അന്ന് എസ്ഐ, ഇന്ന് എഡിഎം; കാസർഗോഡ് രാഷ്ട്രീയസമ്മർദത്തിന് ബലിയാടായത് എസ്ഐ
ശ്രീജിത് കൃഷ്ണൻ
ഡെപ്യൂട്ടി കളക്ടറായും എഡിഎം ആയും ഏറെക്കാലം കാസർഗോഡ് ജോലി ചെയ്തിട്ടുള്ള നവീൻ ബാബുവിന്റെ മരണവാർത്ത വായിക്കുമ്പോൾ ആറുമാസം മുമ്പുണ്ടായ സമാനമായ മറ്റൊരു ദുരന്തമായിരുന്നു കാസർഗോട്ടുകാർ വീണ്ടും ഓർത്തെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പ് നാളിൽ ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കും നേതാക്കളുടെ പിടിവാശിക്കും വിലയായി നല്കേണ്ടിവന്നത് അന്ന് ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന കെ. വിജയന്റെ ജീവനായിരുന്നു.
പോലീസ് ക്വാർട്ടേഴ്സിൽവച്ച് വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വിജയൻ ഒരാഴ്ചയ്ക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് മരിച്ചത്. ജോലിസമ്മർദം താങ്ങാനാകാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു മികച്ച പോലീസുദ്യോഗസ്ഥനായി അറിയപ്പെട്ടിരുന്ന വിജയന്റെ മരണമൊഴി.
വടക്കൻ ജില്ലകളിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരുമായ സ്ത്രീകളുൾപ്പെടെ കള്ളവോട്ടുകൾ ചെയ്യാറുണ്ടെന്ന ആക്ഷേപം എതിരാളികൾ സ്ഥിരമായി ഉയർത്തുന്നതാണ്.
മിക്കവാറും എല്ലാ വാർഡുകളും എൽഡിഎഫിന് തന്നെ കിട്ടുന്ന പഞ്ചായത്താണ് ബേഡഡുക്കയെങ്കിലും പല ബൂത്തുകളിലും ശക്തമായ സാന്നിധ്യമാകാൻ കോൺഗ്രസിന് കഴിയാറുണ്ട്.
അക്രമം ഭയന്ന് സിപിഎം ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളിൽ യുഡിഎഫ് ഏജന്റായി ഇരിക്കാൻ സാധാരണ പ്രവർത്തകർ മടിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം അടക്കമുള്ള നേതാക്കൾ തന്നെ ബൂത്ത് ഏജന്റുമാരായി ഇരുന്നത്.
കള്ളവോട്ട് ചെയ്യാനെത്തിയ ഏതാനും സ്ത്രീകളെ ഉനൈസ് തിരിച്ചറിഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കമെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്ഐ നേതാവുമായ എം. ധന്യയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ സ്ഥലത്തെത്തി.
ഉനൈസും ധന്യയും തമ്മിൽ ഏറെനേരം വാക്കേറ്റവും പ്രവർത്തകർക്കിടയിൽ സംഘർഷവുമുണ്ടായി. പോലീസ് ഇടപെട്ടാണ് ഇരു വിഭാഗങ്ങളെയും പിന്തിരിപ്പിച്ചത്. ഇതിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി ഉനൈസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ധന്യ ബേഡകം സ്റ്റേഷനിൽ പരാതി നല്കുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഉനൈസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസിനു മേൽ സിപിഎം നേതാക്കളുടെ കടുത്ത സമ്മർദമുണ്ടായതായും പറയപ്പെടുന്നു. എന്നാൽ, സ്ഥലത്ത് രാഷ്ട്രീയ സംഘർഷമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ വിജയന്റെ നിലപാട്.
അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള സമ്മർദം മറിച്ചായിരുന്നു. കള്ളവോട്ട് തടഞ്ഞതിലുള്ള പക തീർക്കാനാണ് ഉനൈസിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നതെന്നാരോപിച്ച് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ സമരവും നടത്തി.
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനുൾപ്പെടെ പ്രവർത്തകർക്ക് പിന്തുണയുമായെത്തി. സിപിഎമ്മിന്റെ സമ്മർദത്തിനു വഴങ്ങി ഉനൈസിനെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ ഉപരോധമുൾപ്പെടെ നടക്കുമെന്ന നിലയായി.
ഏപ്രിൽ 29ന് ഈ സംഘർഷാവസ്ഥയ്ക്കിടയിലാണ് ക്വാർട്ടേഴ്സിലേക്കു പോയ എസ്ഐ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ വിജയനെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മംഗളൂരുവിലെയും കൊച്ചിയിലേയും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ വിജയൻ മേയ് അഞ്ചിന് മരണത്തിനു കീഴടങ്ങി. എസ്ഐയുടെ ആത്മഹത്യാശ്രമം അറിഞ്ഞതോടെ രാഷ്ട്രീയ സംഘർഷത്തിനും നേതാക്കളുടെ പിടിവാശിക്കും അയവു വന്നിരുന്നു.
മരണം സ്ഥിരീകരിച്ചതോടെ കള്ളക്കേസെടുക്കാൻ രാഷ്ട്രീയ സമ്മർദമുണ്ടായതാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാരോപിച്ച് ആദ്യദിനങ്ങളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടന്നു.
ധന്യ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യമുയർന്നു. ജില്ലയിലെ പട്ടികവർഗ വിഭാഗമായ മറാത്തി സമുദായാംഗമായ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടികവർഗ സംഘടനകളും സമരരംഗത്തിറങ്ങി.
പക്ഷേ പോലീസ് രേഖകളിൽ ഒരു സാധാരണ ആത്മഹത്യ മാത്രമായാണ് എസ്ഐയുടെ മരണം അടയാളപ്പെടുത്തിയത്. എസ്ഐയുടെ മരണത്തോടെ ഉനൈസിനെതിരേ സ്ത്രീപീഡനക്കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുൾപ്പെടെ വിസ്മൃതിയിലായി.
ധന്യയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും രാഷ്ട്രീയ സംഘർഷം മാത്രമാണ് ഉണ്ടായതെന്ന വിജയന്റെ അന്വേഷണ റിപ്പോർട്ട് ശരിവയ്ക്കുകയായിരുന്നു. അതോടെ ആ കേസും ഫലത്തിൽ അവസാനിച്ചു.
ഉനൈസും ധന്യയുമടക്കമുള്ള രാഷ്ട്രീയ നേതാക്കൾ അവരുടെ തിരക്കുകളിലേക്ക് മടങ്ങി. അകാലത്തിൽ കുടുംബനാഥനെ നഷ്ടമായ വിജയന്റെ കുടുംബത്തിന്റെ സങ്കടം മാത്രം ബാക്കിയായി. ഭാര്യ ശ്രീജയും മക്കൾ വിദ്യാർഥികളായ ആവണിയും അഭിജിത്തും ഇപ്പോഴും അച്ഛനെ ഓർത്ത് മനസു നീറി കഴിയുന്നു.