ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
സീമ മോഹന്‍ലാല്‍
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്കുന്ന ആള് മുംബൈ ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിക്കൊണ്ട് സംസാരം തുടങ്ങി. മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ഗൂഗിള്‍ പേ വഴി തെറ്റി അയ്യായിരം രൂപ യുവതിയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു ഹിന്ദിയിലുള്ള സംഭാഷണം.
അങ്ങനെ വരാന്‍ വഴിയില്ലല്ലോയെന്നു യുവതി പറഞ്ഞപ്പോള്‍ ലിങ്ക് അയച്ചിട്ടുണ്ട്, അതൊന്നു പരിശോധിച്ച് പണം തിരിച്ചിടണമെന്നു വളരെ സൗമ്യതയോടെ അങ്ങേത്തലയ്ക്കല്‍നിന്ന് ഉദ്യോഗസ്ഥന്റെ സംസാരം തുടര്‍ന്നു.
കോട്ടയം സ്വദേശിനി മെസേജുകള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു സന്ദേശം വന്നതായി കണ്ടു. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് കേട്ടിട്ടുള്ളതിനാല്‍ അവര്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ തുടര്‍ച്ചയായി മുംബൈ ആര്‍ടി ഓഫീസറുടെ കോളെത്തിയതോടെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്ന് യുവതി പറഞ്ഞു. അതോടെ ഉദ്യോഗസ്ഥന്റെ സംസാരം ഇംഗ്ലീഷിലായി.
പണം ഉടന്‍ തിരിച്ചിട്ടില്ലെങ്കില്‍ തുടര്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്ന ഭീഷണിപ്പെടുത്തലുമാണ് പിന്നീട് ഉണ്ടായത്. എന്നാല്‍ അതൊന്നു കാണട്ടെയെന്ന് യുവതി അറിയിച്ചതോടെ കോള്‍ കട്ടായി.
ഓണ്‍ലൈന്‍ പേമെന്റ് ആപ് വഴി അക്കൗണ്ടിലേക്ക് വരുന്ന തുകയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘം സജീവമാണെന്നതിന് തെളിവാണ് ഈ സംഭവം. കേരളം ഇന്ന് സൈബര്‍ തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറുകയാണ്.
വാടകയ്ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയും ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ വ്യാജ സന്ദേശം കൈമാറിയും തട്ടിപ്പിന്റെ പുതിയ മുഖം മലയാളിയെ വിടാതെ പിന്തുടരുകയാണ്. പണത്തോടുള്ള അത്യാര്‍ത്തി മൂലം ഏതു തട്ടിപ്പിനെയും ഇരു കൈയും നീട്ടി സ്വീകരിച്ച് പണം നഷ്ടമായവരുടെ എണ്ണവും കേരളത്തില്‍ കുറവല്ല.
പണം നല്‍കും മുമ്പേ...
ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീഴല്ലേയെന്നാണ് പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘങ്ങളുടെ മുന്നറിയിപ്പ്. അല്പം വിവേകത്തോടെ പെരുമാറിയാല്‍ കൈയിലെ പണം നഷ്ടമാകാതെയിരിക്കും. അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം ബാങ്കില്‍ വിളിച്ച് സ്ഥിരീകരിക്കാം.
ബാങ്കിന്റെ അംഗീകൃത മൊബൈല്‍ ആപ്പില്‍ നോക്കിയും പണം വന്നിട്ടുണ്ടോയെന്ന് ഉറപ്പിക്കാം. പണം അയച്ചതിന്റെ സ്ക്രീന്‍ ഷോട്ടില്‍ വിശ്വസിക്കരുത്. മിക്കവാറും ഇത് വ്യാജമായി നിര്‍മിച്ചതായിരിക്കും. സംശയം തോന്നിയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിന്റെ ടോള്‍ ഫ്രീ നമ്പറായ 1930ലോ വിളിച്ച് അന്വേഷിക്കാം.
പണം തിരിച്ചടയ്ക്കാന്‍ നല്കുന്ന ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിലെ പണവും ഫോണ്‍ വിവരങ്ങളും തട്ടിപ്പു സംഘങ്ങള്‍ കൈക്കലാക്കും.
ഇത് ദേശീയ സൈബര്‍ സുരക്ഷാ ബോധവത്കരണ മാസം
സൈബര്‍ മേഖലയിലെ സുരക്ഷാഭീഷണികള്‍ നേരിടുന്നതിന് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഈ മാസം ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസമായി ആചരിക്കുകയാണ്.
"നമ്മുടെ ലോകം സുരക്ഷിതമാക്കൂ' എന്നതാണ് ഈ വര്‍ഷത്തെ ആശയം. സൈബര്‍ സുരക്ഷയെപ്പറ്റി സ്വയം അറിയുകയും മറ്റുള്ളവരെ മനസിലാക്കികൊടുക്കുകയും വേണം. ഇതിനായി പോലീസ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങൾ ഇതാ...
സോഫ്റ്റ്വെയര് യഥാസമയം അപ്ഡേറ്റ് ചെയ്യുക. ഇതില്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ആന്റിവൈറസ് പ്രോഗ്രാമുകള്‍, നിങ്ങള്‍ ഉപയോഗിക്കുന്ന മറ്റേതെങ്കിലും ആപ്ലിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഡിജിറ്റല്‍ അക്കൗണ്ടുകളില്‍ ശക്തമായ പാസ്വേഡുകള് ഉപയോഗിക്കണം.
"password123' പോലെ എളുപ്പത്തില്‍ ഊഹിക്കാവുന്ന പാസ്വേഡുകളോ ജനനത്തീയതിയോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം, വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും, അക്കങ്ങള്‍, സ്പെഷല്‍ കാരക്ടറുകള്‍ എന്നിവ ചേര്‍ന്നുള്ള പാസ്വേര്ഡ് ഉപയോഗിക്കണം.
സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇ-മെയിലുകളും സന്ദേശങ്ങളും ഉപയോഗിക്കാം. ചിലപ്പോള്‍, തന്ത്രപ്രധാനമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് നിങ്ങളെ കബളിപ്പിക്കാന്‍ സൈബര്‍ കുറ്റവാളികള്‍ വിശ്വസ്തരായ സ്ഥാപനങ്ങളോ വ്യക്തികളോ ആയി ആള്‍മാറാട്ടം നടത്തും.
അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുത്. അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതിനുമുമ്പ് അയച്ചയാളുടെ ഐഡന്റിറ്റി പരിശോധിക്കണം.
ലോട്ടറി തട്ടിപ്പുകള്‍, വ്യാജ കസ്റ്റമര്‍ കെയര്‍ കോളുകള്‍, ഫിഷിംഗ് ഇ- മെയിലുകള്‍, ഇന്‍വെസ്റ്റ്മെന്റ് സ്കാം, ഫെഡെക്സ് സ്കാം എന്നിവ പോലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കരുതിയിരിക്കണം. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങളും ഫോണ്‍ കോളുകളും അവഗണിക്കുക.
ടു ഫാക്ടര്‍ ഓതന്റിക്കേഷന് പ്രവര്‍ത്തനക്ഷമമാക്കുക. അത് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് അധിക സുരക്ഷ നല്‍കും. ടുഫാക്ടര്‍ ഓതന്റിക്കേഷന് പ്രവര്‍ത്തനക്ഷമമാകുന്നതിലൂടെ സൈബര്‍ കുറ്റവാളികള്‍ക്ക് നിങ്ങളുടെ അക്കൗണ്ടുകള്‍ ആക്സസ് ചെയ്യുന്നത് പ്രയാസകരമാകും.
ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍, നിങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. സുരക്ഷിതമായ ചെക്ക്ഔട്ട് പേജുകളില്‍ മാത്രം നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കുക. പബ്ലിക് വൈഫൈ നെറ്റ്വര്ക്കുകളില് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നത് ഒഴിവാക്കണം.
നിങ്ങളുടെ ഒറ്റത്തവണ പാസ്വേഡുകള് (ഒടിപി) ആരുമായും പങ്കുവയ്ക്കരുത്. നിങ്ങളുടെ ഫോണില്‍ ഒടിപി ലഭിക്കുമ്പോള്‍, അവ നിങ്ങളുടെ സുരക്ഷാവിവരങ്ങള്‍ പോലെ പരിഗണിക്കണം. അക്കൗണ്ടുകളിലേക്ക് അനധികൃത ആക്സസ് നേടുന്നതിന് തട്ടിപ്പുകാര്‍ പലപ്പോഴും ഒടിപി ഉപയോഗിക്കും.