎംഇഐ നമ്പർ കൃത്യമായി നൽകണം. സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക.
ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ ആവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ആകുന്നതാണ്. അതുപോലെ ഫോൺ നമ്പർ ദൂരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാനാകും.
ഗൂഗിള്‍ അക്കൗണ്ട് വെറുതേയല്ല
നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യുക എന്നതും പ്രധാനപ്പെട്ടതാണ്.ഇതിനായി https://www.google.com/android/find/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ഈ പേജിൽ ലോഗിൻ ചെയ്യുക.
ഇതുവഴി ഫോൺ റിംഗ് ചെയ്യിക്കാനും ലോക്ക് ചെയ്യാനും സാധിക്കും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പുർണമായി ഡിലീറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്താല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു.
ബാങ്ക് അക്കൗണ്ട്, പാസ്വേർഡ് എന്നിങ്ങനെയുള്ള സ്വകാര്യവിവരങ്ങൾ ഫോണിൽ സുക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ സർക്കാർ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല.
ഫോൺ തിരിച്ചുകിട്ടിയാൽ ചെയ്യേണ്ടത്
ബ്ലോക്ക് ചെയ്ത ഫോൺ തിരിച്ചുകിട്ടിയാൽ www.ceir.gov.in വെബ്സൈറ്റിലൂടെ തന്നെ ഫോൺ അൺബ്ലോക്ക് ചെയ്യാം. വെബ് സൈറ്റിൽ അതിനായുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം.
അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിം കാർഡ് ഇട്ട് ഉപയോഗിക്കാൻ സാധിക്കും. ഫോണിലെ ഐഎംഇഐ നമ്പറുകൾ എങ്ങനെ കണ്ടെത്താം? രണ്ട് സിംകാർഡ് സ്ലോട്ടുകളുള്ള ഫോണുകൾക്ക് രണ്ട് ഐഎംഇഐ നമ്പറുകളുണ്ടാവും.
ഇത് സാധാരണ ഫോണിന്റെ പാക്കേജിന് പുറത്ത് രേഖപ്പെടുത്താറുണ്ട്. സിം1, സിം2 എന്നിങ്ങനെ വേർതിരിച്ച് അതിൽ കാണാം. പാക്കേജ് ബോക്സ് ഇതിനായി സൂക്ഷിക്കണം. ഫോൺ വാങ്ങിയ ഇൻവോയ്സിലും ഐഎംഇഐ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടാവും.
ഫോൺ നഷ്ടപ്പെടുമ്പോൾ ഈ നമ്പറുകൾ ഉപകരിക്കുന്നതാണ്. ഇതിനാൽ ഇത് സൂക്ഷിച്ചുവയ്ക്കണം. ഫോണിൽ നിന്ന് *#06# എന്ന് ഡയൽ ചെയ്താൽ ഐഎംഇഐ നമ്പറുകൾ കാണാൻ സാധിക്കും.