“റിക്കാർഡ് മോട്ടിവേഷൻ”
ഹരുണി സുരേഷ് വൈപ്പിൻ
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റിക്കാർഡിട്ട മാലിപ്പുറം സ്വദേശി മുഹമ്മദ് ഫലക്ക് നടന്നു കയറിയത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡിലേക്ക്. 14 വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച ഒരു തപസ്യക്കൊടുവിലാണ് 52 കാരനായ ഫലക്കിന് ഈ നേട്ടം കൈവരിക്കാനായത്.
നാളിതുവരെയുള്ള റിക്കാർഡ് ഡാറ്റാ ബേസിന്റെയും സൂക്ഷ്മപരിശോധനയുടെയും അടിസ്ഥാനത്തിൽ ഉള്ള നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ് അച്ചീവ്മെന്റ് അവാർഡ് നൽകിയിരിക്കുന്നത്.
നാട്ടിലും വിദേശത്തുമായി ബിസിനസ് നടത്തുന്ന ഈ യുവാവ് തന്റെ തിരക്കേറിയ ജീവിതത്തിനിടയിൽ സമയം കണ്ടെത്തിയാണ് ഈ നേട്ടം കൈവരിച്ചത്. തുടക്കം എസ്എംഎസിലൂടെയായിരുന്നു. 300 പേർക്കാണ് സന്ദേശമയച്ച് തുടങ്ങിയത്.
പിന്നീട് സമൂഹമാധ്യമങ്ങൾ വളർന്നതോടെ അതുവഴിയായി. അപ്പോഴാണ് ദിനം പ്രതിയുള്ള സ്വീകർത്താക്കൾ 5000 ത്തോളമായത്.
ദിനചര്യയായി സന്ദേശങ്ങൾ
എല്ലാ ദിവസവും പ്രഭാതത്തിൽ തന്റെ സുഹൃത്തുക്കൾക്കും വിവിധ സമൂഹമാധ്യമ കൂട്ടായ്മയിലേക്കും ഒരു ദിനചര്യയെന്നോണമാണ് ഇദ്ദേഹം സന്ദേശങ്ങൾ അയയ്ക്കുന്നത്. ജീവിത ഗന്ധിയായ മോട്ടിവേഷണൽ സന്ദേശങ്ങളാണ് എല്ലാം. ഇതാകട്ടെ നിരവധി പേരുടെ നിത്യ ജീവിതത്തിൽ ഉണർവും മാറ്റവും ഉണ്ടാക്കിയിട്ടുള്ളതായി പ്രതികരണങ്ങൾ ഉദ്ധരിച്ച് ഫലക്ക് അവകാശപ്പെടുന്നു.
തൊഴിലിടങ്ങളിലെ പിരിമുറുക്കം, വ്യക്തിജീവിതത്തിലെ മറ്റ് അസ്വസ്ഥതകൾ എല്ലാം മറന്ന് ആത്മവിശ്വാസത്തോടെ മുന്നേറാൻ ഉതകുന്ന ആയിരക്കണക്കിനു സന്ദേശങ്ങളാണ് ഫലക്കിന്റെ ദിവസേന അയയ്ക്കുന്നത്.
ഭാരത് സേവക് പുരസ്കാരം
കേരളത്തിലെവിടെയായാലും അടിയന്തിരമായി രക്തം വേണ്ടവർക്ക് എത്തിച്ചു കൊടുക്കുന്ന ഒരു സാമൂഹമാധ്യമ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കൂടിയാണ് ഫലക്ക്.
കൂടാതെ രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിച്ചും മറ്റുമുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചു വരുന്നു. ഇത്തരത്തിലുള്ള പൊതു പ്രവർത്തനങ്ങളെ മാനിച്ച് കഴിഞ്ഞ വർഷം ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
എറണാകുളം ജനറൽ ആശുപത്രി ജീവനക്കാരി ബാനു ബീവിയാണ് ഭാര്യ. മകൻ രാജഗിരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആദിൽ ബിൻ ഫലക്ക് സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോമിക് റൈറ്റർ ആണ്. ഫലക്ക് കുടുംബവുമൊരുമിച്ച് ഇപ്പോൾ കൊച്ചി മറൈൻ ഡ്രൈവിൽ ആണ് താമസം.